ഉദയനിധിയുടെ ഉദയം ആരുടെ ഉറക്കമാണ് കെടുത്തുന്നത്? സ്റ്റാലിന്റെ പിന്‍ഗാമിയെച്ചൊല്ലി മുന്നണിയില്‍ കലഹം?
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പിന്‍ഗാമിയായി മകന്‍ ഉദയനിധി സ്റ്റാലിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉദയനിധിയുടെ പട്ടാഭിഷേകത്തിനെതിരേ ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈ കച്ചി(വിസികെ) പരസ്യമായി രംഗത്തു വന്നതോടെയാണ് മുന്നണിയിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്.
തമിഴ് വാര്‍ത്താചാനലായ തന്തി ടിവിയോട് സംസാരിക്കവെ വിസികെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന്‍ ഉയനിധിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. ''സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇന്നലെ മാത്രം കടന്നുവന്ന ഒരാള്‍ ഉപമുഖ്യമന്ത്രിയാകുന്നു. അധികാരം പങ്കിടുകയെന്നത് മുന്നണി ബന്ധത്തില്‍ നിര്‍ണായകമാണ്. ഡിഎംകെയ്ക്ക് ഞങ്ങളെയും ആവശ്യമുണ്ട്. ഞങ്ങള്‍ ചെറിയ കക്ഷിയാണെന്നു കരുതി ഡിഎംകെയുടെ കരുണയില്‍ മുന്നണിയില്‍ തുടരുന്നവരല്ല''- അര്‍ജുന്‍ പറഞ്ഞു.
2021-ല്‍ വിസികെയുടെ രാഷ്ട്രീയ തന്ത്രജ്ഞനായി എത്തി ഈ വര്‍ഷം പാര്‍ട്ടി അംഗത്വം നേടിയ അര്‍ജുന്റെ പരാമര്‍ശം ഡിഎംകെയെ ചൊടിപ്പിച്ചിരിക്കുകയാണ്. അര്‍ജുനെതിരേ നിരവധി ഡിഎംകെ നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നത്. അതേസമയം വിസികെ തലവന്‍ തിരുമാവളം ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.
കല്ലുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്‌റെ ഭാഗമായി സംഘടിപ്പിച്ച 'ടോട്ടല്‍ പ്രൊഹിബിഷന്‍ കോണ്‍ഫെറന്‍സി'ലേക്ക് എഐഎഡിഎംകെയെ ക്ഷണിക്കാനുള്ള വിസികെയുടെ അപ്രതീക്ഷിത തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് അര്‍ജുനറെ പരാമര്‍ശം ഡിഎംകെ-വിസികെ സഖ്യത്തില്‍ പിരിമുറുക്കം സൃഷ്ടിച്ചിരിക്കുന്നത്. ദുരന്തത്തിന്‌റെ ഇരകളില്‍ കൂടുതലും ദളിതരായിരുന്നു. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന സ്‌റ്റാലിന്‍ വിദേശത്തായിരുന്ന സമയത്താണ് സമ്മേളന തീയതി നിശ്ചയിച്ചതും ക്ഷണക്കത്ത് അയച്ചതും. സ്റ്റാലിന്‍ തിരിച്ചെത്തിയശേഷം തിരുമാവളനുമായി കൂടിക്കാഴ്ച നടത്തുകയും ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ ഡിഎംകെ സാന്നിധ്യം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അര്‍ജുന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച ഡിഎംകെ നേതാവ് എ രാജ, അതേസമയം തിരുമാവളനെ പ്രശംസിച്ചു. ദളിത് അവകാശങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ എന്നും വിട്ടുവീഴ്ച ഇല്ലാതെ പോരാടിയിരുന്ന ഇടതുപക്ഷ മൂല്യങ്ങളുടെ ശക്തനായ വക്താവാണ് തിരുമാവളന്‍ എന്ന് രാജ പറഞ്ഞു. 'അടുത്തിടെ വിസികെയില്‍ ചേര്‍ന്ന ഒരാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. തിരുമാവളന്‌റെ അറിവില്ലാതെയാണ് അര്‍ജുന്‍ സംസാരിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു' -ഡിഎംകെയുടെ ദളിത് മുഖമായ രാജ പറഞ്ഞു.
ഉദയനിധി അഭിനയിച്ച് 2023-ല്‍ പുറത്തിറങ്ങിയ മാമന്നന്‍ എന്ന ചിത്രത്തെയും അര്‍ജുന്‍ വിമര്‍ശിച്ചു. പ്രധാന നായകനെന്ന നിലയില്‍ പ്രാദേശിക ഫ്യൂഡല്‍ പ്രഭുവിന് മുന്നില്‍ തന്‌റെ പിതാവിന്‌റെ കീഴ് വഴക്കത്തിനെതിരെ മത്സരിക്കുന്ന ഒരു ദളിത് എംഎല്‍എയുടെ മകനായി അദ്ദേഹം അഭിനയിച്ചു. ഒരു രംഗത്തില്‍ ഫ്യൂഡല്‍ പ്രഭുവിന് മുന്നില്‍ ഇരിക്കുന്നതിനെ അദ്ദേഹത്തിന്‌റെ എംഎല്‍എയായ അച്ഛന്‍ എതിര്‍ക്കുന്നുണ്ട്.
'ഇത് മാമന്നനെ പോലെയാണ്. എന്‌റെ നേതാവ്(തിരുമാവളന്‍) അധികാരമെന്നതിനെ പങ്കുവയ്ക്കപ്പെടാനുള്ള ഒന്നായാണ് കാണുന്നത്, അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യും. എന്നാല്‍ പുതിയ തലമുറയിലെ കേഡര്‍മാര്‍ അങ്ങനെയല്ല. അവര്‍ ചോദിക്കുന്നു, എപ്പോഴാണ് എന്‌റെ നേതാവ് ഉയരങ്ങളിലേക്ക് എത്തുന്നത്? ഇനിയും എത്ര നാള്‍ ഇങ്ങനെ ജോലി തുടരണം? സിനിമാമേഖലയില്‍ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയായി പരിഗണിക്കുമ്പോള്‍ എന്തുകൊണ്ട് എന്‌റെ നേതാവിന് വില നല്‍കുന്നില്ല? സാധാരണ കേഡര്‍മാരുടെ വികാരമാണ് ഞാന്‍ പ്രതിഫലിപ്പിക്കുന്നത്'- അര്‍ജുന്‍ പറയുന്നു.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിനുശേഷം അധികാരം പങ്കിടണമെന്ന് ആവശ്യപ്പെടാന്‍ തിരുമാവളന്‍ തയ്യാറല്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് അതിന്‌റെ അവകാശം ലഭിക്കണമെന്നും അര്‍ജുന്‍ പറഞ്ഞു. 'ഇത് വിലപേശലിന്‌റെ കാര്യമല്ല. ഞങ്ങളെ പോലുള്ള ചെറിയ പാര്‍ട്ടികള്‍ക്ക് സ്ഥാനമാനങ്ങള്‍ കൈമാറാത്ത ഡിഎംകെയെ എന്തുകൊണ്ട് വലിയ പാര്‍ട്ടിയായി കരുതണം? ഡിഎംകെ വലിയ പാര്‍ട്ടിയാണെങ്കില്‍ ഒറ്റയ്ക്ക് നില്‍ക്കണം, വിസികെയുടെ പിന്തുണ ഇല്ലാതെ വടക്കന്‍ ജില്ലകളില്‍ ഡിഎംകെയ്ക്ക് വിജയിക്കാനാവില്ല' അര്‍ജുന്‍ പറയുന്നു.
അര്‍ജുന്റെ പരാമര്‍ശത്തില്‍ ഡിഎംകെ രോഷാകുലരായതോടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്ന് വിസികെയുടെ മുതിര്‍ന്ന നേതാവും തിരുമാവളന്‌റെ അടുത്ത അനുയായികളിലൊരാളുമായ വണ്ണി അരസു പറഞ്ഞു. 'നമ്മള്‍ ഒരു പാര്‍ട്ടിയിലായിരുക്കുമ്പോള്‍ നമ്മുടെ നേതാവ് മുകളിലെത്തണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. (എന്നാല്‍) അര്‍ജുന്‍ പറഞ്ഞത് അദ്ദേഹത്തിന്‌റെ കാഴ്ചപ്പാടാണ്' വണ്ണി പറഞ്ഞു.
ബിജെപിയുടെയും ആര്‍എസ്എസിന്‌റേയും നേതൃത്വത്തിലുള്ള വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ പ്രധാന പോരാട്ടമെന്ന് തിരുമാവളനോട് അടുപ്പമുള്ള മറ്റൊരു മുതിര്‍ന്ന വിസികെ നേതാവ് പറഞ്ഞു. ഡിഎംകെയുമായുള്ള സഖ്യം ശക്തമായി തുടരുമെന്നും സര്‍ക്കാരില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ നേടാന്‍ ആഗ്രഹമില്ലെന്നും പറഞ്ഞ നേതാവ് നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വിജയം എല്ലാവരുടെയും വിജയമാണെന്നും പറഞ്ഞു.