മണിപ്പൂര്‍ വിഷയം: ചർച്ചയ്ക്ക് തയ്യാർ, സഹകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ച് അമിത് ഷാ
മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ തർക്കം തുടരുന്നതിനിടെ, വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് കത്ത് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ണിപ്പൂർ വിഷയത്തിൽ എത്ര വേണമെങ്കിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ ലോക്‌സഭയിലെ അധീർ രഞ്ജൻ ചൗധരിക്കും രാജ്യസഭയിലെ മല്ലികാർജുൻ ഖാർഗെയ്ക്കും അയച്ച കത്തിൽ അമിത് ഷാ പറഞ്ഞു.
''മണിപ്പൂരിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എല്ലാ പാര്‍ട്ടികളിലും നിന്നുമുള്ള സഹകരണവും ഇതിന് ആവശ്യമാണ്. ഈ സുപ്രധാന പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''- കത്തിന്റെ പകർപ്പ് അറ്റാച്ച് ചെയ്ത് ട്വീറ്റിൽ അമിത് ഷാ പറഞ്ഞു.
വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിഷേധത്തെ തുടര്‍ന്ന് പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് അമിത് ഷാ കത്ത് നൽകിയത്.
അതേസമയം, കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. പ്രമേയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.