അമൃത്പാൽ സിങ് കസ്റ്റഡിയിലോ? തിരച്ചിൽ ശക്തം; രാജ്യത്തിന് പുറത്തും പ്രതിഷേധം, 112 പേർ അറസ്റ്റിൽ

അമൃത്പാൽ സിങ് കസ്റ്റഡിയിലോ? തിരച്ചിൽ ശക്തം; രാജ്യത്തിന് പുറത്തും പ്രതിഷേധം, 112 പേർ അറസ്റ്റിൽ

ജലന്ധർ ജില്ലയിലെ ബോപാരായ് കലാമിന് സമീപം ധർണ നടത്താന്‍ ശ്രമമുണ്ടായെങ്കിലും അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
Updated on
2 min read

ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത് പാൽ സിങ്ങിനായുള്ള തിരച്ചിൽ വ്യാപകമായി തുടരുന്നു. പഞ്ചാബ് പോലീസ് അമൃത് പാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ അമൃത് പാലിന്റെ അമ്മാവൻ ഹർജിത് സിങും ഡ്രൈവർ ഹർപ്രീത് സിങും തിങ്കളാഴ്ച്ച പുലർച്ചെ കീഴടങ്ങി. അമൃത് പാലിനെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ വാഹനമോടിച്ചത് ഹർപ്രീത് സിങ്ങാണ്.

പഞ്ചാബ് പോലീസ് സംസ്ഥാനത്ത് ഉടനീളം ഞായറാഴ്ച നടത്തിയ ഫ്ലാഗ് മാർച്ചിലും തിരച്ചിലിലുമായി അമൃത് പാലിന്റെ 34 അനുയായികളെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 112 ആയി. പ്രതിഷേധങ്ങൾ തടയാൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജലന്ധർ ജില്ലയിലെ ബോപാരായ് കലാമിന് സമീപം ധർണ നടത്താന്‍ ശ്രമമുണ്ടായെങ്കിലും അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പഞ്ചാബിൽ ഇന്ന് കൂടി ഇന്റര്‍നെറ്റ് നിരോധനം തുടരും. എസ് എം എസ് സേവനവും താത്ക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. 

പോലീസ് ഒളിച്ചുകളിക്കുകയാണെന്നും അമൃത് പാലിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്

ശനിയാഴ്ച, അമൃത് പാലിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഖലിസ്ഥാനി നേതാവ് കബളിപ്പിച്ച് കടന്നുകളഞ്ഞുവെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. രക്ഷപെടാനായി അമൃത് പാൽ ഉപയോഗിച്ച വാഹനവും അതിൽ നിന്ന് ആയുധങ്ങളും കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. അമൃത്പാല്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ പുതിയ രണ്ട് എഫ്‌ഐആര്‍ കൂടി കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. അമൃത്പാല്‍ സിങ്ങിന്റേതെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനും ജലന്ധറില്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ചതിനുമാണ് വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

അതേസമയം പോലീസ് ഒളിച്ചുകളിക്കുകയാണെന്നും അമൃത് പാലിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും 'വാരിസ് പഞ്ചാബ് ദേ' നിയമോപദേഷ്ടാവ് ഇമാൻ സിങ് ഖാര ആരോപിച്ചു. ഇതേ തുടർന്ന് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ മറുപടി നൽകണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജ ഏറ്റമുട്ടലിലൂടെ അമൃത് പാലിനെ കൊലപ്പെടുത്താനാണ് നീക്കമെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

അമൃത്പാൽ സിങ് കസ്റ്റഡിയിലോ? തിരച്ചിൽ ശക്തം; രാജ്യത്തിന് പുറത്തും പ്രതിഷേധം, 112 പേർ അറസ്റ്റിൽ
അമൃത്പാല്‍ സിങ് പിടികിട്ടാപ്പുള്ളി; ഇന്റർനെറ്റ് വിലക്ക് തിങ്കളാഴ്ച വരെ നീട്ടി, പഞ്ചാബില്‍ കനത്ത ജാഗ്രത

അമൃത് പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ യു കെയിലും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന കൊടിമരത്തിലെ ഇന്ത്യയുടെ പതാക, 'ഖലിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യവും മുഴക്കികൊണ്ട് ഖലിസ്ഥാൻ അനുകൂലി അഴിച്ചുമാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഡൽഹിയിലെ യു കെ ഹൈക്കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യു കെ സർക്കാരിന്റെ ഉദാസീനത അസ്വീകാര്യമാണെന്ന് ഉദ്യോഗസ്ഥയുമായുള്ള ചർച്ചയ്ക്ക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. കൊടി അഴിച്ചുമാറ്റിയ സംഭവത്തെ യു കെ ഹൈക്കമ്മീഷണറും അപലപിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷ യു കെ സർക്കാർ ഗൗരവമായി കാണുന്നുവന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അമൃത് പാലിന്റെ അനുയായിയായ ലവ്പ്രീത് തൂഫാനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് പഞ്ചാബിലെ അമൃത്സറിൽ വൻ സംഘർഷമുണ്ടായത്. അമൃത് പാൽ സിങ്ങും അനുയായികളും പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് ആയുധങ്ങൾ കാട്ടി അജ്‌നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയിരുന്നു. അമൃത് പാലിനെ നിശിതമായി വിമർശിച്ച് വന്നിരുന്ന വരീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുപ്രവർത്തകരുടെ കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളാണ് അമൃത് പാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in