ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം

ജനുവരി 27 ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം
Updated on
1 min read

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതികൾക്ക് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, ഏഴാം പ്രതിയും മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ ബി ശ്രീകുമാർ, പതിനൊന്നാം പ്രതി പി എസ് ജയപ്രകാശ് എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് .

ജാമ്യത്തിലായിരിക്കെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഇന്ത്യ വിട്ട് പോകരുതെന്നും പ്രതികളോട് കോടതി നിര്‍ദേശിച്ചു

ജനുവരി 27 ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. ഹാജരായ ശേഷം പ്രതികളെ അറസ്റ്റ് ചെയതാൽ ഉപാധികളോടെ ജാമ്യത്തിൽ വിടണം. ഒരു ലക്ഷം രൂപയുടെ ബോണ്ടും ആൾ ജാമ്യവുമാണ് വ്യവസ്ഥ. അതേസമയം ജാമ്യത്തിലായിരിക്കെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും, ഇന്ത്യ വിട്ട് പോകരുതെന്നും പ്രതികളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തിങ്കള്‍ ,വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാനും ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

1994 ല്‍ നടന്ന കേസില്‍ 29 വര്‍ഷം കഴിഞ്ഞാണ് അന്വോഷണമെന്നും അതിനാൽ ഇപ്പോഴുള്ള അന്വേഷണത്തിൽ കാര്യമില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു മാത്രമാണ് സിബിഐയുടെ വാദം. മറ്റ് തെളിവില്ലാതെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമെന്തെന്ന് വാദത്തിനിടെ കോടതി തന്നെ ചോദിച്ചിരുന്നു.

ക്രിമിനല്‍ നടപടി ചട്ടം 41എ പ്രകാരം നോട്ടീസ് ലഭിച്ചതോടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. വീണ്ടും കേസ് ഹൈക്കോടതിയോട് പരിഗണിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. തുടര്‍ന്നു ഹൈക്കോടതിയിൽ പ്രതികൾ വീണ്ടുമെത്തി. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചിൽ കേസെത്തിയെങ്കിലും അദ്ദേഹം പിൻമാറിയിരുന്നു. തുടർന്ന് ജസ്റ്റിസ് കെ ബാബുവാണ് വാദം പൂർത്തിയാക്കി വിധി പറഞ്ഞത്.

logo
The Fourth
www.thefourthnews.in