'മോദിജി താങ്കൾ ചെറുതായി പേടിച്ചിട്ടുണ്ടല്ലോ'; അദാനി- അംബാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 'അംബാനി-അദാനി' വിമർശനങ്ങൾ ഉന്നയിക്കുന്നില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. 'മോദി ചെറുതായി പേടിച്ചിട്ടുണ്ടോ'യെന്നായിരുന്നു രാഹുലിന്റെ പരിഹാസം. സാധാരണ രഹസ്യമായാണ് അദാനിയുടെയും അംബാനിയുടെയും പേര് മോദി പറയുന്നത്. എന്നാൽ ആദ്യമായത് പരസ്യമായി പറയുന്നുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ രാഹുൽ പറഞ്ഞു.
ഗൗതം അദാനിയുമായും മുകേഷ് അംബാനിയുമായും കോൺഗ്രസും രാഹുൽ ഗാന്ധിയും ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നായിരുന്നു മോദിയുടെ പ്രധാന ആരോപണം. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ കഴിഞ്ഞ ദിവസം സംസാരിക്കവെയായിരുന്നു മോദിയുടെ ആക്ഷേപം. അതിനുള്ള മറുപടിയായിട്ടായിരുന്നു ഒരു വീഡിയോയിലൂടെ രാഹുലിന്റെ പ്രതികരണം.
അംബാനി - അദാനിമാരിൽ നിന്ന് എത്ര പണം വാങ്ങിയെന്ന മോദിയുടെ ചോദ്യത്തിന് താങ്കളുടെ അനുഭവമാണോ പറയുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി. ടെമ്പോയിലാണ് പണം തന്നതെന്ന് പറയുന്നത് സ്വന്തം അനുഭവമാണോ? അങ്ങനെയെങ്കിൽ ഇരുവരുടെയും അടുത്തേക്ക് ഇ ഡിയെയും സി ബി ഐയെയും പറഞ്ഞുവിടാനും രാഹുൽ പറഞ്ഞു. പേടിക്കാതെ എത്രയും വേഗം ചെയ്യാനും രാഹുൽ വിഡിയോയിൽ പറയുന്നുണ്ട്.
നരേന്ദ്ര മോദി അദാനിക്കും അംബാനിക്കും കൊടുത്ത അത്രയും പണം കോൺഗ്രസ് രാജ്യത്തെ പാവങ്ങൾക്ക് നൽകുമെന്ന വാഗ്ദാനവും രാഹുൽ നടത്തി. മഹാലക്ഷ്മി പോലെയുള്ള പദ്ധതികൾ വഴി അവരിലേക്ക് പണമെത്തിക്കും. മോദിയും ബിജെപിയും കുറച്ചുപേരെയാണ് കോടിപതികളാക്കിയതെങ്കിൽ കോൺഗ്രസ് കോടിക്കണക്കിന് ദരിദ്രരായ മനുഷ്യരെ ലക്ഷപ്രഭുക്കളാക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസവും ജാർഖണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ അദാനിയെ വിമർശിച്ചിരുന്നു. വനഭൂമി അദാനിക്ക് നൽകുകയാണ് ബിജെപി ചെയ്യുന്നതെന്നായിരുന്നു രാഹുൽ പറഞ്ഞത്. 'അവർ ചെയ്യുന്നതെന്തും ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ്. അദാനി, അംബാനി തുടങ്ങിയ 22-25 സുഹൃത്തുക്കളാണ് ഉള്ളത്, എന്ത് ജോലിയും ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്, കാട് അവർക്കുള്ളതാണ്, മാധ്യമങ്ങൾ അവരുടേതാണ്, അടിസ്ഥാന സൗകര്യങ്ങൾ അവരുടേതാണ്, മേൽപ്പാലങ്ങൾ അവരുടേതാണ്, പെട്രോൾ അവരുടേതാണ്. എല്ലാം അവർക്കുള്ളതാണ്. ദലിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് പൊതുമേഖലയിൽ സംവരണം ലഭിച്ചിരുന്നു. ഇപ്പോൾ അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. റെയിൽവേയും സ്വകാര്യവത്കരിക്കുമെന്ന് അവർ പരസ്യമായി പറയുന്നു. ഇതാണ് നിങ്ങളുടെ ആസ്തി മേഖല, റെയിൽവേ, റോഡുകൾ, മേൽപ്പാലങ്ങൾ ഇവ നിങ്ങളുടേതാണ്. അദാനിയുടെതല്ല. മാധ്യമപ്രവർത്തകർ ഇവിടെയുണ്ട്. അവർ എപ്പോഴെങ്കിലും ആദിവാസികളെക്കുറിച്ച് സംസാരിക്കാറുണ്ടോ... അവർ അംബാനിയുടെ കല്യാണം 24 മണിക്കൂറും കാണിക്കും,' എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.