ഇന്ത്യയില്‍ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍; ചർച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്

ഇന്ത്യയില്‍ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍; ചർച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്

രാജ്യത്ത് 'ആപ്പിൾ പേ' ആരംഭിക്കാൻ ആപ്പിൾ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ
Updated on
2 min read

ടെക് ഭീമനായ ആപ്പിൾ കമ്പനിയുടെ സ്വന്തം ക്രെഡിറ്റ് കാർഡ് ഇന്ത്യയിൽ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് 'ആപ്പിൾ പേ' ആരംഭിക്കാൻ ആപ്പിൾ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ ശശിധർ ജഗ്ദീഷനുമായി കൂടിക്കാഴ്ച നടത്തിയതായി മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍, റൂപേ പ്ലാറ്റ്ഫോമിന്റെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടതാണോ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി (യുപിഐ) ബന്ധപ്പെട്ടതാണോ ചർച്ചകൾ എന്ന് വ്യക്തമല്ല.

ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കുമായി ആപ്പിള്‍ ചർച്ചകള്‍ നടത്തുന്നുണ്ടെന്ന് മണികണ്‍ട്രോളിന്റെ റിപ്പോർട്ടില്‍ പറയുന്നു

ഇന്ത്യയിൽ, ബാങ്കുകൾക്ക് മാത്രമേ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാൻ കഴിയൂ. മൊബൈൽ ഫോണിലൂടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് തടസമില്ലാത്തതും വേഗതയേറിയതുമായ പേയ്മെന്റുകൾ നടത്താൻ യുപിഐ സംവിധാനവുമുണ്ട്. എന്നാല്‍, കാർഡ് പുറത്തിറക്കുന്നതിനായി റിസർവ് ബാങ്കുമായി ആപ്പിള്‍ ചർച്ചകള്‍ നടത്തുന്നുണ്ടെന്ന് മണികണ്‍ട്രോളിന്റെ റിപ്പോർട്ടില്‍ പറയുന്നു. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾക്കായി പതിവ് നടപടിക്രമങ്ങൾ പാലിക്കാൻ റിസർവ് ബാങ്ക് കമ്പനിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിലവിൽ ഗോൾഡ്മാൻ സാച്ചെസുമായി ചേർന്ന് ആപ്പിൾ, അമേരിക്കയിൽ പ്രീമിയം ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുണ്ട്.

2022 -23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 50,000 കോടിയാണ് ആപ്പിളിന്റെ വരുമാനം. അടുത്തിടെ ടിം കുക്ക് ഇന്ത്യ സന്ദർശിച്ചപ്പോൾ, മുംബൈയിലും ഡൽഹിയിലുമായി രണ്ട് എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ കൂടി ആരംഭിച്ചിരുന്നു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിളിന് ഇന്ത്യയിൽ വൻ വിറ്റഴിവുണ്ട്. 2022 -23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 50,000 കോടിയാണ് ആപ്പിളിന്റെ വരുമാനം. അടുത്തിടെ ടിം കുക്ക് ഇന്ത്യ സന്ദർശിച്ചപ്പോൾ, മുംബൈയിലും ഡൽഹിയിലുമായി രണ്ട് എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ കൂടി ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ഐഫോൺ ഉൽപാദനത്തിന്റെ ഗണ്യമായ ഭാഗം ആപ്പിൾ ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രണ്ട് കോടി ഉപയോക്താക്കളും മൊത്തം സ്മാർട്ട്ഫോൺ വിപണിയുടെ നാല് ശതമാനം വിഹിതവും ആപ്പിളിനുണ്ട്.

ഇന്ത്യയിൽ, ആപ്പിളിന് അതിന്റെ ലോഗോയും ഉപഭോക്താവിന്റെ പേരും വച്ച് കാർഡ് അവതരിപ്പിക്കാൻ കഴിയില്ല. യുഎസിൽ, ഗോൾഡ്മാൻ സാച്ച്സ്, മാസ്റ്റർകാർഡ് എന്നിവയുടെ ബ്രാൻഡ് നാമങ്ങളാണ് ആപ്പിൾ കാർഡിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ നിയമങ്ങള്‍ക്ക് നിരക്കുന്നതല്ല ഇത്. ബാങ്കുമായി ചേർന്നുള്ള സംരംഭങ്ങളിൽ പങ്കാളികൾക്ക് ഉപഭോക്താക്കളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട ഡേറ്റ സംഭരിക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം, ആപ്പിൾ പ്ലാറ്റ്ഫോമുകൾക്ക് കാർഡ് വിശദാംശങ്ങൾ സൂക്ഷിക്കാൻ കഴിയില്ലെന്നതും എടുത്തു പറയേണ്ടതാണ്.

ഇന്ത്യയില്‍ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍; ചർച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്
നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ മറ്റൊരാൾ ഉപയോഗിക്കുന്നതായി സംശയമുണ്ടോ? കണ്ടെത്താൻ വഴിയുണ്ട്

ആപ്പിള്‍ കാർഡ് ഉറപ്പാക്കുന്ന സേവനങ്ങളും റിപ്പോർട്ടുകളില്‍ പറയുന്നുണ്ട്. ആപ്പിൾ കാർഡ് ആപ്പിൾ പേയുമായി സംയോജിപ്പിക്കുകയും ഇതില്‍ ലഭിക്കുന്ന റിവാർഡുകള്‍ ആപ്പിൾ വാലറ്റിൽ നിക്ഷേപിക്കുകയും ചെയ്യും. ഈ കാർഡിന് വാർഷിക ഫീസ് ഉണ്ടാകില്ല. മാത്രമല്ല, അമേരിക്കയില്‍ ഉപയോക്താക്കള്‍ക്ക് പലിശയില്ലാതെ കാർഡുപയോഗിച്ച് ഗഡുക്കളായി ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും. ആപ്പിൾ ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോൾ മൂന്ന് മുതല്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കും, മറ്റ് ടെക് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in