സവർക്കർക്ക് സമർപ്പിച്ച് ഗാന്ധിസ്മൃതിപഥം മാസിക; ചരിത്രത്തില്‍ ഗാന്ധിയോളം പ്രാധാന്യമെന്ന് വിശദീകരണം
ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കര്‍ക്ക് സമര്‍പ്പിച്ച് പ്രത്യേക മാസിക പുറത്തിറക്കി ദേശീയ ഗാന്ധി സ്മൃതിപഥം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതി (ജി എസ് ഡി എസ് ) പുറത്തിറക്കുന്ന ഹിന്ദി മാസിക അന്തിം ജനിന്റെ ജൂണ്‍ ലക്കമാണ് സവര്‍ക്കര്‍ക്ക് സമര്‍പ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സവര്‍ക്കറുടെ പ്രാധാന്യം ഗാന്ധിയോളമുണ്ടെന്ന് സമിതിയുടെ വൈസ് ചെയർമാനും ബിജെപി നേതാവുമായ വിജയ് ഗോയല്‍ മാസികയുടെ ആമുഖത്തില്‍ കുറിച്ചു. ഗാന്ധിദര്‍ശനങ്ങളുടെ പ്രചരണാര്‍ത്ഥമുള്ള സമിതി വിരുദ്ധ ആശയത്തിലുള്ള സവര്‍ക്കര്‍ക്കായി സമര്‍പ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്.
മാസികയുടെ ജൂണ്‍ ലക്കം മുഖചിത്രം സീതാറാം വരച്ച സവര്‍ക്കറുടെ രേഖാചിത്രമാണ്. 68 പേജുള്ള മാസികയുടെ മൂന്നിലൊന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ നീക്കി വെച്ചിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, മറാത്തി നാടക- ചലച്ചിത്ര എഴുത്തുകാരന്‍ ശ്രീരംഗ് ഗോദ്‌ബോലെ, രാഷ്ട്രീയ നിരൂപകന്‍ ഉമേഷ് ചതുര്‍വേദി, എഴുത്തുകാരന്‍ കനയ്യ ത്രിപാഠി തുടങ്ങിയവരുടെ ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടും. സവര്‍ക്കര്‍ ഒരു വ്യക്തിയല്ല ചിന്തയാണെന്നും ഗാന്ധിജിക്ക് മുന്‍പ് ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ആളാണെന്നും വാജ്‌പേയിയുടെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മധുസൂദന്‍ ചേരേക്കര്‍ ഗാന്ധിയും സവര്‍ക്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതിയപ്പോള്‍ ഗാന്ധി വധ വിചാരണയും സവര്‍ക്കറും എന്ന വിഷയത്തിലാണ് ഗോദ്‌ബോലിന്റെ ലേഖനം. സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളും മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ് 28 ന് സവര്‍ക്കറുടെ ജന്മ വാർഷിക ദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പതിപ്പെന്ന് വിശദീകരണം
ഗാന്ധി ഘാതകനായ ഗോഡ്‌സെ സവര്‍ക്കറുടെ ആശയങ്ങളാല്‍ പ്രചോദനം ഉള്‍ക്കൊണ്ടയാളാണ്. ഗാന്ധി വധ ഗൂഢാലോചനയില്‍ ആരോപണ വിധേയനായിരുന്ന സവര്‍ക്കറെ കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. ഇതാണ് സവര്‍ക്കര്‍ പ്രത്യേക പതിപ്പിനെതിരെ രംഗത്തെത്തുന്നവരുടെ പ്രധാന വിമര്‍ശനം. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമെന്നും സവര്‍ക്കര്‍ രാജ്യ സ്‌നേഹിയെന്നും വിജയ് ഗോയൽ പ്രതികരിച്ചു. ഒരു ദിവസം പോലും ജയിലില്‍ കിടക്കാത്തവരാണ് സവര്‍ക്കറെ പോലൊരു രാജ്യ സ്‌നേഹിയെ വിമര്‍ശിക്കുന്നതെന്നും ഗോയല്‍ കുറ്റപ്പെടുത്തി. ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം സവര്‍ക്കറിന് ലഭിക്കാത്തത് ദുഃഖകരമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ചരിത്രം വളച്ചൊടിക്കുകയാണെന്നും ആര്‍എസ്എസിന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി
ഗാന്ധിയെയും സവര്‍ക്കറെയും താരതമ്യപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി പ്രതികരിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങളെ മലീമസമാക്കാനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാനുമുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തെറ്റായ കരങ്ങളിലാണെന്നും ഈ ഭരണസംവിധാനത്തിന് കീഴില്‍ സമാന സംഭവങ്ങള്‍ ഇനിയുമുണ്ടായേക്കാമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുകയാണെന്നും ആര്‍എസ്എസിന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
1984 ല്‍ സ്ഥാപിക്കപ്പെട്ട ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ പ്രധാന ലക്ഷ്യം വിവിധ സാമൂഹ്യ-സാംസ്‌കാരിക - വിദ്യഭ്യാസ പരിപാടികളിലൂടെ മഹാത്മാ ഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും ചിന്തകളും പ്രചരിപ്പിക്കുക എന്നതാണ്. ഗാന്ധിയന്‍മാരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുടെയും ഒരു നോമിനേറ്റഡ് ബോഡി ആണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയാണ് സമിതിയുടെ ചെയർമാന്‍. സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികത്തോടനുബന്ധിച്ച് മാസികയുടെ അടുത്ത ലക്കം സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സമര്‍പ്പിക്കുമെന്ന് ജി എസ് ഡി എസ് അറിയിച്ചു.