അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ബിജെപി
മുംബൈ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍നിന്ന് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ബിജെപി. മുര്‍ജി പട്ടേലിനെ പിന്‍വലിക്കുന്നതായി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുളെ അറിയിച്ചു. ഇതോടെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ സ്ഥാനാര്‍ഥി റുതുജ ലട്‌കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഈ വർഷം മേയിൽ അന്തരിച്ച ശിവസേന എംഎൽഎ രമേശ് ലട്‌കെയുടെ ഭാര്യയാണ് റുതുജ ലട്‌കെ. രാജ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാർ എന്നിവർ ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയുടെ തീരുമാനം. അതേസമയം പരാജയം മുന്നില്‍ കണ്ടാണ് ബിജെപിയുടെ പിന്മാറ്റമെന്നാണ് ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആരോപണം.
റുതുജ ലട്‌കെയെ എതിരില്ലാതെ വിജയിപ്പിക്കാൻ ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിരുന്നു. ''അന്തരിച്ച എംഎല്‍എ രമേശ് ലട്കെയുടെ ഭാര്യ റുതുജ ലട്കെയെ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്ന് എംഎൽഎയിലേക്കുള്ള രമേഷ് ലട്‌കെയുടെ യാത്രയ്ക്ക് ഞാൻ സാക്ഷിയാണ്. അദ്ദേഹത്തിന്റെ ഭാര്യയെ എംഎല്‍എ സ്ഥാനത്തേയ്‌ക്കെത്തിക്കുകയെന്നത് അദ്ദേഹത്തോടുള്ള ആദരവ് ആകും'' എന്നായിരുന്നു രാജ് താക്കറെയുടെ കത്ത്.
എന്നാല്‍ വിഷയത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നായിരുന്നു ഫട്‌നാവിസിന്റെ മറുപടി.
എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും സമാന ആവശ്യവുമായി ബിജെപിയെ സമീപിച്ചിരുന്നു. രമേശ് ലട്കെയുടെ മരണത്തെതുടര്‍ന്ന് നടത്തുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടതാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശരത് പവാര്‍ ബിജെപിക്ക് കത്തയച്ചത്. വെറും ഒന്നരവര്‍ഷത്തെ കാലാവധിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത് അര്‍ത്ഥ ശൂന്യമാണെന്നും അതുകൊണ്ട് റുതുജ ലട്‌കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടണമെന്നും കത്തില്‍ പറയുന്നു.
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎൽഎ പ്രതാപ് സർനായികും റുതുജ ലട്‌കെയ്ക്കെതിരെ മത്സരിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അതേസമയം തോൽവി ഭയന്നാണ് ബിജെപി മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് ആരോപിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ തകർന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രചാരണ പരിപാടികൾ ബിജെപി ശക്തമാക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ നീക്കം. നവംബർ മൂന്നിനാണ് വോട്ടെടുപ്പ്. ആറിന് വോട്ടെണ്ണലും നടക്കും.