ഫെമ നിയമ ലംഘനം; ആംനസ്റ്റിക്ക് 51 കോടി പിഴചുമത്തി ഇഡി; സിഇഒക്കെതിരെയും നടപടി
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍ നിയമം ലംഘിച്ചുവെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന് പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സന്നദ്ധ സംഘടനകള്‍ വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന ഫെമ നിയമം ലംഘിച്ചതിനാണ് സ്ഥാപനത്തിനും സിഇഒ ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്. ആംനസ്റ്റിക്ക് 51.72 കോടി രൂപയും സിഇഒ അകാര്‍ പട്ടേലിന് 10 കോടി രൂപയുമാണ് പിഴ.
2000 ത്തിന് ശേഷം ആംനസ്റ്റി ഇന്ത്യയ്ക്ക് വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതു മറികടന്ന് വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് എഫ്ഡിഐ ആയി കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.
അന്വേഷണത്തിന്റെ ഭാഗമായി ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആംനസ്റ്റി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ഇഡിക്കു പുറമേ സിബിഐയും ആംനസ്റ്റിക്കെതിരെ കേസെടുത്തിരുന്നു
യുകെയിലെ ആംനസ്റ്റി ഇന്റര്‍നാഷണില്‍ നിന്ന് ഇന്ത്യന്‍ ആംനസ്റ്റിയിലേക്ക് വലിയ തുക വിദേശ സംഭാവന അയക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ആംനെസ്റ്റിക്കു കീഴിലുള്ള ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നല്‍കുന്നതിന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല.
നേരത്തെ ഇഡിക്കു പുറമേ സിബിഐയും ആംനസ്റ്റിക്കെതിരെ കേസെടുത്തിരുന്നു. ഈ നടപടിയെ തുടര്‍ന്നാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. 2013 നവംബറിനും 2018 ജൂണിനും ഇടയില്‍ ആംനസ്റ്റി ഇന്ത്യ ഇന്റര്‍നാഷണലിന്റെ എല്ലാ ഇടപാടുകളുടെയും വിവരങ്ങളും ഇഡി അന്വേഷിച്ചിട്ടുണ്ട്.