മുസ്‌ലിം പള്ളിയിൽ ഹിന്ദു പെൺകുട്ടിയുടെ വിവാഹം; ഇതും കേരളത്തിന്റെ കഥയെന്ന് എആർ റഹ്മാൻ

മുസ്‌ലിം പള്ളിയിൽ ഹിന്ദു പെൺകുട്ടിയുടെ വിവാഹം; ഇതും കേരളത്തിന്റെ കഥയെന്ന് എആർ റഹ്മാൻ

ആലപ്പുഴയില്‍ 2020 ജനുവരി 19ന് നടന്ന വിവാഹത്തിന്റെ വീഡിയോയാണ് എആര്‍ റഹ്‌മാന്‍ പങ്കുവച്ചത്
Updated on
1 min read

വിദ്വേഷണപ്രചാരണം ലക്ഷ്യമിട്ട് 'ദ കേരള സ്‌റ്റോറി' എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങവെ മുസ്‌ലിം പള്ളിയില്‍ നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍. ആലപ്പുഴ ജില്ലയില്‍ 2020 ജനുവരി 19 ന് നടന്ന വിവാഹത്തിന്റെ വീഡിയോയാണ് റഹ്‌മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. 'ഇതും കേരളത്തിന്റെ കഥയാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുയായിരുന്നു.

ആലപ്പുഴ സ്വദേശികളാണ് ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹമാണ് വീഡിയോയില്‍. ചെറുവളളി മുസ്‌ലിം ജമാഅത്ത് പള്ളിയിൽ 2020 ജനുവരി 19 നു ഹിന്ദു ആചാരങ്ങളോടെയായിരുന്നു വിവാഹം നടന്നത്.

പത്ത് പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയുമാണ് പള്ളി സഹായമായി നല്‍കിയത്

വധുവായ അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തികപ്രയാസമുള്ളതിനാൽ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി.

പള്ളിക്കകത്ത് മണ്ഡപം ഉൾപ്പെടെ ഒരുക്കി ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. ആയിരം പേര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണവും വിളമ്പി.

കേരളത്തില്‍നിന്ന് 32000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ടീസറും വിവാദമായിരുന്നു

'അഭിന്ദനങ്ങള്‍' എന്ന തലക്കെട്ടോടെയാണ് എആര്‍ റഹ്‌മാന്‍ ഈ വീഡിയോ പങ്കുവച്ചത്. മതത്തിന്റെ പേരില്‍ രാജ്യത്ത് മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ കേരളത്തിൽ നടന്ന ഈ കല്യാണം ഒരുപാട് പേര്‍ക്ക് മാതൃകയാവുമെന്ന് എംഎ ആരിഫ് എംപി പറയുന്നത് വീഡിയോയിൽ കാണാം.

കേരളത്തില്‍ ജനിച്ച ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിക്കുന്നതും തുടര്‍ന്ന് ഐഎസില്‍ എത്തിച്ചേരുന്നതുമാണ് 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ പ്രമേയം. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന യൂട്യൂബിലെ ഡിസ്ക്രിപ്ഷനുള്ള ചിത്രത്തിന്റെ ട്രെയിലർ വാദമായിരുന്നു. പിന്നീട് മൂന്ന് പെൺകുട്ടികൾ എന്ന് തിരുത്തിയതും ചർച്ചയായി.

നിരവധി യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ചിത്രം എന്നെഴുതിയാണ് ട്രെയിലർ ആരംഭിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കേരളത്തില്‍നിന്നുള്ള ഹിന്ദു പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയാണ് ചിത്രം. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യക്കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയിലർ മുന്നോട്ടുവയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in