അന്ന ഭാഗ്യക്ക് അരി ഇല്ല, പണം നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിക്കും; കേന്ദ്രത്തെ വെല്ലുവിളിച്ച് കർണാടക

അന്ന ഭാഗ്യക്ക് അരി ഇല്ല, പണം നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിക്കും; കേന്ദ്രത്തെ വെല്ലുവിളിച്ച് കർണാടക

അഞ്ചു കിലോഗ്രാം അരി നേരിട്ട് നൽകും, അഞ്ചു കിലോഗ്രാമിന്റെ പണം കാർഡ് ഉടമയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും
Updated on
1 min read

കർണാടകയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത 10 കിലോഗ്രാം അരി സൗജന്യമായി നൽകുന്ന 'അന്ന ഭാഗ്യ' പദ്ധതി നിബന്ധനകളോടെ തുടങ്ങാൻ കർണാടക സർക്കാർ. അഞ്ച് കിലോഗ്രാം അരി നേരിട്ടും ബാക്കി അഞ്ച് കിലോഗ്രാം അരിക്ക് വരുന്ന പണം പ്രയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും സർക്കാർ തീരുമാനിച്ചു. വാഗ്ദാനം പാലിക്കാൻ മതിയായ അരി ലഭ്യമാക്കാൻ സാധിക്കാതെ വന്നതോടെയാണ് ഈ നീക്കം. ഇത് സംബന്ധിച്ച്‌ മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടതായി ഭക്ഷ്യ മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചു.

പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ശത്രുവാണ് ബിജെപി

സിദ്ധരാമയ്യ

10 കിലോഗ്രാമിൽ 5 കിലോഗ്രാം അരി ആയും അവശേഷിക്കുന്ന 5 കിലോഗ്രാമിന് തത്തുല്യമായ തുക കാർഡ് ഉടമകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനുമാണ് തീരുമാനം. ഒരു കിലോഗ്രാം അരിക്ക് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുന്ന 34 രൂപ നിരക്കിലാണ് പണം നിക്ഷേപിക്കുക. ഇതനുസരിച്ച്‌ ഒരു കുടുംബത്തിന് പ്രതിമാസം 170 രൂപ ലഭിക്കും . അന്ന ഭാഗ്യ പദ്ധതി നടപ്പിലാകാതിരിക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി തുരങ്കം വെച്ചതോടെയാണ് വാഗ്ദാനം നിറവേറ്റാൻ പുതുവഴി ആലോചിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു . പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ശത്രുവാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു .

അന്ന ഭാഗ്യക്ക് അരി ഇല്ല, പണം നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിക്കും; കേന്ദ്രത്തെ വെല്ലുവിളിച്ച് കർണാടക
കേന്ദ്രം അരി തരുന്നില്ല; കർണാടക സർക്കാർ സമരത്തിന്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വോട്ടർമാർക്ക് നൽകിയ അഞ്ചിന ഗ്യാരണ്ടികളിൽ ഒന്നായിരുന്നു ബിപിഎൽ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോഗ്രാം അരി സൗജന്യമായി നൽകുമെന്നത്. എന്നാൽ കേന്ദ്ര സർക്കാർ അധിക അരിവിഹിതം നൽകില്ലെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായി. നേരത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അരി നൽകാമെന്ന് ഏറ്റിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ പിൻവാങ്ങി. അരി ലഭിക്കാൻ ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബും ഛത്തീസ്ഗഡും അരി നൽകാമെന്ന് ഏറ്റെങ്കിലും അതും പര്യാപതമായിരുന്നില്ല .

'അന്ന ഭാഗ്യ' പദ്ധതിക്കായി കര്‍ണാടകക്ക് 4.45 ലക്ഷം മെട്രിക് ടണ്‍ അരി ആവശ്യമാണ്. ഇതില്‍ 2.17 ലക്ഷം മെട്രിക് ടണ്‍ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ള 2.28 ലക്ഷം മെട്രിക് ടണ്‍ അരിയായിരുന്നു സംസ്ഥാനം സ്വന്തമായി കണ്ടെത്തേണ്ടിയിരുന്നത് .

logo
The Fourth
www.thefourthnews.in