ജി20 വിരുദ്ധസമ്മേളനം പൂട്ടിച്ച് കേന്ദ്രം
രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജി 20 വിരുദ്ധ സെമിനാര്‍ റദ്ദാക്കി. പരിപാടി നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് സിപിഎം പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ആരംഭിച്ച 'വി ട്വന്റി' എന്ന പരിപാടി റദ്ദാക്കിയത്.
G-20 വിരുദ്ധ സമ്മേളനത്തിന് എതിരായ നീക്കം കേന്ദ്രസർക്കാർ ശക്തമാക്കിയതോടെയാണ് പരിപാടി അവസാനിപ്പിച്ചത്. രണ്ടാം ദിവസം തന്നെ സമ്മേളനം തടയാൻ പോലീസ് എത്തിയിരുന്നു. സംഘാടകരും പോലീസും തമ്മിൽ സംഘർഷത്തിന്റെ വക്കോളമെത്തിയ തർക്കത്തിനൊടുവിൽ പോലീസ് പിന്മാറുകയായിരുന്നു. എന്നാൽ മൂന്നാം ദിവസം സമ്മേളനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവുമായാണ് പോലീസ് എത്തിയത്. ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയതോടെയാണ് സമ്മേളനം ഉപേക്ഷിക്കാൻ സംഘാടകർ തീരുമാനിച്ചത്.
രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും സംയുക്തമായാണ് ഡൽഹിയിലെ സുർജിത് ഭവനിൽ മൂന്ന് ദിവസത്തെ ജനകീയ സമ്മേളനം സംഘടിപ്പിച്ചത്. ജി 20 സംഘടനയുടെ നയങ്ങൾക്കും പരിപാടികൾക്കും എതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ രണ്ട് ദിവസവും സമ്മേളനത്തിൽ ഉയർന്നത്. രാഷ്ട്രീയ നേതാക്കളായ ജയറാം രമേശ്, അനിൽ ഹെഗ്ഡെ, സാമ്പത്തികശാസ്ത്രജ്ഞ ജയന്തി ഘോഷ്, പരിസ്ഥിതി പ്രവർത്തക വന്ദനശിവ തുടങ്ങിവർ സെമിനാറിൽ സംസാരിച്ചിരുന്നു.
അടുത്തമാസം ഡൽഹിയിൽ G 20 നേതാക്കളുടെ ഉച്ചകോടി നടക്കാനിരിക്കെയാണ്. ഉച്ചകോടിക്ക് എതിരെ ഡൽഹിയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണ് പോലീസ് നടപടിയിൽ റദ്ദാക്കപ്പെട്ട WE 20 സമ്മേളനം.