അരിക്കായി നെട്ടോട്ടമോടി കർണാടക,'അന്ന ഭാഗ്യ' പദ്ധതി വൈകും ; ഗ്യാരണ്ടികൾ നടപ്പായില്ലെങ്കിൽ സമരമെന്ന ഭീഷണിയുമായി യെദ്യൂരപ്പ
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ബിപിഎൽ കുടുംബങ്ങൾക്ക് പത്ത് കിലോഗ്രാം സൗജന്യ അരി നൽകുന്ന അന്ന ഭാഗ്യ പദ്ധതി തുടങ്ങാനാവാതെ വലഞ്ഞ് കർണാടക സർക്കാർ. ആവശ്യമായ അരി നൽകാൻ കേന്ദ്രം കനിയാതായതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അരി ലഭ്യമാക്കാനുള്ള ശ്രമം ഊർജിതമാക്കുകയാണ് സർക്കാർ. ജൂലൈ ഒന്നിന് പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും അരി ലഭ്യത ഉറപ്പുവരുത്താൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ഓഗസ്റ്റ് മാസം ആദ്യവാരം പദ്ധതി തുടങ്ങാമെന്നാണ് കരുതുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചു.
അരിക്ഷാമത്തെ കുറിച്ച് സംസാരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ തങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പടെയുള്ള മന്ത്രിമാർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. അന്ന ഭാഗ്യ പദ്ധതി നടപ്പിലാവാതിരിക്കാൻ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കെ എച്ച് മുനിയപ്പ ആരോപിച്ചു.
കർണാടകയ്ക്ക് അരി നൽകാമെന്നേറ്റ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പിൻവാങ്ങിയതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലെത്തി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നത്തിൽ ഇടപെടാമെന്നു അമിത്ഷാ ഉറപ്പു നൽകിയതായാണ് സിദ്ധരാമയ്യ അവകാശപ്പെട്ടത്. അരി വിഷയം കർണാടകയിൽ കോൺഗ്രസ് - ബിജെപി പോരിലെത്തി നിൽക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രസർക്കാർ എഫ് സി ഐ അരി തരുന്നത് മുടക്കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അധികാരം പിടിക്കാൻ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന പ്രത്യാരോപണമാണ് ബിജെപിയുടേത്. അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കാൻ 4.45 ലക്ഷം മെട്രിക് ടൺ അരിയാണ് കർണാടകയ്ക്ക് ആവശ്യം. 2.17 ലക്ഷം മെട്രിക് ടൺ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കേന്ദ്ര സർക്കാർ നൽകും. ബാക്കി വരുന്ന 2.28 ലക്ഷം മെട്രിക് ടൺ അരിയാണ് കർണാടക കണ്ടെത്തേണ്ടത്. നിലവിൽ പഞ്ചാബും ഛത്തീസ്ഗഡും അരി നൽകാമെന്ന് ഏറ്റിട്ടുണ്ട് എന്നതുമാത്രമാണ് സിദ്ധരാമയ്യ സർക്കാരിനെ സംബന്ധിച്ച് താത്കാലിക ആശ്വാസം. അതേസമയം കോൺഗ്രസ് സർക്കാരിനെതിരെ പ്രത്യക്ഷ സമരപരിപാടിക്ക് രൂപം നൽകുകയാണ് പ്രതിപക്ഷം.
വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് അധികാരം ഒഴിയണമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. മുൻ നിശ്ചയിച്ച പ്രകാരം ഗ്യാരണ്ടികൾ എല്ലാം നടപ്പിലാക്കിയില്ലെങ്കിൽ സർക്കാരിനെതിരെ നിയമസഭക്ക് അകത്തും പുറത്തും ബിജെപി സമരം പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ ആദ്യ വാരം തുടങ്ങുന്ന നിയമസഭാ സമ്മേളനം വരെ സർക്കാരിന് ബിജെപി സാവകാശം നൽകും.
അന്ന ഭാഗ്യ ഉൾപ്പടെ അഞ്ചു പ്രധാന വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വോട്ടർമാർക്ക് മുന്നിൽ വച്ചത്. ഇതിൽ വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം മാത്രമാണ് നടപ്പിലാക്കാനായത്. എല്ലാ വീടുകൾക്കും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമെന്ന വാഗ്ദാനം വൈകാതെ പ്രാവർത്തികമാകും. അതിനിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ സർക്കാരിനെതിരെ ജനരോഷം ഉയർന്നിരിക്കുകയാണ്.
ബിജെപി സർക്കാരിന്റെ കാലത്തു തീരുമാനിച്ച നിരക്ക് വർധന പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ നടപ്പിലായില്ലെന്നും അതിപ്പോൾ പ്രാബല്യത്തിൽ വന്നെന്നുമാണ് സിദ്ധരാമയ്യ സർക്കാർ നൽകുന്ന വിശദീകരണം. നിരക്ക് വർധനയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കർണാടകയിൽ വാണിജ്യ ഉപഭോക്താക്കളുടെ സംഘടന ബന്ദ് ആചരിച്ചു.