സിആര്‍പിസി, ഐപിസി പരിഷ്കരിക്കുമെന്ന് അമിത് ഷാ; എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റ് ആരംഭിക്കും

സിആര്‍പിസി, ഐപിസി പരിഷ്കരിക്കുമെന്ന് അമിത് ഷാ; എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റ് ആരംഭിക്കും

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ
Updated on
1 min read

രാജ്യത്തെ ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) എന്നിവയില്‍ മാറ്റം കൊണ്ടുവരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സിആര്‍പിസിയും ഐപിസിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് വിശദമായി പഠിച്ചുവരികയാണ്. സിആര്‍പിസി, ഐപിസി പരിഷ്കരണത്തിനായുള്ള കരട് നിര്‍ദേശം പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഹരിയാനയില്‍ രണ്ട് ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

2024 ആകുമ്പോഴേക്കും രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ ഫലപ്രദമായി നേരിടേണ്ടത് സംസ്ഥാനങ്ങളുടേയും, കേന്ദ്രത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്. സഹകരണം, ഏകോപനം, കൂട്ടായ പ്രവര്‍ത്തനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വിശദീകരിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനം കുറഞ്ഞു. മേഖലയില്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.

logo
The Fourth
www.thefourthnews.in