രാമജന്മഭൂമിയായ അയോധ്യ ബിജെപിയെ പാഠംപഠിപ്പിച്ചു; ലോക്‌സഭയില്‍ കടന്നാക്രമിച്ച് രാഹുല്‍, തടസപ്പെടുത്തി ഭരണപക്ഷം
ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വാഗ്വാദം. പതിനെട്ടാം ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിജെപിയെ കന്നാക്രമിച്ച രാഹുല്‍, മതമമൈത്രിയെക്കുറിച്ച് സൂചിപ്പിക്കാന്‍ സഭയില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള ചര്‍ച്ചയിലാണ് ലോക്‌സഭയില്‍ ബഹളമുണ്ടായത്. ''ഹിന്ദുക്കളാണെന്ന് പറയുന്നവര്‍ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നു'' എന്ന രാഹുലിന്റെ പരാമര്‍ശമാണ് ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചത്. പ്രസംഗത്തിനിടെ ഇടപെട്ട നരേന്ദ്ര മോദി, രാഹുല്‍ ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചെന്ന് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
''രാമക്ഷേത്രം നിര്‍മിച്ച അയോധ്യയില്‍ സാധാരണക്കാരയ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുത്തു. അവരുടെ തൊഴിലുകള്‍ ഇല്ലാതാക്കി. ഇതില്‍ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചു, രാഹുല്‍ പറഞ്ഞു.
ഭരണഘടനയ്ക്ക് എതിരായി ഒരു വ്യവസ്ഥാപിത ആക്രമണം നടന്നിട്ടുണ്ട്. ഇത് ചോദ്യം ചെയ്തവര്‍ ആക്രമിക്കപ്പെട്ടു. എന്നെപ്പോലും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കപ്പെട്ടു. ഇ ഡി എന്നെ 55 മണിക്കൂര്‍ ചോദ്യം ചെയ്തു''.''നമ്മുടെ എല്ലാ മഹാന്മാരും അഹിംസയെക്കുറിച്ചും ഭയംഅവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ. നിങ്ങള്‍ ഒരുതരത്തിലും ഹിന്ദുക്കളല്ല'', രാഹുല്‍ പറഞ്ഞു.
ഇതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചു എന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് അമിത് ഷാ രംഗത്തെത്തി. ഒരു വിഭാഗത്തെ മാത്രം ആക്രമിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍, ഹിന്ദുക്കള്‍ എന്നു പറഞ്ഞാല്‍ ബിജെപി ആണെന്നല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.
അഗ്‌നവീര്‍ പദ്ധതി എന്തിന് വേണ്ടിയെന്ന് ആര്‍ക്കും അറിയില്ല. അഗ്‌നിവീറുകള്‍ക്ക് എന്തൊക്കെ ആനുകൂല്യം നല്‍കുമെന്നും ആര്‍ക്കും അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ അമിത് ഷാ പാര്‍ലമെന്റ് നുണ പറയാനുള്ള വേദിയല്ലെന്ന് വിമര്‍ശിച്ചു. വീരമൃത്യുവരിക്കുന്ന അഗ്‌നിവീറുകളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായ ധനം കേന്ദ്രം നല്‍കും. അത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയതാണ്. രാഹുല്‍ ഗാന്ധി രാജ്യത്തോടും അഗ്‌നിവീറുകളോടും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സത്യം ആരാണ് പറയുന്നതെന്ന് അഗ്‌നിവീറുകള്‍ക്കും സേനയ്ക്കും അറിയാമെന്ന് രാഹുലിന്റെ തിരിച്ചടിച്ചു. അഗ്‌നിവീര്‍ സേനയുടെ സ്‌കീം അല്ലെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിന്റ് സ്‌കീം ആണെന്നും അത് സേനക്ക് അറിയാമെന്നും രാഹുല്‍ വിമര്‍ശിച്ചു. പിന്നാലെ, പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
മണിപ്പൂര്‍ കലാപവും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മണിപ്പൂരിനെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപിക്ക് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും രാഹുല്‍ ആരോപിച്ചു.
ഇതിന് പിന്നാലെ മോദി ശ്രീരാമന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ഭരണപക്ഷ എംപിമാര്‍ എഴുന്നേറ്റു. അതാണ് അയോധ്യയില്‍ കിട്ടിയതെന്ന് രാഹുല്‍ പരിഹസിച്ചു. പ്രധാനമന്ത്രി കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയാണ്. കര്‍ഷകരെ തീവ്രവാദികളെന്നാണ് സര്‍ക്കാര്‍ വിളിക്കുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ല. നീറ്റ് പ്രഫഷണല്‍ പരീക്ഷയല്ല. അത് ബിസിനസ് പരീക്ഷയാണ്. യുവാക്കളുടെ ഭാവിയെ കുറിച്ച് ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയാറല്ല.രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നത് വലിയ അതിക്രമമാണ്, രാഹുല്‍ പറഞ്ഞു.