ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോള്‍
ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോള്‍

ഹേബിയസ് കോർപസ് ഹർജികൾ കൂടുന്നു, കരുതൽ തടങ്കലുകളുടെ എണ്ണത്തിലും വർധന, കശ്മീരിനെ കുറിച്ച് ആംനസ്റ്റി

കേന്ദ്ര സർക്കാർ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതോടെ ഉയര്‍ന്ന പ്രതിസന്ധികള്‍ നിരീക്ഷിച്ചാണ് ആഗോള നിരീക്ഷക സമിതിയായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോര്‍ട്ട് തയാറാക്കിയത്
Updated on
2 min read

കഴിഞ്ഞ മൂന്നു വർഷമായി ജമ്മു കശ്മീരിൽ നടന്നത് കടുത്ത അടിച്ചമർത്തലുകളെന്ന് ആംനസ്റ്റി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് അടിച്ചമർത്തൽ രൂക്ഷമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ അധികാര ദുർവിനിയോഗം സംബന്ധിച്ച് പരിശോധിച്ച് വിവിധ റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ സംരക്ഷകർ, മുൻ ജഡ്ജിമാർ എന്നിവരുൾപ്പെടെ ജമ്മു കശ്മീരിലെ പൗരാവകാശ സംഘങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കത്തിടപാടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ആംനസ്റ്റി അവകാശപ്പെടുന്നു.

2019 മുതൽ, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഇവിടെ നടത്തിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും, വ്യക്തി സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും ഉൾപ്പെടെ നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേക പദവിയുണ്ടായിരുന്ന കാലത്ത്, സംസ്ഥാനത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയിരുന്ന വിപുലമായ പ്രവർത്തനങ്ങളും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

2019 ഓഗസ്റ്റ് മുതൽ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ സംരക്ഷകർക്കും എതിരെയുണ്ടായ ക്രിമിനൽ നടപടികളും അറസ്റ്റും തടങ്കലില്‍ പാർപ്പിക്കലും ഉൾപ്പെടെ അറുപതിൽ കൂടുതൽ സംഭവങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്

പഠനകാലയളവിൽ, ജമ്മു കശ്മീരിലെ തടങ്കൽ സ്ഥലങ്ങളിലേക്കോ കോടതികളിലേക്കോ പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ, ചില സന്ദർഭങ്ങളിൽ രണ്ടാം സാക്ഷികളുടെയും പൊതുസമൂഹത്തിന്റെ അഭിപ്രായത്തെയും ഔദ്യോഗിക വിവരങ്ങളുമായി വിശകലനം ചെയ്യേണ്ടി വന്നിട്ടുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് മുതൽ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ സംരക്ഷകർക്കും എതിരെയുണ്ടായ ക്രിമിനൽ നടപടികളും അറസ്റ്റും തടങ്കലില്‍ പാർപ്പിക്കലും ഉൾപ്പെടെ അറുപതിൽ കൂടുതൽ സംഭവങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ട്

ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോള്‍
നാല് വർഷമായി കേന്ദ്ര ഭരണം, പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് മൂന്നു വർഷം; തിരഞ്ഞെടുപ്പ് കാത്ത് ജമ്മു കശ്മീർ

കശ്മീരിൽ ന്യൂനപക്ഷ സമുദായ അംഗങ്ങളും, പോലീസ് ഉദ്യോഗസ്ഥരും മറ്റ് തീവ്രവാദ സംഘടനകളും നടത്തുന്ന കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുണ്ട്. 2020 ഏപ്രിലിനും 2022 മാർച്ചിനുമിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് ഏറ്റുമുട്ടലുകളും നിയമ വിരുദ്ധ കൊലപാതകങ്ങളും നടന്നത് ജമ്മു കശ്മീരിലാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം, സായുധ സംഘങ്ങളുടെ നിയമ വിരുദ്ധ കൊലപാതകങ്ങൾ 20 ശതമാനം വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളെ നിയമ നിർമ്മാണത്തിൽ നിന്ന് ഒഴിവാക്കിയതും മറ്റൊരു തന്ത്രമായി എടുത്തുപറയുന്നു.

വിവരാവകാശം 'പ്രവർത്തനരഹിതം'

370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ, ദേശീയ സുരക്ഷയുടെ പേരിൽ കൊണ്ടുവന്ന വിചിത്രമായ ചട്ടക്കൂടുകൾ, മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനം കൂടി ലക്ഷ്യം വച്ചിരുന്നതായും ആംനസ്റ്റി പറയുന്നു. ആഫ്സ്പ പബ്ലിക് സേഫ്റ്റി ആക്ട് പോലെയുള്ള നിയമങ്ങൾ പ്രാബല്യത്തിലുള്ളപ്പോൾ, വിവരാവകാശം പോലെ സാധാരണ ജനങ്ങൾക്ക് ആശ്രയിക്കാവുന്നവ പരിഗണിക്കാതെയാണ് പല ചട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോർട്ട് ആരോപിച്ചു.

2005ല്‍ കേന്ദ്ര സർക്കാർ നിയമം പാസാക്കുന്നതിന് മുൻപുതന്നെ, ജമ്മു കശ്മീരിൽ വിവരാവകാശ നിയമം നടപ്പാക്കിയിരുന്നു. 2019 വരെ കേന്ദ്ര വിവരാവകാശ നിയമത്തിലെ പുരോഗമന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഇതിനെ ശക്തിപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സംസ്ഥാന വിവാരാവകാശ സംവിധാനം പ്രവർത്തനക്ഷമമല്ല. മുൻപ്, ഫയൽ ചെയുന്ന അഭ്യർഥനകൾക്ക് ഭൂരിഭാഗവും മറുപടി ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഒന്നിനും മറുപടിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകൻ പറയുന്നതായി റിപ്പോർട്ടിലുണ്ട്.

ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോള്‍
കശ്മീരില്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കാന്‍ കേന്ദ്രാനുമതി; അട്ടിമറി നീക്കമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ അതിലേറെ കഷ്ടമാണ്. ഈ വർഷം ആഗസ്റ്റ് 4 വരെ സമർപ്പിച്ച 585 ഹേബിയസ് കോർപ്പസ് ഹർജികളിൽ 14 എണ്ണം മാത്രമാണ് കോടതി തീർപ്പാക്കിയതെന്ന് ആംനസ്റ്റി കണ്ടെത്തി. നിയമവിരുദ്ധ അറസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തിൽ, ജമ്മു കശ്മീർ ഹൈക്കോടതിയുടെ വെബ്സൈറ്റിൽ ലഭ്യമായ കേസുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. 2019ൽ 761 ഹേബിയസ് കോർപ്പസ് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളതെങ്കിൽ 2022 ലെ ആദ്യ ഏഴ് മാസങ്ങളിലായി മാത്രം ഇത് 585 ആയി ഉയർന്നു. ഇവയിൽ 569 എണ്ണവും പബ്ലിക് സേഫ്റ്റി ആക്റ്റിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റുകളാണ്. പിഎസ്എ പ്രകാരമുള്ള തടങ്കൽ ഉത്തരവുകൾ ചോദ്യം ചെയ്യുന്ന ഹേബിയസ് കോർപ്പസ് ഹർജികൾ തീർപ്പാക്കാൻ ഒരു വർഷത്തിലധികം എടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി

ജമ്മു കശ്മീർ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്‌ഐഎ), ഇന്ത്യൻ ആർമിയുടെ മിലിട്ടറി ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകൾ പരിശോധനാ വിധേയമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ൽ മാത്രം 27 മാധ്യമ പ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും പരിരക്ഷ നൽകേണ്ടത് കോടതിയല്ലേ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, പ്രത്യേക പദവി എടുത്തുകളഞ്ഞ ഈ സംസ്ഥാനത്തിന് സാധാരണ ജനങ്ങളെ പിന്തുണയ്ക്കുന്ന നിയമ വ്യവസ്ഥിതിയോ ഭരണകൂടമോ ഇപ്പോൾ ഇല്ല എന്നതാണ് സത്യം. ഇവിടെ എഫ്ഐആറും പിഎസ്എയുമാണ് നിയമം!

logo
The Fourth
www.thefourthnews.in