ഡല്‍ഹി നിയമഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍; നിർബന്ധമായും ഹാജരാകണമെന്ന് കോണ്‍ഗ്രസ് ആംആദ്മി എംപിമാര്‍ക്ക് വിപ്പ്
സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്ന ഡൽഹി നിയമഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ നാളെ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ നിയമമായി മാറും. വിശാല പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യുടെ വോക്കൗട്ടിന് പിന്നാലെ ഓഗസ്റ്റ് മൂന്നിന് ബില്‍ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയിരുന്നു.
അതേസമയം, രാജ്യസഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും എംപിമാര്‍ക്ക് വിപ്പ് നല്‍കി. എംപിമാരോട് 7, 8 തീയതികളില്‍ രാജ്യസഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ആംആദ്മി പാര്‍ട്ടി വിപ്പ് നല്‍കിയിരിക്കുന്നത്. എഎപി വിപ്പ് സുശീല്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല 'ഇന്ത്യ' സഖ്യത്തിന്റെ യോഗം നാളെ 10 മണിക്ക് വിളിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നാളെ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരിക്കുന്നത്.
ലോക്‌സഭയില്‍ ഡല്‍ഹി നിയമഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച ആംആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിറങ്ങി നടുത്തളത്തിലിറങ്ങി പേപ്പറുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിനാണ് വര്‍ഷകാല സമ്മേളനം കഴിയുന്നത് വരെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 100ലധികം എംപിമാരാണുള്ളത്. കൂടാതെ സര്‍ക്കാരിന് വോട്ട് ചെയ്യുന്ന നോമിനേറ്റഡ് അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 120 വോട്ടാണ്. 245 അംഗബലമുള്ള രാജ്യസഭയില്‍ നിലവില്‍ 7 ഒഴിവുകളുള്ളതിനാല്‍ 238 ആണ് അംഗബലം. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും പിന്തുണ പ്രഖ്യാപിച്ചതോടെ 238 അംഗ സഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് പ്രയാസരഹിതമാകും.
വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും പിന്തുണ പ്രഖ്യാപിച്ചതോടെ 238 അംഗ സഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് പ്രയാസരഹിതമാകും
അമിത് ഷാ ആയിരുന്നു ബില്‍ ലോക്‌സഭയിലും അവതരിപ്പിച്ചത്. ഡല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞിരുന്നു. ഡല്‍ഹിക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ടെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് ബില്‍. നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ അവതരിപ്പിച്ചത്. പോലീസ്, പൊതു ക്രമം, ഭൂമി എന്നിവ ഒഴികെയുള്ള ഡല്‍ഹിയിലെ എല്ലാ സേവനങ്ങളുടെ നിയന്ത്രണവും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കൈമാറിയായിരുന്നു സുപ്രീംകോടതി വിധി.