കഫീൽ ഖാനെതിരെ വീണ്ടും കേസ്; പുസ്തകം വിറ്റ് കലാപം നടത്താൻ പണം കണ്ടെത്തിയെന്ന് ആരോപണം
ഡോ കഫീൽ ഖാനെതിരെ വീണ്ടും കേസ്. തന്റെ പുസ്തക വില്പനയിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് കലാപം നടത്താനുള്ള രഹസ്യനീക്കം നടത്തിയെന്നാരോപിച്ച് വ്യവസായി മനീഷ് ശുക്ല നൽകിയ പരാതിയിലാണ് കേസ്. 2017ൽ ഗോരഖ്‌പൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ യുപി സംസ്ഥാന സർക്കാരും മന്ത്രിമാരും ഉത്തരവാദികളാണെന്നു ചൂണ്ടിക്കാണിക്കുന്ന കഫീൽ ഖാന്റെ ഓർമ്മക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന പുസ്തകം നേരത്തെ തന്നെ വിവാദമാവുകയും, ഗോരഖ്‌പൂർ സംഭവത്തിൽ ഡോ കഫീൽ ഖാൻ ഉത്തരവാദിയാണെന്നു കാണിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി 2020 സെപ്റ്റംബറിൽ കഫീൽ ഖാനെ ഉടൻ ജയിൽ മോചിതനാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചതിന് യോഗി ആദിത്യനാഥ് ഉൾപ്പെടെ മന്ത്രിസഭയിലുള്ളവർക്കും സർക്കാരിനുമാണ് ഉത്തരവാദിത്വമെന്ന് പൗരത്വ പ്രതിഷേധ യോഗങ്ങളിൽ പ്രസംഗിച്ചതിനാണ് കഫീൽ ഖാൻ അറസ്റ്റു ചെയ്യപ്പെടുന്നത്.
കഫീൽ ഖാനും മറ്റു നാലുപേരും ചേർന്ന് കലാപം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നത് താൻ ഒളിഞ്ഞുകേട്ടു എന്നാണ് മനീഷ് ശുക്ല പറയുന്നത്. കലാപാസൂത്രണം, മതവികാരം വ്രണപ്പെടുർത്തൽ, രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കൽ തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പുകൾ. ലക്‌നൗവിലെ കൃഷ്ണ നഗർ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കഫീൽ ഖാനെതിരെ 2017 മുതൽ ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ദി ക്വിന്റ റിപ്പോർട്ട് ചെയ്യുന്നു.
എഫ്ഐആറിലെ വിവരങ്ങളിൽ കഫീൽ ഖാൻ ഞെട്ടൽ രേഖപ്പെടുത്തി. "ഈ നിയമനടപടികളുടെ സമയക്രമം ശ്രദ്ധിച്ചത് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശങ്ങൾ മനസ്സിലാക്കാനാകും." അദ്ദേഹം പറഞ്ഞു. അവർക്ക് ഷാരൂഖ് ഖാനെ തൊടാനാകില്ല. എന്നാൽ തന്നെ അറസ്റ്റ് ചെയ്യാനാകും. കഫീൽഖാൻ പറഞ്ഞു. ഷാരൂഖ് ഖാന്റെ ജവാൻ സിനിമയിൽ കഫീൽ ഖാനുമായി സാദൃശ്യമുള്ള ഒരു കഥാപാത്രമുണ്ടായിരുന്നു. തന്റെ കഥകൂടി ഉൾപ്പെടുത്തിയതിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ട് കഫീൽ ഖാൻ ഷാരുഖിന് കത്തയച്ചിരുന്നു.
ഏഴുമാസത്തെ ജയിൽവാസത്തിനു ശേഷമാണ് അദ്ദേഹം മഥുര ജയിലിൽ നിന്ന് 2020ൽ പുറത്തിറങ്ങുന്നത്. ഗോരഖ്‌പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിന്റെ ഭാഗമായ നെഹ്‌റു ഹോസ്പിറ്റലിൽ 63 കുട്ടികളും 18 മുതിർന്നവരും ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവം നടക്കുമ്പോൾ കഫീൽ ഖാൻ അവിടെ പീഡിയാട്രീഷ്യൻ ആയിരുന്നു. ഈ സംഭവം പുറത്ത് പറഞ്ഞതോടെ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി കഫീൽ ഖാനെ കരുവാക്കുകയായിരുന്നു എന്ന വിമർശനങ്ങൾ അന്ന് ശക്തമായി ഉയർന്നിരുന്നു.
കാലങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷമാണ് കഫീൽ ഖാൻ പുറത്തിറങ്ങുന്നത്. അദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പുകൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞു കോടതി പുറത്തിറക്കിയ വ്യക്തിക്കെതിരെ വീണ്ടും സമാനമായ മറ്റൊരു ആരോപണത്തിന്റെ പേരിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ഇത്തവണ ആരോപണങ്ങൾ ദി ഗോരഖ്‌പൂർ ട്രാജഡി; എ ഡോക്‌ടേഴ്‌സ് മെമോയർ ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രിസിസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ ചുറ്റിപ്പറ്റിയാണ്.