Raj Thackeray, Eknath Shinde
Raj Thackeray, Eknath Shinde

ശിവസേനയിലെ കലാപം മുതലെടുക്കാന്‍ നവനിര്‍മാണ്‍ സേന; കൂടെക്കൂട്ടാന്‍ ഷിന്‍ഡെ പക്ഷം

എംഎന്‍എസിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്
Updated on
2 min read

ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതോടെ, ശിവസേനയ്ക്ക് സംഭവിച്ച രാഷ്ട്രീയ പ്രതിസന്ധിയെ മുതലെടുക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്). മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നടിയുകയും സംസ്ഥാനത്ത് ബിജെപി-ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തതിനു പിന്നാലെ, പാര്‍ട്ടിയെ പൊളിച്ചുപണിയാനുള്ള തയ്യാറെടുപ്പിലാണ് എംഎന്‍എസ്. ശിവസേനയുടെ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച്, ജനകീയ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം. പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കെറയുടെ മകന്‍ അമിത് താക്കറെയും നേതൃത്വത്തിലാണ് പ്രത്യേക പ്രചാരണ പരിപാടികള്‍.

ശിവസേനയുടെ ക്ഷീണം മുതലെടുക്കാന്‍ ലക്ഷ്യമിട്ടാണ് എംഎന്‍എസ് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

താനെ, മുംബൈ നഗരങ്ങളെ കൂടാതെ കൊങ്കണ്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് ശിവസേന. എന്നാല്‍, മേഖലയില്‍ നിന്നുള്ള എംഎല്‍എമാരായ ഉദയ് സാമന്ത്, ദീപക് കേസര്‍കര്‍, ഭരത് സേത് ഗൊഗാവാലെ, യോഗേഷ് രാംദാസ കദം ഉള്‍പ്പെടെയുള്ളവര്‍ ഷിന്‍ഡെയ്‌ക്കൊപ്പം ബിജെപി പാളയത്തില്‍ എത്തിയത് ശിവസേനയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ശിവസേനയുടെ ക്ഷീണം മുതലെടുക്കാന്‍ ലക്ഷ്യമിട്ടാണ് എംഎന്‍എസ് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'മഹാ സമ്പര്‍ക്ക് അഭിയാന്‍' എന്ന പേരിലാണ് പ്രചാരണ പരിപാടികള്‍. പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കെറയുടെ മകന്‍ അമിത് താക്കറെയ്ക്കാണ് നേതൃത്വം. പാര്‍ട്ടിയുടെ ഔട്ട്‌റീച്ച് പരിപാടിയുടെ ഭാഗമായാണ്, മഹാരാഷ്ട്ര നവ നിര്‍മാണ്‍ വിദ്യാര്‍ഥി സേനയുടെ പ്രസിഡന്റ് കൂടിയായ അമിത് കൊങ്കണ്‍ മേഖലകളില്‍ പര്യടനം നടത്തുന്നത്.

Aditya, Uddhav
Aditya, Uddhav

ജൂലൈ അഞ്ച് മുതല്‍ 11 വരെയാണ് അമിതിന്റെ സന്ദര്‍ശന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ആഴ്ചയില്‍, സിന്ധുദര്‍ഗ്, രത്‌നഗിരി, റെയ്ഗാഡ് ജില്ലകളിലാകും സന്ദര്‍ശനം. ശിവസേന പാളയത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും, മേഖലയില്‍ നിന്ന് ഒരു കേഡര്‍ രൂപീകരിക്കാനുമുള്ള തന്ത്രമാണ് എംഎന്‍എസിന്റെ ഔട്ട്റീച്ച് പ്രോഗ്രാം. ശിവസേനയിലെ പിളര്‍പ്പിനു പിന്നാലെ, പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെയും ജനകീയ പിന്തുണ ഉറപ്പാക്കാനുള്ള പരിപാടികളുമായി രംഗത്തുണ്ട്. മുംബൈയില്‍ റാലി ഉള്‍പ്പെടെയാണ് പദ്ധതിയിട്ടിരിക്കുന്നത്. കൂടുതല്‍ തകര്‍ച്ച ഉണ്ടാകാതെ, പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ വിശാലമാക്കാനുള്ള ശ്രമങ്ങളാണ് ശിവേസന നോക്കുന്നത്.

തീവ്ര ഹിന്ദുത്വം പറയുന്ന രാജ് താക്കറെയുടെ എംഎഎന്‍എസുമായി രാഷ്ട്രീയപരമായ വിയോജിപ്പും ഷിന്‍ഡെ പക്ഷത്തിനില്ല

അതേസമയം, ശിവസേനയിലെ ഉദ്ധവ് പക്ഷത്തെ അകറ്റി നിര്‍ത്തുന്ന ഷിന്‍ഡെ പക്ഷം, എംഎന്‍എസുമായി അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉദ്ധവിന്റെ ശിവസേനയുടെ വേര് പിഴുതെറിയാനുള്ള ബിജെപിയുടെ തന്ത്രമായാണ് അതിനെ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ഷിന്‍ഡെയെ അഭിനന്ദിച്ച് രാജ് താക്കറെ രംഗത്തുവന്നിരുന്നു. വളരെ സന്തോഷം നല്‍കുന്ന സമയം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കിട്ടിയ അവസരം മികച്ച രീതിയില്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ചുവടിലും ജാഗ്രത പാലിക്കണമെന്നും രാജ് താക്കറെ അഭിനന്ദന കുറിപ്പില്‍ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ഷിന്‍ഡെ രാജ് താക്കറെയുമായി സംസാരിക്കുകയും ചെയ്തു.

എംഎന്‍എസിന് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാല്‍ താക്കറെ മുന്നോട്ടുവച്ച ഹിന്ദുത്വത്തില്‍ നിന്ന് ഉദ്ധവ് താക്കറെ വഴിമാറി എന്നാണ് ഷിന്‍ഡെ പക്ഷത്തിന്റെ ആരോപണം. അതിനാല്‍ തീവ്ര ഹിന്ദുത്വം പറയുന്ന രാജ് താക്കറെയുടെ എംഎഎന്‍എസുമായി രാഷ്ട്രീയപരമായ വിയോജിപ്പും ഷിന്‍ഡെ പക്ഷത്തിനില്ല. യഥാര്‍ഥ ശിവസൈനികര്‍ തങ്ങളാണെന്ന് ഇരുപക്ഷവും വാദിക്കുന്നുമുണ്ട്.

logo
The Fourth
www.thefourthnews.in