മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണ്‍ലൈനില്‍ മരുന്ന് വില്‍പന; 20 ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ഡിസിജിഐ
മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പന നടത്തിയെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടില്‍. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ഉള്‍പ്പെടെ 20 ഓളം കമ്പനികള്‍ക്കെതിരെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) നോട്ടീസ് നല്‍കിയത്. ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് 2018 ഡിസംബര്‍ 12-ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പരാമര്‍ശിച്ചുകൊണ്ടാണ് നടപടി. ഫെബ്രുവരി 8 തീയ്യതിയായി നല്‍കിയിരിക്കുന്ന നോട്ടീസില്‍ നടപടിയെടുക്കാതിരിക്കാന്‍ അറിയിപ്പ് ലഭിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലെ വ്യവസ്ഥകളും അതിനനുസരിച്ചുള്ള നിര്‍ദേശങ്ങളും നോട്ടീസില്‍ വ്യക്തമാക്കുന്നു
1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലെ വ്യവസ്ഥകളും അതിനനുസരിച്ചുള്ള നിര്‍ദേശങ്ങളും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും മരുന്നിന്റെ വില്‍പ്പനയ്ക്കോ പ്രദര്‍ശനത്തിനോ വിതരണത്തിനോ സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിയുടെ ലൈസന്‍സ് ആവശ്യമാണെന്നും ലൈസന്‍സിന്റെ നിബന്ധനകള്‍ ഉടമകള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ കമ്പനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും ഇനി ഒരു അറിയിപ്പും കൂടാതെ അവര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിസിജിഐ വ്യക്തമാക്കുന്നു.
ഡിസിജിഐ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച ഫ്ളിപ്പ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് നിര്‍ദേശങ്ങളോട് ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്നും അറിയിച്ചു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന സ്ഥാപനം എന്ന നിലയില്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതിനും ഞങ്ങളുടെ പ്രവര്‍ത്തനം, പരിശോധന, നിയന്ത്രണങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പറഞ്ഞു. എന്നാല്‍ ആമസോണും മറ്റു കമ്പനികളും വിഷയത്തില്‍ പ്രതികരിച്ചില്ല.
അതേസമയം, ഡല്‍ഹി ഹൈക്കോടതിയുടെ വിധി പ്രകാരം ഒരു ഇ-കൊമേഴ്സ് കമ്പനിയും മരുന്ന് വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മരുന്ന് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനക്കാര്‍ വിദേശ നിയന്ത്രണത്തിലുള്ളവരാണെന്നും അതിനാല്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയിലോ ഇന്‍വെന്ററി അധിഷ്ഠിത ഇ-കൊമേഴ്സിലോ നിലവിലുള്ള വിദേശ നിക്ഷേപ നയത്തിന്റെ ലംഘനമായതിനാല്‍ ഈ കമ്പനികള്‍ക്ക് റീട്ടെയില്‍ ലൈസന്‍സുകള്‍ നേടാന്‍ അര്‍ഹതയില്ലെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ കൂട്ടിച്ചേര്‍ത്തു.