'ഗാന്ധി മുതൽ മോദി വരെ'; ആധുനിക ഇന്ത്യയ്ക്ക് സംഭാവന നൽകിയത് നാല് ഗുജറാത്തികളെന്ന് അമിത് ഷാ
ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ മഹാത്മാഗാന്ധിയും മോദിയുമടക്കം നാല് ഗുജറാത്തികള്‍ നിർണായക സംഭാവന നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി എന്നിവരാണ് മറ്റ് രണ്ടുപേർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെയാണ് ഇന്ത്യയുടെ പ്രശസ്തി ലോകമെമ്പാടും വ്യാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
''ഗാന്ധിജിയുടെ പ്രയത്‌നത്താൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. സർദാർ പട്ടേലിന്റെ പ്രവർത്തനങ്ങളിലൂടെ രാജ്യം ഒന്നിക്കുകയും മൊറാര്‍ജി ദേശായിയിലൂടെ ജനാധിപത്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ലോകമാകെ ഇന്ത്യ വാഴ്ത്തപ്പെടുന്നത് നരേന്ദ്ര മോദിയിലൂടെയാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾ മോദിയുടേതാണ്. മോദി ജനങ്ങളുടേതുമായതിനാലാണ് അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി മാറിയത്,'' അമിത് ഷാ പറഞ്ഞു.
മോദിയുടെ ഒമ്പത് വർഷത്തെ ഭരണത്തിനിടെ രാജ്യം പ്രശംസനീയമായ നിരവധി നേട്ടങ്ങൾ കൈവരിച്ചു. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍, ലോകത്തെ 11-ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അത് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള പല ഏജൻസികളും ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
വ്യോമാക്രമണങ്ങൾ നടത്തി ഇന്ത്യയുടെ അതിർത്തിയിൽ ആർക്കും അനാവശ്യമായി കടന്നുകയറാൻ കഴിയില്ലെന്ന സന്ദേശം മോദി ഭരണം ലോകത്തിന് മുൻപിൽ വ്യക്തമാക്കി. 130 കോടി ജനങ്ങളുള്ള രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം തടസങ്ങളില്ലാതെ നടത്തി.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറി. സ്റ്റാര്‍ട്ട് അപ്പുകളുടെ മേഖലയില്‍ ഇന്ത്യ മൂന്നാമതും പുനരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാമതും എത്തിയത് മോദി ഭരണത്തിന്റെ കീഴിലാണ്.
ജമ്മുകശ്മീരിൽ അനുച്ഛേദം 370 എടുത്തുകളയുകയും തീവ്രവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഒമ്പത് വർഷത്തിനിടെ ഒരു വലിയ ഭീകരാക്രമണവും രാജ്യത്ത് നടന്നിട്ടില്ല. രാജ്യാതിർത്തി സംരക്ഷിക്കുന്നതിനും ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി നിരവധി കാര്യങ്ങൾ ഇതിനോടകം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ശ്രീ ഡല്‍ഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിൽ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.