'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്': സാധ്യതാ പഠനസമിതിയില്‍ അമിത് ഷായും അധീര്‍ രഞ്ജനും ഗുലാം നബി ആസാദും
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുള്ള സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് എം പി അധിർ രഞ്ജൻ ചൗധരി, മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവർ അംഗങ്ങളാണ്.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിങ്, മുൻ ലോക്സഭാ ജനറൽ സെക്രട്ടറി സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. ഉന്നതതല സമിതിയുടെ യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാൾ പങ്കെടുക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ലക്ഷ്യം വയ്ക്കുന്നതാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ.
തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിർദ്ദേശിക്കും
വിജ്ഞാപനത്തിൽ അനുശാസിക്കുന്ന പ്രകാരം, ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴില്‍ നിലവിലുള്ള ചട്ടക്കൂടും മറ്റ് നിയമപരമായ വ്യവസ്ഥകളും കണക്കിലെടുത്ത് ലോക്സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകള്‍ കമ്മിറ്റി പരിശോധിക്കുകയും ശുപാർശകൾ നൽകുകയും ചെയ്യും. 1950-ലെ ജനപ്രാതിനിധ്യ നിയമം, 1951-ലെ ജനപ്രാതിനിധ്യനിയമം, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭേദഗതികൾ ആവശ്യമുള്ള മറ്റ് നിയമം എന്നിവയാണ് പഠനവിധേയമാക്കുക.
തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കൽ, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളുണ്ടെങ്കിൽ സമിതി വിശകലനം ചെയ്യുകയും പരിഹാരങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യും. തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിർദേശിക്കും. ഇവിഎമ്മുകൾ, വിവിപാറ്റ് മുതലായ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ലോജിസ്റ്റിക്സും മനുഷ്യശക്തിയും സമിതി പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. സമിതി സാധ്യതാ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ, അത് പൊതുമണ്ഡലത്തിലും പാർലമെന്റിലും ചർച്ച ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയും അറിയിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് , എന്ന നിലയില്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അപ്രായോഗികമെന്നാണ് മുസ്ലിംലീഗ് നിലപാടെടുത്തിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുപ്പ് പരിഷ്കരണ സമിതി അധ്യക്ഷനാക്കിയ നടപടിയിലും വിമർശനമുണ്ട്. മുന്‍ രാഷ്ട്രപതിമാര്‍ മറ്റുപദവികള്‍ ഏറ്റെടുക്കുന്ന കീഴ്വഴക്കമില്ലെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
വ്യക്തമായ കാരണമില്ലാതെ സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ വീണ്ടും അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.