വിഭാഗീയതയും വിമതഭീഷണിയും; രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ തലവേദന
എതിരാളികളുടെ ശക്തിയും ജനപിന്തുണയുമായാണ് തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികളെ വലയ്ക്കുന്നതെങ്കില്‍ വ്യത്യസ്തമാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചിത്രം. എതിരാളികളേക്കാള്‍ കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ഭയക്കുന്നത് പാളയത്തിലെ പടയെ ആണ്. ചെറിയ നേതാക്കളോ സംഘമോ അല്ല വിമതനീക്കത്തിന്റെ സൂചനയുമായി പാര്‍ട്ടികളെ വെല്ലുവിളിക്കുന്നത്. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരരാജെ സിന്ധ്യയും കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവ് സച്ചിന്‍ പൈലറ്റുമാണ് പാര്‍ട്ടികള്‍ക്കു തലവേദനയുമായി രംഗത്തുള്ളത്.
അനുനയനീക്കങ്ങള്‍ പലതും നടന്നെങ്കിലും മുഖ്യമന്ത്രിപദം മനസില്‍ കൊണ്ടു നടക്കുന്ന ഈ നേതാക്കള്‍ നാടകീയ നീക്കങ്ങള്‍ തുടരുകയാണ്. സ്വന്തം വിജയം ഉറപ്പിക്കുന്നതിനപ്പുറം തങ്ങളുടെ വിശ്വസ്തരുടെ സീറ്റുകള്‍ കൂടി ഉറപ്പിക്കാനുള്ള രാഷ്ട്രീയകരുനീക്കങ്ങളിലാണ് വസുന്ധരയും സച്ചിനും. 200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്ക് 2023 നവംബര്‍ 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെ എത്രയും വേഗം വിമതനീക്കങ്ങളെ തുടച്ചുനീക്കി ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിയും തുടര്‍ഭരണത്തിന് കോണ്‍ഗ്രസും ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
സച്ചിന്‍ പൈലറ്റ്: കോണ്‍ഗ്രസും ബിജെപിയും സൂക്ഷിക്കണം
2020, മധ്യപ്രദേശില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍ രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ പ്രമുഖന്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് മറുകണ്ടം ചാടിയപ്പോള്‍ ഒപ്പം ഉയര്‍ന്ന മറ്റൊരു പേരായിരുന്നു രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റേത്. മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും ഓപ്പറേഷന്‍ താമര പ്രാവര്‍ത്തികമാകാന്‍ പോകുന്നെന്ന അഭ്യൂഹം അതിശക്തമായി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പിന്തുണയില്ലെന്ന് സച്ചിന്‍ പൈലറ്റ് പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നടപടി ആരംഭിച്ചു.
ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്നും സച്ചിന്‍ പുറത്തായി. 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മേല്‍ക്കൈ സമ്മാനിച്ചതില്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്ന സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനം വരെ പോരാടിയിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെ ഗെലോട്ട് മുഖ്യമന്ത്രിയായതു മുതല്‍ സച്ചിന്‍ അസ്വസ്ഥനും പാര്‍ട്ടിക്കെതിരേ രഹസ്യമായ നീക്കങ്ങളില്‍ സജീവവും ആയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അനുനയം നീക്കം ഫലം കണ്ടില്ലെങ്കില്‍ പുതിയ പാര്‍ട്ടി എന്നതാണ് സച്ചിന്റെ നീക്കം. സച്ചിന്‍ കോണ്‍ഗ്രസിനൊപ്പമായാലും വിട്ട് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാലും അത് ബിജെപിക്ക് അത്ര സുഖകരമാകില്ല കാര്യങ്ങള്‍ എന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018 വരെ രാജസ്ഥാനിലെ പ്രമുഖ വോട്ട് ബാങ്കായ ഗുജ്ജാര്‍ വിഭാഗം പരമ്പരാഗതമായി ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സച്ചിന് മുഖ്യമന്ത്രിപദ സാധ്യതയുണ്ടായിരുന്നതിനാല്‍ വന്‍തോതില്‍ ഗുജ്ജാര്‍ വിഭാഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകി. കിഴക്കന്‍ രാജസ്ഥാനിലെ 26 സീറ്റുകളിലും ബിജെപിക്ക് അടിപതറി. ഇതിനുശേഷം സച്ചിന്‍ നടത്തുന്ന എല്ലാ രാഷ്ട്രീയനീക്കങ്ങള്‍ക്കും ഗുജ്ജാര്‍ വിഭാഗം ഒപ്പമുണ്ടെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍, കോണ്‍ഗ്രസ് വിട്ടാലും ഈ വോട്ടുകള്‍ സച്ചിനൊപ്പമുണ്ടാകുമെന്ന സൂചന കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥമാക്കുന്നതാണ്.
രാജ്ഞിക്ക് പകരം രാജകുമാരി?
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയി ആരെ ഉയര്‍ത്തിക്കാട്ടും?, ഈ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബിജെപി നേതൃത്വം നേരിടുന്ന പ്രധാനചോദ്യവും വെല്ലുവിളിയും ഇതുതന്നെയാണ്. രണ്ടുതവണ മുഖ്യമന്ത്രിയായ വസുന്ധരാജെ സിന്ധ്യ എന്ന വനിത നേതാവിന്റെ പേരിനാണ് പ്രഥമപരിഗണനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ബിജെപിക്കുള്ളിലെ വിഭാഗീയതയുടെ ആഴം അത്ര ചെറുതല്ലെന്ന് തെളിയിക്കുകയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നശേഷമുള്ള സംഭവവികാസങ്ങള്‍. 41 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് പകുതിയിലേറെ പേരും വസുന്ധര വിരുദ്ധ ചേരിയില്‍ നിന്നള്ളവരാണ്. ഏഴു സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചതോടെ ഇവര്‍ പരസ്യ പ്രതിഷേധത്തിനു പിന്നാലെ വിമതരായി മത്സരിക്കാന്‍ വരെ തയാറെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളോട് വസുന്ധര ഇതുവരെ പരസ്യമായ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി പൂര്‍ണമായി അവഗണിച്ചാല്‍ പാര്‍ട്ടി വിടാനോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു ശേഷം പിന്തുണ കോണ്‍ഗ്രസിന് നല്‍കാനോ ഉള്ള സാധ്യതകള്‍ ബിജെപി തള്ളിക്കളയുന്നില്ല. വസുന്ധരയ്ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ പോലും ബിജെപി നേതൃത്വം ഒരു അനുകൂലസൂചനയും മുന്നോട്ട് വയ്ക്കുന്നുമില്ല.
എന്നാല്‍, സിന്ധ്യ രാജകുടംബത്തിലെ വസുന്ധരയ്ക്കുള്ള എതിരാളിയായി ജയ്പുര്‍ രാജകുമാരി ദിയ കുമാരിയെ ബിജെപി മുന്നോട്ടുവയ്ക്കുന്നതായാണ് നിലവിലെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്‌സമന്ദില്‍ നിന്നുള്ള എംപിയായ ദിയ കുമാരിയെ ജയ്പുരിലെ വിദ്യാനഗര്‍ സീറ്റില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിജെപി. സ്ത്രീകളും യുവാക്കളും നിര്‍ണായകമാകുന്ന ഈ തിരഞ്ഞെടുപ്പില്‍ ദിയ കുമാരിയെ ബിജെപി രാഷ്ട്രീയസാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്ന പദവിയിലേക്ക് എത്തിക്കുമെന്ന സൂചനകളും ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നുണ്ട്.
കോണ്‍ഗ്രസ് പ്രതീക്ഷകള്‍ വാനോളം, വെല്ലുവിളികളും ഏറെ
മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ പാടവവും ബഹുജന ബന്ധവും ജനസമ്പര്‍ക്കവും ആണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രതീക്ഷയുടെ കാതല്‍. സംസ്ഥാനത്തിനകത്ത് പാര്‍ട്ടിയില്‍ നിന്ന് തിരിച്ചടി നേരിട്ടിട്ടും സച്ചിന്‍ പൈലറ്റ് പരസ്യമായി പാര്‍ട്ടിയെ എതിര്‍ക്കാത്തതും യുവാക്കള്‍ക്കിടയിലുള്ള പ്രതിച്ഛായയും പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നുണ്ട്.
25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാം, എംജിഎന്‍ആര്‍ഇജിഎയ്ക്ക് സമാനമായ ഒരു നഗര തൊഴില്‍ പദ്ധതി, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന പാചക വാതക സിലിണ്ടറുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണം, സാമൂഹിക സുരക്ഷാ അലവന്‍സ് എന്നിവയുള്‍പ്പെടെ വിപുലമായ ക്ഷേമ പദ്ധതികളിലും കോണ്‍ഗ്രസിന് പ്രതീക്ഷ ഏറെയാണ്.
അതേസമയം, അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തുടരുന്ന ആഭ്യന്തര കലഹം എപ്പോള്‍ വേണമെങ്കിലും പരസ്യകലാപത്തിലേക്ക് നീങ്ങാമെന്ന് ആശങ്ക കുറച്ചല്ല കോണ്‍ഗ്രസിലെ കുഴയ്ക്കുന്നത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ് . പല സംസ്ഥാന യൂണിറ്റ് ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും നിയമനം ജൂലൈയില്‍ മാത്രമാണ് നടന്നത്, തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിസഹഘടകങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു സമയം ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് ഗെലോട്ട് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിങ് ഗുധയുടെ ഡയറയിയില്‍ നിന്ന് പുറത്തുവന്ന സാമ്പത്തിക ക്രമക്കേടുകളുടെ പട്ടികയും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മോദി മുതല്‍ ഹിന്ദുത്വ വരെ, ബിജെപിയുടെ ബലം സംഘടന സംവിധാനത്തില്‍
1990കള്‍ മുതല്‍ രാജസ്ഥാനിലെ ഒരു പ്രധാന ഘടകമായ ഭരണവിരുദ്ധത ബിജെപിക്ക് അനുകൂലമാണ്. അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ വോട്ടര്‍മാര്‍ ശ്രമിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. 2018 തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടതു മുതല്‍ കിഴക്കന്‍ രാജസ്ഥാനില്‍ അടക്കം പാര്‍ട്ടിയുടെ സംഘടന സംവിധാനം ശക്തമാക്കാനുള്ള ബിജെപിയുടെ പ്രവര്‍ത്തനം ഏറെക്കുറെ ഫലം കണ്ടെന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് അടക്കം വ്യക്തമാക്കുന്നത്. ബൂത്ത് തലം വരെ വ്യാപിച്ചുകിടക്കുന്ന ശക്തമായ സംഘടനാ സംവിധാനത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് ഇതിനകം നിരവധി റാലികള്‍ നടത്തിയ പ്രധാനമന്ത്രി മോദിയുടെ വ്യാപകമായ ജനപ്രീതി മുതലെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഉയര്‍ത്തി ഹിന്ദുത്വ അജണ്ടയും ബിജെപി മുന്നോട്ടു വയ്ക്കുന്നുണ്ട്. അതേസമയം, വസുന്ധരയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളും ഗുജ്ജാര്‍ വിഭാഗത്തിന്റെ വോട്ട്ബാങ്ക് നഷ്ടമായതും ബിജെപിക്ക് എത്രമാത്രം തിരിച്ചടി ആകുമെന്നത് കാത്തിരുന്നു മാത്രം കാണേണ്ടത്. മാത്രമല്ല, ആദിവാസി മേഖലകളില്‍, പുതുതായി ഉയര്‍ന്നുവന്ന ഭാരതീയ ആദിവാസി പാര്‍ട്ടിയുടെ സ്വാധീനവും അത്ര ചെറുതെല്ലന്നത് ബിജെപിയെ വലയ്ക്കുന്നുണ്ട്.