ഹരിയാനയിൽ വീണ്ടും സംഘർഷം, ഒരാൾ കൊല്ലപ്പെട്ടു; ഇതുവരെ അറസ്റ്റിലായത് 80 പേർ
ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 80 ആയി . ഇതുവരെ 44 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുരുഗ്രാമിലുണ്ടായ പുതിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു.
നൂഹിലും ഗുരുഗ്രാമിലും കനത്ത പോലീസ് വിന്യാസം തുടരുന്നതിനിടെയാണ് പുതിയ സംഘര്‍ഷം. സായുധരായ ആള്‍ക്കൂട്ടം മുസ്ലിം പള്ളിക്ക് നേരെ ഇരച്ചുകയറുകയും പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 23 കാരനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരുക്കുണ്ട്.
നൂഹില്‍ തിങ്കളാഴ്ച അര്‍ധരാത്രി പ്രഖ്യാപിച്ച 48 മണിക്കൂര്‍ കര്‍ഫ്യു തുടരുകയാണ്. ഇന്‌റര്‍നെറ്റ് എസ്എംഎസ് സര്‍വീസുകള്‍ സംഘര്‍ഷബാധിത മേഖലകളില്‍ റദ്ദാക്കിയിട്ടുണ്ട്. സോഹ്ന, മനേസര്‍, പട്ടൗഡി എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. സംഘര്‍ഷം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്തിരിക്കുകയാണ്. എന്നാല്‍ നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം എര്‍പ്പെടുത്തിയെന്ന പ്രചരണം തെറ്റെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു.
ബജ്രംഗ്ദളിന്‌റെയും വിശ്വഹിന്ദു പരിഷദിന്‌റെയും നേതൃത്വത്തില്‍ നടന്ന റാലിക്കിടെ ഉണ്ടായ ആക്രമണമാണ് ഹരിയാനയില്‍ സംഘര്‍ഷങ്ങൾക്ക് വഴിച്ചത്. തുടര്‍ന്ന് പ്രചരിച്ച ദൃശ്യങ്ങള്‍ സംഘര്‍ഷം ആളിക്കത്തിച്ചു. പള്ളിക്ക് നേരെയും കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. തിങ്കളാഴ്ച ഉച്ചമുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 70ലേറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.