മണിപ്പൂരിലെ ക്രൂരതയ്ക്ക് പിന്നില്‍ മുസ്ലിംനാമധാരിയെന്ന വ്യാജ വാർത്ത: ഖേദം പ്രകടിപ്പിച്ച് എഎൻഐ

മണിപ്പൂരിലെ ക്രൂരതയ്ക്ക് പിന്നില്‍ മുസ്ലിംനാമധാരിയെന്ന വ്യാജ വാർത്ത: ഖേദം പ്രകടിപ്പിച്ച് എഎൻഐ

എഎൻഐയുടെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുശേഷം വാർത്ത വ്യാജമാണെന്ന് വ്യക്തമായിയിരുന്നു. അബ്ദുള്‍ ഹിലിം അറസ്റ്റ് ചെയ്യപ്പെട്ടത് മറ്റൊരു കേസിലാണെന്ന് മണിപ്പൂർ പോലീസ് സ്ഥിരീകരിച്ചു
Updated on
2 min read

മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് നല്‍കിയ വാർത്തയില്‍ ഖേദം പ്രകടിപ്പിച്ച് വാർത്താ ഏജൻസിയായ എഎൻഐ. സംഭവത്തില്‍ അബ്ദുള്‍ ഹിലിം എന്നായാള്‍ പിടിയിലായെന്നായിരുന്നു എഎൻഐ നല്‍കിയ വാർത്ത. എൻഎഐയുടെ വാർത്തയ്ക്ക് പിന്നാലെ മുസ്ലിം നാമധാരിയായ ഒരു പ്രതി പോലീസ് പിടിയിലായെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഖേദപ്രകടനത്തിന് പുറമെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

എഎൻഐയുടെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്ക് ശേഷം വാർത്ത വ്യാജമാണെന്ന് വ്യക്തമായി. അബ്ദുള്‍ ഹിലിം അറസ്റ്റ് ചെയ്യപ്പെട്ടത് മറ്റൊരു കേസിലാണെന്ന് മണിപ്പൂർ പോലീസ് സ്ഥിരീകരിച്ചിരുന്നു. മേയ് നാലിന് കലാപബാധിത സംസ്ഥാനത്ത് അരങ്ങേറിയ പൈശാചിക കൃത്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾ കഴിയവെയാണ് എഎൻഐ ട്വിറ്റർ ഹാൻഡിലിലൂടെ തെറ്റായ വാർത്ത നൽകിയത്. സംഭവം ചർച്ചയായി 12 മണിക്കൂറിനുശേഷം എഎൻഐ വാർത്ത പിൻവലിക്കുകയും ക്ഷമാപണം നടത്തുകയുമായിരുന്നു.

എഎൻഐ നൽകിയ വാർത്ത
എഎൻഐ നൽകിയ വാർത്ത

മണിപ്പൂരിലെ തൗബൽ ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ജൂലൈ ഇരുപതിന് രാത്രി 9.47നായിരുന്നു എഎൻഐയുടെ ട്വീറ്റ്. ലൈംഗികാതിക്രമ കേസിൽ മണിപ്പൂർ പോലീസ് അബ്ദുൽ ഹിലിം എന്ന പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗലീപാക് (പ്രെപാക്) നേതാവിനെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു വാർത്ത. മണിപ്പൂർ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് നൽകിയ വാർത്ത മണിക്കൂറുകൾക്കകം തന്നെ തെറ്റാണെന്ന് തെളിഞ്ഞു. വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.

“മണിപ്പൂർ വൈറൽ വീഡിയോ കേസ് | പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗലീപാക് (പ്രെപാക്) പ്രോയുടെ നേതാവ്, ഇംഫാൽ ഈസ്റ്റിൽ നിന്നുള്ള എംഡി ഇബുംഗോ എന്ന അബ്ദുൾ ഹിലിം (38) എന്നയാളെ ഇംഫാൽ ഈസ്റ്റ് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. തൗബൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ ഹീനമായ കുറ്റകൃത്യത്തിലുൾപ്പെട്ട മൂന്ന് പ്രധാന പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തു: മണിപ്പൂർ പോലീസ്" ഇതായിരുന്നു എഎൻഐയുടെ ട്വീറ്റ്.

ജൂലൈ 20ന് രാത്രി 9.39ന് തൗബൽ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി മണിപ്പൂർ പോലീസ് അറിയിച്ചു. അതിന് പിന്നാലെ പ്രെപാക് പ്രോ കേഡർ മുഹമ്മദ് ഇബുംഗോ എന്ന അബ്ദുൾ ഹിലിമിന്റെ അറസ്റ്റ് മറ്റൊരു കേസിൽ നടന്നതായും മണിപ്പൂർ പോലീസ് അറിയിച്ചിരുന്നു. ഇതിനെ മണിപ്പൂർ വൈറൽ വീഡിയോ കേസ് എന്ന തലക്കെട്ടും വ്യത്യസ്ത സമയങ്ങളിൽ നൽകിയ വാർത്തകളെ ഒരേ ഖണ്ഡികയിൽ ഉൾപ്പെടുത്തുകയും ചെയ്താണ് എഎൻഐ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. പോലീസിന്റെ ട്വീറ്റിൽ ഉണ്ടായ സംശയമാണ് തെറ്റായ വാർത്ത നല്കുന്നതിലേക്ക് നയിച്ചതെന്നാണ് എഎൻഐയുടെ വാദം.

എഎൻഐയുടെ ട്വീറ്റ് വന്നതോടെ ബിജെപി അനുകൂലികളും ഹിന്ദുത്വ പ്രചാരകരും പ്രതി മുസ്ലിം നാമധാരിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം നടത്തിയിരുന്നു. ഭാരതീയ ജനതാ പാർട്ടി നേതാവ് തജീന്ദർ ബഗ്ഗയും വലതുപക്ഷ കമന്റേറ്റർ ഋഷി ബാഗിയുമെല്ലാം സമാന ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു. മറ്റൊരു കേസിൽ അറസ്റ്റിലായ അബ്ദുൽ ഹിലിമിനെ "അബ്ദുൽ ഖാൻ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു പല ട്വീറ്റുകളും.

logo
The Fourth
www.thefourthnews.in