സ്റ്റാലിന്‍ കച്ചമുറുക്കുന്നത് എന്തിന്? വിശാല ഐക്യം തെക്കുനിന്ന് വടക്കോട്ടോ?
ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം എന്ന വാദം പലകോണില്‍ നിന്നും ഉയരുമ്പോള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചും നീക്കങ്ങള്‍ സജീവം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നീക്കങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏപ്രില്‍ മൂന്നിന് ചെന്നൈയില്‍ നിശ്ചയിച്ചിരിക്കുന്ന 'സാമൂഹിക നീതി, മുന്നോട്ടുള്ള പാത' എന്ന പേരിലുള്ള സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അടുത്ത് നില്‍ക്കുന്ന ചില പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണമുള്ള സമ്മേളനം തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രത്യേക അജണ്ടയാണെന്ന വാദവും ശക്തമാണ്. മാത്രമല്ല, രാഹുല്‍ ഗാന്ധി വിഷയം നേതാക്കള്‍ക്കിടയിലുണ്ടാക്കിയ ഐക്യം ഊട്ടിയുറപ്പിക്കാനും സമ്മേളനം വേദിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ബിജെഡിയും വൈഎസ്ആര്‍സിപിയും സമ്മേളനത്തില്‍ പങ്കെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍
സിപിഎം നേതാവ് സീതാറാം യെച്ചൂരി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുല്ല, ഡി രാജ, ഡെറിക് ഒബ്രിയാന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസും എഎപിയും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രതിനിധികളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനൊപ്പമാണ് ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുകയും സംസ്ഥാനങ്ങളില്‍ ഭരണം കയ്യാളുകയും ചെയ്യുന്ന പാര്‍ട്ടികളായ ഒഡീഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നതില്‍ ഒരു നിലപാട് വ്യക്തമാക്കാന്‍ ഈ രണ്ട് പാര്‍ട്ടികളും തയ്യാറായിട്ടില്ല. ബിജെപിയെ അസ്വസ്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകില്ലെന്നാണ് ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ നിലപാടെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പറയുന്നു. അതേസമയം, ബിജെഡിയും വൈഎസ്ആര്‍സിപിയും സമ്മേളനത്തില്‍ പങ്കെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ബിജെപിക്ക് എതിരായ വിശാല പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന വാദം ശക്തമായി ഉയരുന്നതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേര് കൂടി നേതൃനിരയിലേക്ക് ഉയരുന്നത്. ലോക്‌സഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി എന്നതും സ്റ്റാലിന് മുന്‍ഗണന വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ വരാനിരിക്കുന്ന സാമൂഹികനീതി സമ്മേളനത്തിന് വലിയ പ്രസക്തിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത് എന്നാണ് വിലയിരുത്തലുകള്‍.
ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് സംബന്ധിച്ച് സ്റ്റാലിന്‍ ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ല
തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ 2024ലെ പൊതുതിരഞ്ഞെടുപ്പിലും ഡിഎംകെയുടെ സ്വാധീനം കുറയില്ലെന്നാണ് വിലയിരുത്തൽ. കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങളില്‍ സ്റ്റാലിന്റെ നീക്കങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കം മുതല്‍ തൈരിന് - ഹിന്ദി പേരായ ദഹി ചേര്‍ക്കണം എന്നുള്ള നിര്‍ദേശത്തിന് എതിരെ വരെ സ്റ്റാലിന്‍ നടത്തിയ ചെറുത്തുനില്‍പ്പുകളും വലിയ വിജയം കണ്ടിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയെന്ന നേതാവിന് അപ്പുറത്ത് പൊതുസമ്മതനായ മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിലാണ് ഫാറൂഖ് അബ്ദുള്ള അടക്കമുള്ള മുതിര്‍ന്ന നേതാക്കൾ എം കെ സ്റ്റാലിനിൽ പ്രതീക്ഷ പുലര്‍ത്തുന്നത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് സംബന്ധിച്ച് സ്റ്റാലിന്‍ ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ല.
മോദി സർക്കാരിനെ നേരിടാൻ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്ന സ്റ്റാലിന്റെ വാക്കുകൾ വരുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള സ്റ്റാലിന്റെ ചുവടുവയ്പ്പിന് കൂടി ചെന്നൈയിലെ സാമൂഹിക നീതി സമ്മേളനം വേദിയായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.