രാജിയില്ലാതെ പിന്നോട്ടില്ല; ഡബ്ല്യൂഎഫ്ഐ പ്രസിഡന്റിനെതിരെ താരങ്ങള്‍ നിയമ നടപടിക്ക്; കായിക മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം
റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന് എതിരായ ലൈംഗിക ആരോപണങ്ങളില്‍ നിയമ വഴി നേടാനൊരുങ്ങി ഗുസ്തി താരങ്ങള്‍. താരങ്ങളും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് താരങ്ങള്‍ നിലപാട് കടുപ്പിച്ചത്. ഡല്‍ഹിയില്‍ കായിക മന്ത്രിയുടെ വസതിയില്‍ ഇന്നലെ രാത്രി നടന്ന ചര്‍ച്ച നാല് മണിക്കൂറോളം നീണ്ട് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ആരോപണ വിധേയനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഇന്ന് വൈകീട്ടോടെ രാജിവെയ്ച്ചില്ലെങ്കില്‍ പോലീസിനെ സമീപിക്കുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ ശനിയാഴ്ചയിലെ ഗുസ്തി ഫെഡറേഷന്‍ യോഗം വരെ കാത്തിരിക്കണം എന്നാണ് മന്ത്രിയുടെ ആവശ്യം. എന്നാല്‍, കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ മന്ത്രിയും കായികതാരങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
രാജ്യത്തെ വനിതാ കായികതാരങ്ങളുടെ താല്‍പര്യം സംരക്ഷിക്കും
പി ടി ഉഷ
അതേസമയം, പ്രതിഷേധവുമായി രംഗത്തുള്ള കായിതാരങ്ങള്‍ക്ക് പിന്‍തുണയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ രംഗത്തെത്തി. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും രാജ്യത്തെ വനിതാ കായികതാരങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും പി ടി ഉഷ പ്രതികരിച്ചു.
അത്ലറ്റുകളുടെ ക്ഷേമത്തിനാണ് ഐഒഎ മുന്‍ഗണന നല്‍കുന്നത്. കായികതാരങ്ങള്‍ മുന്നോട്ട് വരാനും അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതി ഉറപ്പാക്കാന്‍ പൂര്‍ണ്ണമായ അന്വേഷണം ഞങ്ങള്‍ ഉറപ്പാക്കും. ഭാവിയില്‍ ഉണ്ടാകാവുന്ന ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്,' ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഉഷ പറഞ്ഞു.
ശനിയാഴ്ചയിലെ ഗുസ്തി ഫെഡറേഷന്‍ യോഗം വരെ കാത്തിരിക്കണം
കായിക മന്ത്രി
അതേസമയം, സിംഗിന് രാജിവയ്ക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ടെന്നും സ്വമേധയാ രാജി സമര്‍പ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുമെന്നും വിവിധ മാധ്യമ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ചയോടെ ഡബ്ല്യുഎഫ്ഐയുടെ വിശദീകരണം കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചേക്കും.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ബുധനാഴ്ച ഗുസ്തിക്കാര്‍ പ്രതിഷേധം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രാലയം വിഷയത്തില്‍ ഇടപെടുകയും 72 മണിക്കൂറിനുള്ളില്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഡബ്ല്യുഎഫ്ഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 72 മണിക്കൂര്‍ സാവകാശം അഭ്യര്‍ത്ഥിക്കുകയും, പ്രക്ഷോഭം അവസാനിപ്പിച്ച് പരിശീലനത്തിലേക്ക് മടങ്ങാനും കായിക മന്ത്രി ഗുസ്തിക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോപണവിധേയനായ ബിജെപി എംപികൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് നിലവില്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സിങ് സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയും തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
ലഖ്നൗവിലെ ദേശീയ പരിശീലന ക്യാമ്പില്‍ വച്ച് വനിതാ താരങ്ങളെ നിരവധി ദേശീയ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം
ബുധനാഴ്ച്ചയാണ് ഗുസ്തി താരം വിനേഷ് ഫോഗാട്ട് കായികലോകത്തെ ഞെട്ടിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. ലഖ്നൗവിലെ ദേശീയ പരിശീലന ക്യാമ്പില്‍ വച്ച് വനിതാ താരങ്ങളെ നിരവധി ദേശീയ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷന്റെ ഭാഗത്തു നിന്ന് വധഭീഷണി നേരിട്ടുവെന്നും താരങ്ങള്‍ ആരോപിച്ചു. ഇതിനു പിന്നാലെ മറ്റ് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജറംഗ് പുനിയ, അന്‍ഷു മാലിക് എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
വനിതാ താരങ്ങള്‍ക്കെതിരെയുള്ള ലൈഗികാതിക്രമം, വ്യക്തിപരമായ അധിക്ഷേപം, പരിശീലനം നല്‍കാതിരുക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഗുസ്തി ഫെഡറേഷനു നേരെ ഉയര്‍ന്നിട്ടുള്ളത്. കായിക താരങ്ങളുടെ ഭാവി ഇല്ലാതാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെ അത് പിരിച്ചുവിട്ട് പൂര്‍ണമായും പുനസംഘടിപ്പിക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്. ആവശ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്നും താരങ്ങള്‍ പറഞ്ഞു. അന്തിമതീരുമാനം അറിയുന്നത് വരെ സമരം മുന്നോട്ട് കൊണ്ടു പോകാനാണ് അവരുടെ തീരുമാനം. കേരളത്തില്‍ നിന്നുള്ള വനിതാ താരങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിത്തിയിട്ടുണ്ട്.