വ്യാജ ഏറ്റുമുട്ടല്‍; ജമ്മു കശ്മീരില്‍ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് സൈനിക കോടതി
ജമ്മു കശ്മീരിൽ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഉൾപ്പെട്ട സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സൈനിക കോടതി. വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സംഭവത്തിലെ കോർട്ട് മാർഷൽ നടപടികൾ ഏതാനും ദിവസം മുൻപ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് ക്യാപ്റ്റൻ ഭൂപീന്ദർ സിംഗിന് സൈനിക കോടതി ശിക്ഷ വിധിച്ചത്. ഷോപിയാൻ ജില്ലയിലെ അംഷിപോറയിൽ 2020 ജൂലൈയിലാണ് മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ പാകിസ്താൻ ഭീകരരാണെന്ന് പറഞ്ഞ സൈനിക ഉദ്യോഗസ്ഥർ അവരുടെ കൊലപാതകത്തോടെ ജില്ലയിൽ ഭീകരാക്രമണ ഭീഷണി ഇല്ലാതായെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാൽ കൊല നടന്ന് ദിവസങ്ങൾക്ക് ശേഷം മരിച്ച യുവാക്കൾ ബന്ധുക്കൾ ആണെന്നും രജൗരി ജില്ലയിൽ നിന്നുള്ള അവർ കൂലിപ്പണിക്കാരായിരുന്നു എന്നും ചില പ്രദേശവാസികൾ ആരോപിച്ചു. മരിച്ച യുവാക്കളുടെ കുടുംബക്കാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിന്നീട് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. സായുധ സേനയുടെ പ്രത്യേക അധികാരങ്ങളും, എഎഫ്എസ്പിഎ പ്രകാരമുള്ള നിയമങ്ങളും സൈനികർ ലംഘിച്ചതായും സുപ്രീംകോടതി അംഗീകരിച്ച ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും സൈന്യത്തിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ കോടതി കണ്ടെത്തി.
"ഏറ്റുമുട്ടൽ നടന്നു എന്ന് പറയപ്പെടുന്ന പ്രദേശത്ത് നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തതായും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, കൊലപാതകത്തിൽ സൈനിക ക്യാപ്റ്റൻ്റെയും രണ്ട് സാധാരണക്കാരുടെയും പേരുകൾ ഉൾപ്പെടുത്തി ജമ്മുകശ്മീർ പോലീസ് ഇതിനോടകം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പാകിസ്താൻ ഭീകരരെന്ന് ആരോപിച്ച് രജൗരിയിൽ നിന്നുള്ള ബന്ധുക്കളായ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ,അതിനായി ഗൂഢാലോചന നടത്തി എന്നിവയാണ് കുറ്റങ്ങൾ