അനില്‍ അംബാനി, സച്ചിന്‍, പ്രമുഖരുടെ കള്ളപ്പണ നിക്ഷേപം പുറത്തെത്തിച്ച പാന്‍ഡോറ പേപ്പേഴ്‌സ്; അന്വേഷണം എന്തായി?
വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ച പാന്‍ഡോറ പേപ്പര്‍ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണം എവിടെവരെയായി? അനില്‍ അംബാനി മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെ ഉള്‍പ്പെട്ട വിവാദത്തില്‍ അന്വേഷണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാകുന്നത്. പലര്‍ക്കും നോട്ടീസ് അയച്ചെന്നു വരുത്തിയത് ഒഴിച്ചാല്‍, ഇഡിയും ആദായനികുതി വകുപ്പും കാര്യമായ നീക്കമൊന്നും ഈ കേസുകളില്‍ സ്വീകരിച്ചിട്ടില്ല.
2021-ലാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഐസിഐജെ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന പ്രമുഖരുടെ രേഖകള്‍ പുറത്തുവിട്ടത്. വന്‍കിട വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ, കായിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വന്‍ നിരയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
14 ഓഫ്‌ഷോര്‍ സേവനദാതാക്കളില്‍നിന്ന് ശേഖരിച്ച 1.9കോടി രഹസ്യ വിവരങ്ങള്‍ അടങ്ങിയതായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാനായി വിവിധ അന്വേഷണ ഏജന്‍സികളെ ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സമിതിയുണ്ടാക്കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വിദേശത്തുള്ള 482 പേര്‍ക്ക് 2022 വരെ നോട്ടീസ് അയച്ചിട്ടുണ്ട്.
ഓഫ്‌ഷോര്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവര ശേഖരാണര്‍ത്ഥം 167 രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കൂട്ടായ്മയായ എഗ്മോണ്ട് ഗ്രൂപ്പിനും ഇ ഡി കത്ത് നല്‍കിയിരുന്നു. കേസിലെ പ്രമുഖര്‍ക്കെതിരായ അന്വഷണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം.
അനില്‍ അംബാനി
സൈപ്രസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ജഴ്‌സി എന്നിവിടങ്ങളിലായി അനില്‍ അംബാനിക്ക് 18 ഓഫ്‌ഷോര്‍ കമ്പനികള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. 130കോടിയുടെ നിക്ഷേപം ഇവയില്‍ അനില്‍ അംബാനിക്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സൈപ്രസ്, ജഴ്‌സി എന്നിവിടങ്ങളിലെ വിവരങ്ങള്‍ ലഭിക്കാനായി എഗ്മോണ്ട് റിക്വസ്റ്റ് അയച്ചു. വിദേശ നാണ്യ വിനിമയ ചട്ടം പ്രകാരം അനില്‍ അംബാനിക്കും ഭാര്യ ടിന അംബാനിക്കും സമന്‍സ് അയച്ചു. ഇവരുടെ മൊഴി ഇഡിയുടെ മുംബൈ ഓഫീസില്‍ രേഖപ്പെടുത്തി.
സച്ചിന് തെണ്ടുല്‍ക്കര്‍
സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന ബിവിഐ കമ്പനിയുടെ ഗുണഭോക്തൃ ഉടമകളായിരുന്നു സച്ചിനും കുടുംബാംഗങ്ങളും എന്നായിരുന്നു പാന്‍ഡോറ പേപ്പര്‍ റിപ്പോര്‍ട്ട്. പനാമ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ 2016-ല്‍ സാസ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനരഹിതമായി. പിന്നാലെ, കമ്പനിയുടെ ഓഹരികള്‍ സച്ചിനും ഭാര്യ അഞ്ജലിയും അവരുടെ പിതാവും തിരികെ വാങ്ങി.
വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഐടിആര്‍ വിശദാംശങ്ങള്‍ക്കായി ആദായനികുതി വകുപ്പ് സച്ചിന് നോട്ടീസ് നല്‍കിയിരുന്നു. വിവരങ്ങള്‍ ആവശ്യപ്പെട്ട് സച്ചിന്റെ കമ്പനിയുടെ സിഇഒയ്ക്കും അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനും നോട്ടീസ് അയച്ചു. ബിവിഐയുടെ വിവരങ്ങള്‍ ശേഖരിക്കാനായി എഗ്മോണ്ട് റിക്വസ്റ്റ് അയച്ചു.
നീര റാഡിയ
അഞ്ച് ഓഫ്‌ഷോര്‍ കമ്പനികളില്‍ നീരാ റാഡിയയ്ക്ക് നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. ബിവിഐ കമ്പനികളിലൊന്നിലൂടെ, ദുബൈയില്‍നിന്ന് രണ്ടു കോടി രൂപ വിലവരുന്ന വാച്ച് വാങ്ങിയത് ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നീര റാഡിയയുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. നിക്ഷേപമുള്ള കമ്പനികളുടെ വിവരങ്ങള്‍ നല്‍കാനും ഇ ഡി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, റാഡിയയുടെ വീട് റെയ്ഡ് ചെയ്യുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഹരീഷ് സാല്‍വെ
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക് ബിവിഐ കമ്പനിയില്‍ നിക്ഷേപമുണ്ടെന്നും ഈ കമ്പനികള്‍ മുഖേന ലണ്ടനില്‍ ഭൂമി ഇടപാടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പനാമ പേപ്പറിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങളിലുമായി ഇഡി അദ്ദേഹത്തിന്റെ മൊഴിയെടുത്തു.