മണിപ്പൂരിനോട് അമിത് ഷാ പറഞ്ഞതും ഇപ്പോഴത്തെ യാഥാർഥ്യവും

മണിപ്പൂരിനോട് അമിത് ഷാ പറഞ്ഞതും ഇപ്പോഴത്തെ യാഥാർഥ്യവും

വൈദ്യസഹായം, നഷ്ടപരിഹാരം, പാർപ്പിടസൗകര്യം തുടങ്ങി പല പ്രഖ്യാപനങ്ങളും ജൂൺ ഒന്നിന് മണിപ്പൂർ സന്ദർശിക്കവെ അമിത് ഷാ നടത്തിയിരുന്നു
Updated on
3 min read

മണിപ്പൂരിലെ വംശീയ കലാപം ആരംഭിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു ആദ്യമായും അവസാനമായും ഒരു കേന്ദ്രമന്ത്രി സംസ്ഥാനം സന്ദർശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് നടത്തിയ സന്ദർശനത്തിൽ നിരവധി വാഗ്ദാനങ്ങളായിരുന്നു ദുരിതമനുഭവിക്കുന്നവർക്ക് നൽകിയത്. വൈദ്യസഹായം, നഷ്ടപരിഹാരം, പാർപ്പിടസൗകര്യം തുടങ്ങി പല പ്രഖ്യാപനങ്ങളും ജൂൺ ഒന്നിന് അദ്ദേഹം നടത്തി. എന്നാൽ വെള്ളത്തിൽ വരച്ച വരയുടെ ആയുസ് മാത്രമായിരുന്നു ആ പ്രഖ്യാപനങ്ങൾക്കെന്നാണ് മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ തെളിയിക്കുന്നത്.

അമിത് ഷായുടെ വാഗ്ദാനങ്ങളും അതിന്റെ നിലവിലെ സ്ഥിതിയും

വൈദ്യ സഹായം

അമിത് ഷായുടെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മണിപ്പൂരിലേക്ക് വൈദ്യ സഹായത്തിനായി എട്ട് സംഘങ്ങളെ അയയ്ക്കുമെന്നുള്ളത്. കേന്ദ്ര സർക്കാർ രൂപീകരിച്ച മൂന്ന് സംഘങ്ങൾ എത്തിയിട്ടുണ്ടെന്നും ഇനി അഞ്ച് സംഘങ്ങൾ കൂടി എത്തുമെന്നുമായിരുന്നു പ്രഖ്യാപനം. ചുരാചന്ദ്പുർ, കാങ്‌പോക്പി, മോരെഹ്‌ മേഖലകളിൽ വൈദ്യസഹായം ഒരുക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ അതിന് ശേഷവും നിരവധി ആളുകൾ ചികിത്സ ലഭിക്കാതെ മരിച്ചതായി ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യസഹായം നൽകുന്ന കുകി സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ കുകി ഖംഗലായ് ലാമ്പി ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂരിനോട് അമിത് ഷാ പറഞ്ഞതും ഇപ്പോഴത്തെ യാഥാർഥ്യവും
അവശ്യമരുന്നുകൾ എത്തിക്കാനാവുന്നില്ല; കലാപം മൂലം ദുരിതത്തിലായി മണിപ്പൂരിലെ എയ്‌ഡ്‌സ് രോഗികൾ

കലാപം ആരംഭിച്ച ശേഷം ചുരാചന്ദ്പുരിൽ മാത്രം 35 ആളുകളാണ് മരുന്നും ശരിയായ ചികിത്സയും ലഭിക്കാതെ മരിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് ആരും കുകി ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം ചെയ്യുന്നതിനായി എത്തിയിട്ടില്ലെന്ന് കുകി ഖംഗലായ് ലാമ്പിയുടെ ഇൻഫർമേഷൻ സെക്രട്ടറി കെ. ഹവോകിപ് ആരോപിക്കുന്നു. ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജെഎൻഐഎംഎസ്), റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ആർഐഐഎംഎസ്) തുടങ്ങിയ വലിയ ആശുപത്രികളുള്ള തലസ്ഥാന നഗരമായ ഇംഫാലിൽ എത്താൻ കഴിയാതെ പലരും മരിച്ചുവെന്നും ഹവോകിപ് പറയുന്നു.

വൈകുന്ന നഷ്ടപരിഹാരം

കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് കേന്ദ്ര-മണിപ്പൂർ സർക്കാരുകളുടെ സംയുക്ത ദുരിതാശ്വാസ പുനരധിവാസ പാക്കേജിൽനിന്ന് 10 ലക്ഷം രൂപ നൽകുമെന്നതായിരുന്നു അമിത് ഷായുടെ അടുത്ത വാഗ്ദാനം. ഇരുസർക്കാരുകളും അഞ്ചുലക്ഷം വീതം നൽകാനായിരുന്നു പദ്ധതി. സുപ്രീംകോടതിയിൽ സമർപ്പിച്ച സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം, മെയ് മൂന്നിനും ജൂൺ ഒൻപതിനുമിടയിൽ മണിപ്പൂരിൽ കൊല്ലപ്പെട്ടത് 150 പേരാണ്. അതിൽ 45 പേർക്ക് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചത്.

കേന്ദ്രസർക്കാരാകട്ടെ അവരുടെ നഷ്ടപരിഹാര വിഹിതമായ അഞ്ചുലക്ഷം നൽകിയത് കാക്ചിങ്ങിലുള്ള ആറുപേർക്ക്. അവർക്കാകട്ടെ സംസ്ഥാനസർക്കാർ വിഹിതം ലഭിച്ചിട്ടുമില്ല.

ഓൺലൈൻ വിദ്യാഭ്യാസം

മണിപ്പൂരിലെ വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര മന്ത്രി രണ്ടുദിവസത്തിനുള്ളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാമെന്ന് വാക്ക് നൽകിയിരുന്നു. അതിന്റെ ഭാഗമായി ജൂൺ 19 വരെ സ്കൂളുകൾ അടച്ചിട്ടു. പിന്നീടത് ജൂലൈ ഒന്നുവരെ നീട്ടി. ഒടുവിൽ ജൂലൈ അഞ്ചിന് സ്കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. അതുവരെ ഒരിക്കൽ പോലും ഓൺലൈൻ പഠനമെന്ന അമിത് ഷായുടെ ഉറപ്പ് നടപ്പായില്ല. സംസ്ഥാനത്ത പ്രഖ്യാപിച്ചിരുന്ന ഇന്റർനെറ്റ് വിലക്ക് രണ്ടുമാസങ്ങൾക്ക് ശേഷം എടുത്തുമാറ്റിയപ്പോഴും ഭൂരിപക്ഷ ജനങ്ങൾക്കും അതുകൊണ്ട് ഗുണമുണ്ടായിരുന്നില്ല.

മണിപ്പൂരിനോട് അമിത് ഷാ പറഞ്ഞതും ഇപ്പോഴത്തെ യാഥാർഥ്യവും
മണിപ്പൂരില്‍ ഇന്റർനെറ്റ് വിലക്കിയിട്ട് 100 ദിനങ്ങൾ; പൗരന്മാരുടെ വായ മൂടി കെട്ടുന്നുവെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ

ബിരുദവിദ്യാർഥികളുടെ ദുരിതം

കുകി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷകളെഴുതിയത് ജില്ലാ കളക്ടറേറ്റുകളിൽ വച്ചായിരുന്നു. വീടുകളിൽ നിന്ന് പരീക്ഷയെഴുതാൻ ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതും കലാപം നടക്കുന്നതിനാൽ ഇംഫാലിലേക്ക് പോകാൻ കഴിയില്ല എന്നതുമായിരുന്നു അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ. എൻഐടി മണിപ്പൂരിലെ അൻപതോളം വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾ ആവശ്യപ്പെട്ടെങ്കിലും അവർക്ക് കോളേജിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഒരു മറുപടിയും ലഭിച്ചിട്ടില്ല.

ജൂൺ 26 ന് ഇവർ മണിപ്പൂരിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കുകയും ബദൽ ക്രമീകരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ മറ്റ് എഞ്ചിനീയറിങ് സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ മാറ്റണമെന്നതായിരുന്നു അതിൽ പ്രധാനം. എന്നാൽ സംസ്ഥാന സർക്കാരും ഗവർണറും ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

ഭവന സൗകര്യങ്ങൾ

മണിപ്പൂരിൽ ഏകദേശം എഴുപത്തിനായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇവർക്ക് താത്കാലിക പരിപ്പിട സൗകര്യവും കേന്ദ്രഭയാന്തര മന്ത്രി ജൂൺ ഒന്നിന് വാഗ്ദാനം ചെയ്തിരുന്നു. വളരെ കുറച്ച് വീടുകൾ കിഴക്കൻ ഇംഫാലിൽ ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഉദ്‌ഘാടനം ചെയ്തു എന്നതൊഴിച്ചാൽ ബാക്കിയൊന്നും ഇതുവരെ വാസയോഗ്യമായിട്ടില്ല.

മണിപ്പൂരിനോട് അമിത് ഷാ പറഞ്ഞതും ഇപ്പോഴത്തെ യാഥാർഥ്യവും
ആനി രാജ അഭിമുഖം- മണിപ്പൂരിലേത് സർക്കാർപ്രേരിത കലാപം തന്നെ, പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീർ

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളെല്ലാം നൽകുന്നുണ്ടെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സർക്കാർ ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുന്നില്ലെന്നും മറ്റ് സംഘടനകൾ കൂടി സഹായിക്കുന്നതുകൊണ്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നു.

യാത്രാ സൗകര്യം

കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം മലയോര മേഖലകളിലുള്ള കുകി സമുദായത്തിന് മേയ്തി ഭൂരിപക്ഷമുള്ള താഴ്വരകളിലേക്കോ തിരിച്ചോ യാത്ര ചെയ്യുക സാധ്യമല്ലാത്ത അവസ്ഥയാണ് മണിപ്പൂരിലേത്. അതിനാൽ തന്നെ ഇംഫാലിലെ വിമാനത്താവളം ഉപയോഗിക്കാൻ മാർഗമില്ല. ഇതിനൊരു പരിഹാരമായി മലനിരകളിൽ താമസിക്കുന്നവർക്ക് പ്രത്യേക ഹെലികോപ്റ്റർ സർവീസ് തുടങ്ങുമെന്ന് അമിത് ഷാ ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ ഇതുവരെയും അങ്ങനൊരു സേവനം ആരംഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. തുടങ്ങിയാൽ തന്നെ സാധാരണക്കാർ ജീവനിൽ ഭയന്ന് സേവനം ഉപയോഗിക്കില്ലെന്നും സംഘടനകൾ പറയുന്നു.

logo
The Fourth
www.thefourthnews.in