സനാതാനധർമ വിവാദം: വെറുപ്പിന്റെ മാൾ തുറക്കാൻ രാഹുൽ ഗാന്ധി ലൈസൻസ് നൽകി; 'ഇന്ത്യ' മുന്നണിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ
തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിനെതിരെയുളള ബിജെപി നേതാക്കളുടെ വിമര്‍ശനം തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുളള ബിജെപി നേതാക്കൾ ഉദയ നിധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പരസ്യമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും വിമര്‍ശനം കടുപ്പിക്കുകയാണ് . ഉദയ നിധിയുടെ പരമാർശത്തെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയ്ക്കെതിരെയുളള വജ്രായുധമാക്കിയാണ് അനുരാഗ് ഠാക്കൂറിന്റെ വിമർശനം.
ചില നേതാക്കൾ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞുവെന്നും വെറുപ്പിന്റെ മാൾ തുറന്നുവെന്നുമാണ് വിശാലസഖ്യമായ ഇന്ത്യയ്ക്കെതിരെയുളള കേന്ദ്രമന്ത്രിയുടെ വിമർശനം. തനിക്ക് സ്നേഹത്തിന്റെ കടയെക്കുറിച്ച് അറിയില്ലെന്നും എന്നാൽ ചിലർ വെറുപ്പിന്റെ മാൾ തുറന്നിട്ടുണ്ടെന്നുമാണ് പ്രതിപക്ഷത്തിനെതിരെയുളള അനുരാഗ് താക്കൂറിന്റെ പരിഹാസം. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്.
സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾ പറയുന്നു. വെറുപ്പിന്റെ മാൾ തുറക്കാൻ രാഹുൽ ഗാന്ധി അവർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും കേന്ദ്രമന്ത്രി പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ചു. സനാതന ധര്‍മ്മം സാമൂഹ്യ നീതി എന്ന ആശയത്തിന് യോജിച്ചതല്ലെന്നും അത് ഉന്മൂലം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞതിനു പിന്നാലെയാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നും ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നും വലിയ തോതിലുളള വിമർശനങ്ങൾ ഉയരാനിടയായത്. സനാതന ധർമ്മം മലേറിയ, ഡെങ്കി എന്നിവ പോലെയാണെന്നും അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.
കഴിഞ്ഞ ദിവസം സനാതന ധര്‍മ വിവാദത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. സനാതന ധര്‍മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദുവിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാര്‍ട്ടികളെന്നും ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു. സനാതന ധര്‍മം അവസാനിപ്പിച്ച് രാജ്യത്തെ ആയിരം വര്‍ഷം മുന്‍പുള്ള അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചിരുന്നു. സനാതന ധര്‍മത്തില്‍ ശക്തമായ പ്രതികരിക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു മോദിയുടെ ഈ പരാമര്‍ശം.
എന്നാൽ, സനാതന ധര്‍മത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന് വിമര്‍ശനമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആ തന്ത്രങ്ങളില്‍ ഇരയാകരുതെന്നും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. ബിജെപി നടത്തുന്ന അഴിമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അത് പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.