അർജുനായുള്ള തിരച്ചിൽ: ലോറിക്കടുത്തെത്താൻ 100 മീറ്ററോളം മണ്ണ് മാറ്റേണ്ടി വരും; ദൗത്യം പുനരാരംഭിച്ചു

അർജുനായുള്ള തിരച്ചിൽ: ലോറിക്കടുത്തെത്താൻ 100 മീറ്ററോളം മണ്ണ് മാറ്റേണ്ടി വരും; ദൗത്യം പുനരാരംഭിച്ചു

ദൗത്യത്തിന് സൈന്യത്തെ എത്തിക്കണമെന്നാണ് അർജുന്റെ കുടുംബത്തിന്‍റെ ആവശ്യം
Updated on
1 min read

അങ്കോലയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് (30) വേണ്ടിയുള്ള തിരച്ചില്‍ തുടരും. തിരച്ചിൽ നടക്കുന്നതിനിടെ മഴ കനക്കുന്നത്, മണ്ണിടിച്ചിൽ വീണ്ടുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്. ദൗത്യത്തിന് സൈന്യത്തെ എത്തിക്കണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്.

മണ്ണിടിഞ്ഞ ഭാഗത്ത് ലോറി കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. റഡാർ ഉപയോഗിച്ചായിരിക്കും ഇന്ന് തിരച്ചിൽ നടക്കുക. ലോറിയ്ക്കടുത്തെത്താൻ ഏകദേശം 100 മീറ്ററോളം മണ്ണ് മാറ്റേണ്ടി വരുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ അത് കണ്ടെത്താൻ കഴിയുമെന്നും അവർ വിശദീകരിക്കുന്നു. കുറഞ്ഞപക്ഷം ലോറി കിടക്കുന്ന പ്രദേശമെങ്കിലും കണ്ടെത്താൻ ആയാൽ ദൗത്യം കൂടുതൽ സുഗമമാകും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് അഞ്ചാം ദിനത്തിൽ സംഭവസ്ഥലത്തുണ്ട്.

അപകടത്തിന്റെ വാർത്തകൾ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അർജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടർന്ന് ബന്ധുക്കളിൽ ചിലർ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവർത്തകർക്ക് ജിപിഎസ് വിവരങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്, വിവരം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കേരളത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചിൽ ആരംഭിച്ചത്.

അർജുനായുള്ള തിരച്ചിൽ: ലോറിക്കടുത്തെത്താൻ 100 മീറ്ററോളം മണ്ണ് മാറ്റേണ്ടി വരും; ദൗത്യം പുനരാരംഭിച്ചു
അര്‍ജുന്റെ ലോറി നദിയില്‍ വീണിട്ടില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, നാളെ റഡാർ ഉപയോഗിച്ച് തെരച്ചിൽ

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നിൽനിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു.

കാർവാർ - കുംട്ട റൂട്ടിൽ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് ശാസ്ത്രീയമായ രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന പരാതി വ്യാപകമായുണ്ട്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിർത്തിയിട്ട ഇന്ധന ടാങ്കർ ഉൾപ്പടെ നാല് ലോറികൾ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണ് ഒഴുകിയിരുന്നു.

logo
The Fourth
www.thefourthnews.in