'വിവാഹത്തില്‍ പങ്കാളികൾ ഭിന്ന ലിംഗക്കാരാകണമെന്ന് എന്താണ് നിർബന്ധം?'; നിർണായക നിരീക്ഷണവുമായി ചീഫ് ജസ്റ്റിസ്

'വിവാഹത്തില്‍ പങ്കാളികൾ ഭിന്ന ലിംഗക്കാരാകണമെന്ന് എന്താണ് നിർബന്ധം?'; നിർണായക നിരീക്ഷണവുമായി ചീഫ് ജസ്റ്റിസ്

സ്വവർഗ ബന്ധങ്ങളെ ശാരീരിക ബന്ധങ്ങളായി മാത്രം കാണാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ്
Updated on
2 min read

വിവാഹ ബന്ധങ്ങളിൽ പങ്കാളികൾ ഭിന്ന ലിംഗത്തിൽ പെട്ടവരായിരിക്കണമെന്ന് നിർബന്ധമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സ്വവർഗ ബന്ധങ്ങളെ ശാരീരിക ബന്ധങ്ങളായി മാത്രം കാണാൻ കഴിയില്ല, അവ കൂടുതൽ വൈകാരികവും സുസ്ഥിരവുമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികളിലെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങൾ.

ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നതെന്നും അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. ഒരു പുരുഷൻ എന്നതോ സ്ത്രീ എന്നതോ സമ്പൂർണ സങ്കൽപ്പമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

വിവാഹമെന്ന പ്രക്രിയയ്ക്ക് പങ്കാളികൾ ഭിന്നലിംഗത്തിൽ പെട്ടവരായിരിക്കണമെന്ന കാഴ്പ്പാടുകൾ ഉൾപ്പെടെ നിലവിലുള്ള വിവാഹമെന്ന ആശയത്തെ പുനർ നിർവചിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന മൂന്നാം ദിവസവും സ്വവർഗ വിവാഹങ്ങളെ പിന്തുണച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

"1954 ൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രാബല്യത്തിൽ വന്നതിനുശേഷം കഴിഞ്ഞ 69 വർഷത്തില്‍ പലപ്പോഴായി നിയമത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിഗത നിയമങ്ങൾ പാലിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും നിയമം പരിരക്ഷ നല്‍കുന്നുണ്ട്. സ്വവർഗലൈംഗികത നിയമപരമാക്കിയതിലൂടെ, ഒരേ ലിംഗത്തിൽപ്പെട്ടവരുടെ ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ അംഗീകരിക്കുക മാത്രമല്ല, അത്തരം ബന്ധങ്ങള്‍ക്ക് സ്ഥിരതയുണ്ടെന്ന് കൂടി അംഗീകരിക്കുകയാണ്." ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നതെന്നും അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നും ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഒരു പുരുഷൻ എന്നതോ സ്ത്രീ എന്നതോ സമ്പൂർണ സങ്കൽപ്പമല്ലെന്നും അദ്ദേഹം പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.

സ്വവർഗ വിവാഹങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥയെ കുറിച്ച് വാദമുയർന്നപ്പോൾ, ഭിന്നലിംഗത്തിലുള്ള മാതാപിതാക്കൾക്കിടയിൽ ഗാർഹിക പീഡനം പോലുള്ള കുറ്റകൃത്യങ്ങൾ കണ്ടുവളരുന്ന കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ട്രോൾ ചെയ്യപ്പെട്ടേക്കാമെന്ന അഭിപ്രായപ്രകടനത്തോടെയായിരുന്നു ചീഫ് ജസ്റ്റിസ് തന്റെ വാദം ഉയർത്തിയത്. ശരിയായ അന്തരീക്ഷത്തിൽ ആ കുഞ്ഞിന് വളരാൻ സാധിക്കില്ല. കുട്ടികൾ വേണമെന്ന ചിന്താഗതികളിൽ നിന്ന് തന്നെ ആളുകൾ അകലുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'വിവാഹത്തില്‍ പങ്കാളികൾ ഭിന്ന ലിംഗക്കാരാകണമെന്ന് എന്താണ് നിർബന്ധം?'; നിർണായക നിരീക്ഷണവുമായി ചീഫ് ജസ്റ്റിസ്
സ്വവർഗ വിവാഹം നഗരത്തിലുള്ള പരിഷ്കാരികളുടെ ആവശ്യമെന്ന് പറയുന്നതെങ്ങനെ? തെളിവുകള്‍ ഇല്ലെന്ന് സുപ്രീംകോടതി

ആദ്യം മുതൽ തന്നെ സ്വവർഗ വിവാഹങ്ങളെ എതിർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. നഗര വരേണ്യ വീക്ഷണങ്ങൾ ആണ് സ്വവർഗ വിവാഹമടക്കമെന്നത് ആണെന്ന് ആരോപിക്കുകയും വിഷയം ചർച്ച ചെയ്യാനുള്ള ശരിയായ വേദി പാർലമെന്റാണെന്ന് പറയുകയും ചെയ്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ കഴിഞ്ഞ ദിവസവും ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരുന്നു. സ്വവർഗ വിവാഹങ്ങളെ ഭർത്താവ്, ഭാര്യ, കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കല്പവുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. നഗര വരേണ്യ വീക്ഷണങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്ന ഹർജികളെ ഉചിതമായ നിയമനിർമാണ സഭയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, നഗര പ്രദേശങ്ങളിലെ ആളുകളിൽ മാത്രമാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ നിരത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. നഗരപ്രദേശങ്ങളിലെ ആളുകളാണ് ഇത്തരം യാഥാസ്ഥിതിക സങ്കൽപ്പങ്ങളിൽ നിന്ന് കൂടുതലായി പുറത്തുവരുന്നത്. അത് നഗര വരേണ്യ സങ്കല്പമായതുകൊണ്ട് തള്ളിക്കളയാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in