'ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്'; രാഹുൽ ഗാന്ധിക്കെതിരെ അനിൽ ആന്റണി
ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടണമെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ സ്ഥിതി തുടർന്നാല്‍ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2017ന് ശേഷമുള്ള കോൺഗ്രസിന്റെ അവസ്ഥ ഒരു കദനകഥയാണെന്നും അനിൽ പരിഹസിക്കുന്നു.
രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് അനിലിന്റെ വിമർശനം. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നിലപാട് തള്ളി അനില്‍ രംഗത്തുവന്നിരുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരിക്കെയായിരുന്നു ഇടപെടല്‍. വിവാദമായതോടെ അദ്ദേഹം പാർട്ടി പദവികളില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.
മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ട് വര്‍ഷം രാഹുലിന് തടവുശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അയോഗ്യനാക്കി കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത്. സൂറത്ത് കോടതി വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ടാകും. ഇന്നലെയാണ് സൂറത്ത് കോടതി 2019 ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. അപ്പീല്‍ പോകാന്‍ മുപ്പത് ദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു. അതിനിടയിലാണ് ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ നടപടി.