അമൃത്പാല്‍ സിങ് പിടികിട്ടാപ്പുള്ളി; ഇന്റർനെറ്റ് വിലക്ക് തിങ്കളാഴ്ച വരെ നീട്ടി, പഞ്ചാബില്‍ കനത്ത ജാഗ്രത

അമൃത്പാല്‍ സിങ് പിടികിട്ടാപ്പുള്ളി; ഇന്റർനെറ്റ് വിലക്ക് തിങ്കളാഴ്ച വരെ നീട്ടി, പഞ്ചാബില്‍ കനത്ത ജാഗ്രത

പ്രതിഷേധങ്ങൾക്ക് തടയിടാനായി പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
Updated on
1 min read

ഖലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പോലീസ്. അതിനാടകീയമായ രംഗങ്ങൾക്കാണ് നിലവിൽ പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. പോലീസിനും സർക്കാരിനും ഏറെ തലവേദന സൃഷ്‌ടിച്ച 'വാരിസ് പഞ്ചാബ് ദേ'യുടെ നേതാവ് കൂടിയായ അമൃത്പാലിനെ അറസ്റ്റ് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നെങ്കിലും പോലീസ് പിന്നീടത് നിഷേധിക്കുകയായിരുന്നു. അമൃത്പാലിനെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടക്കുകയാണ്. ഇയാളുമായി ബന്ധമുള്ളവരെയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധങ്ങൾക്ക് തടയിടാനായി പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബിന് പുറമെ അതിർത്തി സംസ്ഥാനമായ ഹിമാചൽപ്രദേശിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അമൃത്പാല്‍ സിങ്ങിന്‌റെ അടുത്ത അനുയായികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്ത് അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയില്‍ വിമാനത്തിലാണ് ഇവരെ അസമിലേക്ക് കൊണ്ടുപോയത്.

അമൃത്പാലിന്റെ ജന്മനാടായ ജല്ലു ഖേടയിൽ പോലീസിനെയും അർധ സൈനിക സേനയേയും വിന്യസിച്ചിരിക്കുകയാണ്. കൂടാതെ ഞായറാഴ്ച ഉച്ച വരെ പ്രഖ്യാപിച്ചിരുന്ന ഇന്റർനെറ്റ് വിലക്ക്, തിങ്കളാഴ്ച ഉച്ച വരെ തുടരുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം20-25 കിലോമീറ്ററോളം അമൃത്പാലിനെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടുവെന്നാണ് പോലീസ് വിശദീകരണം.

അമൃത്പാൽ എവിടെയെന്നതിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം പറഞ്ഞു. "ഞങ്ങളുടെ വീട്ടിൽ 3-4 മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല" അമൃത്പാലിന്റെ അച്ഛൻ വിശദീകരിച്ചു.

അമൃത്പാല്‍ രക്ഷപ്പെടാനുപയോഗിച്ച കാറും അതിൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ, കഴിഞ്ഞ വർഷമാണ് ദുബായിൽ നിന്ന് പഞ്ചാബിലേക്ക് തിരികെ എത്തുന്നത്. കഴിഞ്ഞ മാസം അമൃത്പാല്‍ സിങ്ങിന്റെ അനുയായി തൂഫാന്‍ സിങ്ങെന്ന ലവ്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷൻ അനുയായികൾ അക്രമിച്ചിരുന്നു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം പേരാണ് തോക്കും വാളുകളുമായി പോലീസ് സ്റ്റേഷൻ വളഞ്ഞത്. ഒടുവിൽ ലവ്പ്രീതിനെ മോചിപ്പിക്കാമെന്ന് സമ്മതിച്ച ശേഷമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. സംഘർഷത്തിൽ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസുകാർക്ക് പരുക്കേറ്റിരുന്നു. ഈ സംഭവം സർക്കാരിനെതിരെയുള്ള വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ജി-20 ഉച്ചകോടിയുടെ ചർച്ചകള്‍ കഴിയാൻ കാത്തുനിൽക്കുകയായിരുന്നു അറസ്റ്റ് നടപടികളിലേക്ക് കടക്കാനെന്ന് എഎപി സർക്കാർ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in