'പിടികൂടിയിട്ടില്ല, ശ്രമം തുടരുന്നു': അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ്

'പിടികൂടിയിട്ടില്ല, ശ്രമം തുടരുന്നു': അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ്

ജലന്ധറിൽ വച്ച് അമൃത്പാലിനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു
Updated on
1 min read

ഖലിസ്ഥാൻ നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ് ഒളിവിലെന്ന് പഞ്ചാബ് പോലീസ്. അമൃത് പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജലന്ധറിലും അമൃത്സറിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായിയായ ദൽജീത് സിങ് കൽസി ഉൾപ്പെടെ 78-ലധികം പേരെ ചോദ്യം ചെയ്യലിനായി പോലീസ് പിടികൂടി. ജലന്ധറിൽ വച്ച് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, കടന്നു കളഞ്ഞുവെന്നാണ് പോലീസ് വിശദീകരണം.

'പിടികൂടിയിട്ടില്ല, ശ്രമം തുടരുന്നു': അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ്
അമൃത്പാൽ സിങ് അറസ്റ്റിലെന്ന് അഭ്യൂഹം; സംഘർഷ സാധ്യത, പഞ്ചാബിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനം ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജലന്ധറിലെ ഷാകോട്ടിലേക്ക് പോകുകയായിരുന്ന അമൃത്പാൽ സിങ്ങിനെ വൻ പോലീസ് വ്യൂഹം പിന്തുടർന്നിരുന്നു. തുടർന്നാണ് അമൃത്പാലിനെ കാണാതായതും അറസ്റ്റിലായെന്ന് വാർത്തകൾ പുറത്തുവന്നതും.

അമൃത്പാൽ സിങ് ഷാകോട്ട് സന്ദർശിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തേക്കുള്ള പ്രധാന വഴികളിലെല്ലാം വലിയ ബാരിക്കേഡുകൾ പോലീസ് സ്ഥാപിച്ചിരുന്നു. സംഘർഷം ഒഴിവാക്കാനായി പോലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും നേതൃത്വത്തിൽ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, വിദ്വേഷ പ്രസംഗം ഉൾപ്പെടെ മൂന്ന് കേസുകളിൽ അമൃത്പാൽ സിങ് കുറ്റാരോപിതനാണ്.

ശനിയാഴ്ചത്തെ പോലീസ് നടപടിയോട് പ്രതികരിച്ച കോൺഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടു, "ഖലിസ്ഥാനുവേണ്ടി ആയുധമെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നയാൾ ഇന്ന് പോലീസിനെ ഭയന്ന് ഓടിപ്പോകുകയാണെന്ന്" പരിഹസിച്ചു.

കഴിഞ്ഞ മാസം അമൃത്പാല്‍ സിങ്ങിന്റെ അനുയായി തൂഫാന്‍ സിങ്ങെന്ന ലവ്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷൻ അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അക്രമിച്ചിരുന്നു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം പേരാണ് തോക്കും വാളും സഹിതം പോലീസ് സ്റ്റേഷൻ വളഞ്ഞത്. ഒടുവിൽ ലവ്പ്രീതിനെ മോചിപ്പിക്കാമെന്ന് സമ്മതിച്ച ശേഷമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. സംഘർഷത്തിൽ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസുകാർക്ക് പരുക്കേറ്റിരുന്നു. ഈ സംഭവം സർക്കാരിനെതിരെയുള്ള വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ജി-20 ഉച്ചകോടിയുടെ ചർച്ചകള്‍ കഴിയാൻ കാത്തുനിൽക്കുകയായിരുന്നു അറസ്റ്റ് നടപടികളിലേക്ക് കടക്കാനെന്ന് എഎപി സർക്കാർ പ്രതികരിച്ചു.

ദുബായിൽ ജോലി ചെയ്യുകയായിരുന്ന അമൃത്പാൽ സിങ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തുന്നത്. അതിന് ശേഷമാണ് ഖലിസ്ഥാൻ വാദ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവാകുന്നതും സർക്കാരിന്റെ കണ്ണിലെ കരടാകുന്നതും. കേന്ദ്രമന്ത്രി അമിത് ഷായെ വരെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ സിങ്, 'ഭിന്ദ്രന്‍വാല രണ്ടാമൻ' എന്നാണ് അറിയപ്പെടുന്നത്.

logo
The Fourth
www.thefourthnews.in