ആനന്ദ് ശർമ്മ
ആനന്ദ് ശർമ്മ

ഹിമാചല്‍ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാനമൊഴിഞ്ഞ് ആനന്ദ് ശര്‍മ്മ, ആത്മാഭിമാനം പണയം വെക്കില്ലെന്ന് കത്ത്

ജമ്മു കശ്മീർ കോണ്‍ഗ്രസിന്റെ പ്രചരണ സമിതിയിൽ തുടരാൻ താത്പര്യമില്ലെന്ന് ഗുലാം നബി ആസാദ് നേരത്തെ അറിയിച്ചിരുന്നു
Updated on
1 min read

കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് സ്റ്റിയറിംങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ . ആത്മാഭിമാനം പണയംവെക്കാനാവില്ലെന്ന് കോണ്‍ഗ്രസ്അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ആനന്ദ് ശര്‍മ്മ അറിയിച്ചു. എന്നാല്‍ പാർട്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്നും ശര്‍മ്മ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ഏപ്രില്‍ 26 ന് സി എല്‍പി നേതാവും പ്രചരണ സമിതി അധ്യക്ഷനായി ആനന്ദ് ശര്‍മ്മയെ നിശ്ചയിക്കുന്നത്. എട്ട് കമ്മിറ്റികള്‍ക്ക് പുറമെയാണ് ശര്‍മ്മയും ആശാ കുമാരി കണ്‍വീനറുമായ സ്റ്റിയറിംങ് കമ്മിറ്റി രൂപീകരിച്ചത്. അതിന്റെ ചെയർമാൻ സ്ഥാനത്തു നിന്നാണ് ശർമ്മ ഒഴിഞ്ഞത് .

ജമ്മുകശ്മീർ കോൺഗ്രസിന്റെ പ്രചരണ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ച് ദിവസങ്ങൾക്കകം വന്ന പുതിയ നീക്കത്തിന്റെ ഞെട്ടലിലാണ് പാർട്ടി ദേശിയ നേതൃത്വം. ജി-23 നേതാക്കൾ പാർട്ടി നേതൃത്വത്തിനെതിരെയുള്ള പടയൊരുക്കം ശക്തമാക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ പുറത്തു വരുന്നത്. ആസാദും ശര്‍മ്മയുമായിരുന്നു ജി-23 യുടെ പ്രധാന നേതാക്കള്‍. പാര്‍ട്ടി നേത്യത്വത്തിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കാനും സംഘടനാപരമായ പ്രശ്‌നങ്ങളെ ചൂണ്ടികാണിക്കാനും ഇരുവരും തയ്യാറായിരുന്നു.

ഹിമാചല്‍ പ്രദേശില്‍ നടന്ന പ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളെകുറിച്ചൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും ആത്മാഭിമാനം പണയം വെക്കാനാകില്ലെന്നുമാണ് ശര്‍മ്മ അറിയിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ ആനന്ദ് ശർമ്മ തിങ്കളാഴ്ച്ച ഹിമാചലില്‍ നാലു ദിവസത്തെ പര്യടനത്തിന് എത്തിയതായിരുന്നു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ . ഇത്തവണ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) ഹിമാചൽ പ്രദേശിൽ മത്സരരംഗത്തുണ്ട്.

1982-ലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശര്‍മ്മ മത്സരിക്കുന്നത് . 1984-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശർമ്മയ്ക്ക് രാജ്യസഭാ സീറ്റ് നൽകിയിരുന്നു. അന്നുമുതല്‍ രാജ്യസഭാംഗമായും പാര്‍ട്ടിയിലെ നിരവധി സുപ്രധാന സ്ഥാനങ്ങളും അദ്ധേഹം വഹിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in