മോദിയുടെ പേര് തെറ്റിച്ച് പവൻ ഖേര;രാഹുലിനെ പഴിച്ച് അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് പേര് തെറ്റിച്ച് വിളിച്ചപമാനിച്ചെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയെ പഴിചാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പത്രസമ്മേളനത്തില്‍ പവന്‍ ഖേര മോദിയുടെ പിതാവിന്റെ പേര് തെറ്റി പറയുകയായിരുന്നു.
പ്രധാനമന്ത്രി മോദിയെ കുറിച്ച് കോണ്‍ഗ്രസ് വക്താവ് ഉപയോഗിച്ച ഭാഷ അയാളുടേതല്ല, മറിച്ച് രാഹുല്‍ ഗാന്ധിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ളതാണ്. 2019ല്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധി മോശമായ ഭാഷ ഉപയോഗിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടമായെന്നും അമിത് ഷാ വിമര്‍ശിച്ചു.
പ്രധാനമന്ത്രിയെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങൾ മറുപടി നല്‍കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അതിൻ്റെ ഫലവും ബാക്കി കൂടി നൽകും. ഇത്തവണ കോണ്‍ഗ്രസ് തീര്‍ച്ചയായും ഇല്ലാതാകുമെന്നത് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. നാഗാലാൻഡിലെ മോന്‍ ടൗണില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര നരേന്ദ്ര ദാമോദര്‍ മോദിയെന്നതിനെ തെറ്റിച്ച് നരേന്ദ്ര ഗൗതമദാസ് മോദിയെന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. ''നരസിംഹ റാവുവിന് ജെപിസി രൂപീകരിക്കാമെങ്കില്‍, അടല്‍ ബിഹാരി വാജ്പേയിക്ക് ജെപിസി രൂപീകരിക്കാമെങ്കില്‍ നരേന്ദ്ര ഗൗതമദാസ് മോദിയ്ക്ക്.. ക്ഷമിക്കണം, ദാമോദര്‍ദാസ് മോദിക്ക് എന്താണ് പ്രശ്‌നം?'' എന്ന് ഖേര ചോദിച്ചു.
തുടര്‍ന്ന് വ്യക്തതയ്ക്കായി പ്രധാനമന്ത്രിയുടെ പേര് ദാമോദര്‍ ദാസെന്നാണോ അതോ ഗൗതമ ദാസെന്നാണോ എന്നും ഖേര സഹപ്രവര്‍ത്തകനോട് ചോദിക്കുകയായിരുന്നു. ശേഷം മാധ്യപ്രവര്‍ത്തകരോട് 'അദ്ദേഹത്തിന്റെ പേര് ദാമോദര്‍ ദാസെന്നാണ്, എന്നാല്‍ പ്രവര്‍ത്തി ഗൗതമ ദാസിൻ്റേതാണെന്നും' ഖേര പരാമര്‍ശിച്ചു.
നരേന്ദ്ര മോദിയുടെ പിതാവിൻ്റെ പേര് 'ദാമോദര്‍ ദാസ് മുല്‍ചന്ദ് മോദി'യെന്നാണ്. ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുമായുള്ള നരേന്ദ്രമോദിയുടെ ചങ്ങാത്തം വലിയ രാഷ്ട്രീയ വിഷയമായി നിലനിൽക്കെയാണ് മോദിയുടെ പേരിൻ്റെ ബാക്കി തെറ്റിച്ച് ഗൗതംദാസ് എന്ന് പവൻഖേര പറഞ്ഞതും ആ പേരാണ് അദ്ദേഹത്തിന് ചേരുകയെന്ന് പരിഹസിച്ചതും.