നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമോ? നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് സൂചന; ഇന്ന് നിര്‍ണായക യോഗം

സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു
Updated on
2 min read

ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരോടും പാറ്റ്‌നയിലെത്താന്‍ നിതീഷ് കുമാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ഇന്ന് എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യും. ഇതോടെ നിതീഷ് കുമാര്‍ പുതിയ സഖ്യം രൂപീകരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കും ചൂടുപിടിക്കുകയാണ്.

ജെഡിയു വിട്ട മുന്‍ കേന്ദ്ര മന്ത്രി ആര്‍ സി പി സിങ് ബിജെപിയുമായി കൂടുതല്‍ അടുക്കുന്നതും മുഖ്യമന്ത്രിക്കെതിരെ നിലപാടെടുക്കുന്നതുമാണ് അതിവേഗം യോഗം വിളിക്കാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്. കൂടാതെ ബിഹാര്‍ നിയമസഭ സ്പീക്കറും ബിജെപി അംഗവുമായ വിജയകുമാര്‍ സിന്‍ഹയും ജെഡിയുവുമായുള്ള ഏറ്റുമുട്ടലും ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണമാണ്. സ്പീക്കറെ മാറ്റണമെന്ന ആവശ്യം നിതീഷ്കുമാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നിതീഷ് കുമാര്‍
ബിജെപിക്കും 'മതേതരര്‍ക്കു'മിടയിലെ നിതീഷിന്റെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നു. കഴിഞ്ഞദിവസം ചേര്‍ന്ന നീതി ആയോഗ് യോഗത്തിലും പങ്കെടുത്തില്ല.

ആര്‍ സി പി സിങ്ങിനെ ഉപയോഗിച്ച് ബിജെപി നീക്കങ്ങള്‍ നടത്തുന്നതായി നിതീഷ് കുമാര്‍ സംശയിക്കുന്നു

ബിജെപി മഹാരാഷ്ട്ര മോഡല്‍ നടപ്പാക്കുമോ?

മഹാരാഷ്ട്രയില്‍ മഹാഅഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയതിന് സമാനമായ നീക്കങ്ങള്‍ ബിഹാറിലുണ്ടാകുമോ എന്ന് നിതീഷ് ഭയക്കുന്നുണ്ട്. ആര്‍ സി പി സിംഗിനെ ഉപയോഗിച്ച് ഈ നീക്കം ബിജെപി നടത്തുന്നതായി ജെഡിയു നേതൃത്വം സംശയിക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവുമായി സഖ്യമില്ലാതെ മത്സരിക്കണമെന്ന നിലപാട് ബിജെപി സംസ്ഥാന നേതൃത്വത്തിന് നേരത്തെ മുതലുണ്ട്. ഇതിന് അരങ്ങൊരുക്കാനുള്ള ബിജെപി നീക്കങ്ങളാണ് നടക്കാനിരിക്കുന്നതെന്ന് നിതീഷ് സംശയിക്കുന്നു.

നിതീഷ് കുമാര്‍
ജെഡിയു -ബിജെപി തർക്കം രൂക്ഷം; എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം നാളെ; നിതീഷ് സോണിയയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

പ്രതിപക്ഷവുമായി അടുക്കുമോ?

രണ്ട് തവണ ബിജെപി സഖ്യത്തിലേക്കും തിരിച്ചും പോയി ചരിത്രമുള്ളതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം. അതുകൊണ്ടു തന്നെ നിതീഷില്‍ നിന്ന് എന്ത് രാഷ്ട്രീയ നീക്കവും പ്രതീക്ഷിക്കാം.

ആര്‍ജെഡി - 75, ബിജെപി - 74, ജെഡിയു -43, ഇടതുപക്ഷം -16 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നേടിയ സീറ്റുകള്‍. എന്നാല്‍ വികാശീല്‍ ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങള്‍ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ബിജെപിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി.

പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ് , ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി ചേര്‍ന്നാല്‍ നിതീഷ് കുമാറിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകും. ജെഡിയു യോഗത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും സംസ്ഥാനത്ത് ഇന്ന് നിര്‍ണായക യോഗങ്ങള്‍ ചേരുന്നുണ്ട്. കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in