'മരിക്കുന്നത് വരെ കോണ്‍ഗ്രസ്, 
അനിലിന്റെ തീരുമാനം വേദനിപ്പിച്ചു'; വികാരാധീനനായി ആന്റണി
THE FORTH

'മരിക്കുന്നത് വരെ കോണ്‍ഗ്രസ്, അനിലിന്റെ തീരുമാനം വേദനിപ്പിച്ചു'; വികാരാധീനനായി ആന്റണി

ബിജെപിയില്‍ ചേരാനുള്ള തീരുമാനം വേദനയുണ്ടാക്കിയെന്ന് എകെ ആന്റണി
Updated on
2 min read

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം തീര്‍ത്തും തെറ്റായ തീരുമാനമെന്ന് എകെ ആന്റണി. ബിജെപിയില്‍ ചേരാനുള്ള തീരുമാനം വേദനയുണ്ടാക്കിയെന്നും മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വാക്കുകള്‍ ഇടറി വികാരാധീനനായിട്ടായിരുന്നു ആന്റണിയുടെ പ്രതികരണം. മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. അനിലിന്റെ ബിജെപി പ്രവേശന വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിതെന്നും എകെ ആന്റണി വ്യക്തമാക്കി.

മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും

'എനിക്ക് 82 വയസായി. എത്ര ജീവിച്ചിരിക്കുമെന്ന് അറിയില്ല. എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കല്‍പോലും ഞാന്‍ തയ്യാറാകില്ല, ഇത് ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ്'. എകെ ആന്റണി വ്യക്തമാക്കി.

'മരിക്കുന്നത് വരെ കോണ്‍ഗ്രസ്, 
അനിലിന്റെ തീരുമാനം വേദനിപ്പിച്ചു'; വികാരാധീനനായി ആന്റണി
'കൈ' അല്ല, താമരക്കുമ്പിള്‍! അനില്‍ ആന്റണി ബിജെപിയില്‍

ഇന്ത്യാ രാജ്യത്തിന്റെ ഐക്യത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുടർച്ചയായ ശ്രമമാണ് നടക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അൽപം സാവകാശത്തിലാണ് കാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ, രണ്ടാം മോദി സർക്കാർ നാനാത്വത്തിൽ ഏകത്വത്തിലേക്ക് എന്നതിന് പകരം ഏകത്വത്തിലേക്ക് എന്ന ഉറച്ച നടപടികളുമായി മുന്നോട്ടുപോവുകയാണ്. എല്ലാ രം​ഗത്തും ഏകത്വ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഫലമെന്താണെന്നാൽ, രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു. ജനങ്ങളുടെ ഇടയിൽ ഐക്യം ശിഥിലമാകുന്നു. സാമൂഹിക ഐക്യം ദുർബലമാകുന്നു. ഇത് ആപത്ക്കരമാണെന്നും ആന്റണി പറഞ്ഞു.

'മരിക്കുന്നത് വരെ കോണ്‍ഗ്രസ്, 
അനിലിന്റെ തീരുമാനം വേദനിപ്പിച്ചു'; വികാരാധീനനായി ആന്റണി
അനില്‍ ആന്റണി സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം ചുവടുവയ്ക്കുമ്പോള്‍

അവസാനശ്വാസം വരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും എകെ ആന്റണി വ്യക്തമാക്കി. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം എടുത്ത് പറഞ്ഞായിരുന്നു ആന്റണിയുടെ പ്രതികരണം. ഇന്ദിരാ ഗാന്ധിയോടും കൂടുംബത്തോടും ആദരവും സ്‌നേഹവും മാത്രമാണ്. എന്റെ കൂറ് എക്കാലവും നെഹ്‌റു കുടുംബത്തോടായിരിക്കും എന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, പിതാവിനെ ഒറ്റിയ യൂദാസാണ് അനില്‍ ആന്റണിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പരിഹസിച്ചു. പെസഹ വ്യാഴത്തിന്റെ സന്ദേശം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു അനില്‍ അന്റണിയുടെ ബിജെപി പ്രവേശനത്തോട് കെ സുധാകരന്‍ പ്രതികരിച്ചത്. പാര്‍ട്ടിയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് അനില്‍ ആന്റണി, അദ്ദേഹം കോണ്‍ഗ്രസ് വിട്ടതില്‍ എ കെ ആന്റണിയ്ക്ക് വിഷമമുണ്ടെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നത്തെ ദിവസം ചതിയുടേയും വഞ്ചനയുടേയും ദിവസമാണ് ആ ദിവസത്തില്‍ തന്നെ ഇത്തരത്തില്‍ സംഭവിച്ചു എന്നത് യാദൃശ്ചികം ആകാം. അദ്ദേഹം പാര്‍ട്ടി വിട്ടതില്‍ വേവലാതിപ്പെടേണ്ട കാര്യമില്ല. ആന്റണിയുടെ മകന്‍ എന്നതിനപ്പുറത്ത് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ഒന്നുമല്ല. അനില്‍ ആന്റണി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല കൊടികുത്തി നടന്നിട്ടില്ല, പോസ്റ്റര്‍ ഒട്ടിച്ചു നടന്നിട്ടില്ല, സിന്ദാബാദ് വിളിച്ചിട്ടില്ല, ജാഥ സംഘടിപ്പിച്ചിട്ടില്ല, സമരം ചെയ്തിട്ടില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

അതേസമയം, കോണ്‍ഗ്രസ് വിട്ട് നേരത്തെ ബിജെപിയില്‍ പോയ നേതാക്കളുടെ അവസ്ഥയും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയവരൊക്കെ അന്ത്യനാള്‍ പ്രതീക്ഷിച്ച് ശവപ്പറമ്പില്‍ കിടക്കുകയാണ്. ആന്റണിയുടെ വീട്ടില്‍ നിന്ന് ഒരാളെ കിട്ടിയാല്‍ ഇന്ത്യാ രാജ്യം പിടിച്ചടക്കാന്‍ കഴിയും എന്ന മൂഢ സ്വര്‍ഗത്തില്‍ സ്വപ്നം കാണുന്നവരാണ് ബിജെപിക്കാരെന്നും കെ സുധാകരന്‍ പരിഹസിച്ചു.

logo
The Fourth
www.thefourthnews.in