കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കി അമിത് ഷാ; അസംതൃപ്തരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം, ചര്‍ച്ച
കർണാടകയില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തന്ത്രങ്ങളൊരുക്കി ബിജെപിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം. വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയ അമിത് ഷാ അസംതൃപ്തരെയും ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ വികസനത്തിന് അനുമതി നല്‍കി. ഓള്‍ഡ് മൈസൂരുവില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതിനൊപ്പം, തിരഞ്ഞെടുപ്പിന്റെ ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി പ്രവർത്തകരുമായും ചർച്ച നടത്തി. 2023 മെയിലാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.
ജനതാദളിന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത കോട്ടയായ മൈസൂരുവില്‍ ചുവടുറപ്പിക്കാനാണ് ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്
ബിജെപി എംഎൽഎമാരായ കെ എസ് ഈശ്വരപ്പ, രമേഷ് ജര്‍ക്കിഹോലി തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ വികസനത്തിനാണ് അമിത് ഷാ അനുമതി നല്‍കിയത്. ബൂത്ത് തലത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അമിത് ഷാ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിജെപി ജനറൽ സെക്രട്ടറിയും സംസ്ഥാന ചുമതലയുമുള്ള അരുൺ സിങ്, ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ സെക്രട്ടറി സി ടി രവി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ജനതാദളിന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത കോട്ടയായ മൈസൂരുവില്‍ ചുവടുറപ്പിക്കാനാണ് ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2019ൽ ഒരു ജെഡി(എസ്) നേതാവ് കൂറുമാറി ബിജെപിയില്‍ ചേർന്നപ്പോള്‍ മാത്രമാണ് മേഖലയിൽ അവർക്ക് ആദ്യ ജയം ലഭിച്ചത്. , ഓൾഡ് മൈസൂരുവില്‍ ഉള്‍പ്പെട്ട മാണ്ഡ്യയിൽ ഏഴ് നിയമസഭാ സീറ്റുകളാണുള്ളത്. ഇതില്‍ ആറ് ജെഡി(എസ്)നും ഒന്ന് ബിജെപിക്കും ആണ്.
2013 മുതൽ 2018 വരെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഇപ്പോൾ നിരോധിക്കപ്പെട്ട ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേസുകൾ പിൻവലിച്ചിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു
വെള്ളിയാഴ്ച മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച് ഡി ദേവഗൗഡയുമായി വേദി പങ്കിട്ട അമിത് ഷാ, ഓൾഡ് മൈസൂരു മേഖലയുടെ ഭാഗമായ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിൽ 14 ലക്ഷം ലിറ്റർ പാല്‍ സംസ്‌കരിക്കാൻ ശേഷിയുള്ള മെഗാ ഡയറി പ്ലാന്റ് ഉദ്ഘാടനവും ചെയ്തിരുന്നു. പ്രസംഗത്തില്‍ പതിവ് പോലെ ഹിന്ദുത്വയും വികസനവും ആയുധമാക്കിയതിനൊപ്പം കോൺഗ്രസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. 2013 മുതൽ 2018 വരെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഇപ്പോൾ നിരോധിക്കപ്പെട്ട ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേസുകൾ പിൻവലിച്ചിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് പിഎഫ്ഐയെ നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നും ഷാ ചൂണ്ടിക്കാട്ടി.
ജെഡിഎസിനും കോൺഗ്രസിനും നിരവധി അവസരങ്ങൾ ജനങ്ങള്‍ നൽകിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയും. ബിജെപി ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു.
ജെഡിഎസിനും കോൺഗ്രസിനും നിരവധി അവസരങ്ങൾ ജനങ്ങള്‍ നൽകിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയും. ബിജെപി ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ
കർണാടകയിലെ ജനസംഖ്യയുടെ 15 ശതമാനമെങ്കിലും വരുന്ന, ലിംഗായത്തുകൾ കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയിലാണ് അമിത് ഷാ പൊതുയോഗത്തെ അഭിസംബോധന ചെയ്തത്. ഇതുവരെ ബിജെപിയെ ഒഴിവാക്കി നിർത്തുന്ന പഴയ മൈസൂർ മേഖലയിൽ വൊക്കലിഗ സമുദായമാണ് ആധിപത്യം പുലർത്തുന്നത്. മാണ്ഡ്യ, മൈസൂരു, ഹസൻ, തുംകുരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
സംസ്ഥാനത്ത് കോൺഗ്രസ് ജയിച്ചാൽ ഡൽഹിയുടെ എടിഎം ആകുമെന്നും എന്നാല്‍ ജെഡി(എസ്) ജയിച്ചാല്‍ ഫാമിലി എടിഎം ആകുമെന്നും അമിത് ഷാ പരിഹസിച്ചു. 2024ൽ അയോധ്യ രാമക്ഷേത്രം തുറക്കുക, കേദാർനാഥ്, ബദരീനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ വികസനം എന്നീ വിഷയങ്ങളും മാണ്ഡ്യയിലെ ബിജെപിയുടെ സങ്കൽപ യാത്രയിൽ ഷാ ഉന്നയിച്ചു.