'വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ വീഴ്ച, ഉന്നത സമിതി യോഗം ചേർന്നിട്ട് രണ്ട് വർഷം'; ഡൽഹി സർക്കാരിനെതിരെ ലഫ്.ഗവർണർ
ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനിടെ സർക്കാരിനെ വിമർശിച്ച് ലഫ്റ്റനന്റ് ഗവർണർ. വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി കഴിഞ്ഞ രണ്ടു വർഷമായി യോഗം ചേർന്നിട്ടില്ലെന്നാണ് ആരോപണം. അരവിന്ദ് കെജ്‍രിവാള്‍, വിവിധ മന്ത്രിമാരെ വെള്ളപ്പൊക്കം ബാധിച്ച ആറ് ജില്ലകളുടെ ചുമതലയേല്‍പ്പിച്ചതിന് പിന്നാലെയാണ് വിമർശനമുന്നയിച്ച് ഗവർണർ രംഗത്തെത്തിയത്.
പിന്നാലെ ആരോപണം സർക്കാർ നിഷേധിച്ചു. ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ (ഐ ആൻഡ് എഫ്‌സി) മന്ത്രി സൗരഭ് ഭരദ്വാജും പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) മന്ത്രി അതിഷിയും സംയുക്തമായി വെള്ളപ്പൊക്കം, വെള്ളക്കെട്ട് പ്രശ്നങ്ങൾ എന്നിവ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസം വടക്കന്‍ ഡല്‍ഹിയിലെ മോറി ഗേറ്റിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ കെജ്‍രിവാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്യാമ്പില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സാധ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെ പഴയപടിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു. പിന്നാലെ, ദുരിതാശ്വാസ ക്യാമ്പുകള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേനയും സന്ദർശിച്ചിരുന്നു.
ജൂണ്‍ 19 ന് റവന്യൂ വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഫയല്‍ നീക്കിയിട്ടും ഈ വര്‍ഷം യോഗം ചേരരുതെന്ന് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു എന്നാണ് ഗവര്‍ണറുടെ ഓഫീസ് ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട ഒരു യോഗവും നടന്നിട്ടില്ല. ഈ വര്‍ഷം പുറപ്പെടുവിച്ചിട്ടുള്ള വെള്ളപ്പൊക്ക നിയന്ത്രണ ഉത്തരവ് ഉന്നത സമിതിയുടെ യോഗങ്ങളില്ലാതെയും മുന്നൊരുക്കങ്ങളില്ലാതെയുമാണ് നടന്നിട്ടുള്ളതെന്നാണ് ആരോപണം.
അപകടനില നിരീക്ഷിച്ച് ദുര്‍ബലമായ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതാണ് ഈ സമിതിയുടെ ഉത്തരവാദിത്വം. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം നടപ്പിലാക്കേണ്ടതും സമിതിയുടെ ചുമതലയാണ്. എല്ലാ വര്‍ഷവും മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് ജൂണ്‍ അവസാനത്തോടെ യോഗം ചേരേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളപ്പൊക്ക നിയന്ത്രണ ഉത്തരവെല്ലാം പാസാക്കുന്നത്.
അതേസമയം, പ്രളയ ബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 'യമുന നദിക്ക് സമീപത്തുള്ളവര്‍ക്ക് വലിയ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ചില കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടിലെ എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സഹായകമായി ഓരോ കുടുംബത്തിനും 10000 രൂപ വീതം നഷ്ടപരിഹാരം നല്‍കും. പ്രളയത്തില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പ്രളയത്തില്‍ സ്‌കൂള്‍ യൂണിഫോമും പുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പുതിയത് വിതരണം ചെയ്യും'. കെജ്‍രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.