എന്റെ സംസ്ഥാനം കത്തുകയാണെന്ന് മേരി കോം, സൈന്യത്തെ വിന്യസിച്ചു; മണിപ്പൂരിൽ സംഭവിക്കുന്നതെന്ത് ?
മണിപ്പൂരിൽ ആദിവാസി പ്രക്ഷോഭത്തെത്തുടർന്നുണ്ടായ അക്രമം രൂക്ഷമായി തുടരുന്നു. തലസ്ഥാനമായ ഇംഫാൽ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്കും നിരവധി ആരാധനാലയങ്ങൾക്കും തീവച്ചു. അക്രമം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രിമുതൽ എട്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി.അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. അതേസമയം ദേശീയ ബോക്സിങ് താരം മേരി കോം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.
ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് പിന്നാലെയാണ് ചുരാചന്ദ്പൂർ ജില്ലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗോത്രവർഗക്കാർ കൂടുതലുള്ള ചുരാചന്ദ്പൂർ, കാങ്‌പോക്പി, തെങ്‌നൗപാൽ തുടങ്ങിയ എട്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ആദിവാസി പ്രാതിനിധ്യം കുറഞ്ഞ ഇംഫാൽ വെസ്റ്റ്, കാക്‌ചിംഗ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ തുടങ്ങിയ ജില്ലകളും ഇതിൽപ്പെടുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അക്രമബാധിത പ്രദേശങ്ങളിൽ സൈന്യം ഇന്ന് ഫ്‌ളാഗ് മാർച്ച് നടത്തി. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. അക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 4,000 പേരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ ചിത്രം പങ്കുവച്ചാണ് മേരി കോം വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. "എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ,” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ട്വീറ്റിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്.
സംഘർഷത്തിന് പിന്നിലെ കാരണമെന്ത് ?
മണിപ്പൂരിലെ ഇംഫാൽ താഴ്വരയിൽ ആധിപത്യം പുലർത്തുന്ന ഗോത്രവർഗക്കാരല്ലാത്ത വിഭാഗമാണ് മെയ്റ്റികൾ. മണിപ്പൂരിലെ ജനസംഖ്യയുടെ 53% മെയ്റ്റി സമുദായത്തിൽപ്പെട്ട ആളുകളാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 10 ഇൽ ഒന്നിലാണ് ഇവർ താമസിക്കുന്നത്. ആദിവാസി ഇതര വിഭാഗമായ മെയ്റ്റി വിഭാഗത്തിന് പട്ടിക വർഗ പദവി വേണമെന്ന ആവശ്യത്തിനെതിരെയാണ് ആദിവാസിവിഭാഗങ്ങൾ 10 മലയോര ജില്ലകളിൽ പ്രതിഷേധിച്ചത്. മെയ്റ്റി സംഘടനകളുടെ ആവശ്യത്തെ അധികൃതരും പരസ്യമായി അംഗീകരിച്ചിരുന്നു. ഇതോടെയാണ് എടിഎസ്‌യുഎം ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചത്.
"മ്യാൻമറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം" കണക്കിലെടുത്ത് തങ്ങൾ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് മെയ്റ്റി സമുദായത്തിൽപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്റ്റികൾക്ക് താമസിക്കാൻ അനുവാദമില്ല.
പൂർവികന്മാരായി ജീവിച്ച് പോരുന്ന ഭൂമി , സംസ്കാരം , സ്വത്വം എന്നിവ സംരക്ഷിക്കലാണ് ലക്ഷ്യം. മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്തിന് പുറത്തുള്ള ആളുകളും ഇതിനെ ഭീഷണിപ്പെടുത്തുന്നു എന്നും ആദിവാസി വിഭാഗങ്ങൾ അവകാശപ്പെടുന്നു.
എന്നാൽ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നികുതി ഇളവ് എന്നിവയിൽ ഉള്ള സംവരണം മാത്രം ലക്ഷ്യമിട്ടല്ല പ്രതിഷേധം എന്ന് ആദിവാസി വിഭാഗങ്ങൾ വ്യക്തമാക്കുന്നു. പൂർവികന്മാരായി ജീവിച്ച് പോരുന്ന ഭൂമി , സംസ്കാരം , സ്വത്വം എന്നിവ സംരക്ഷിക്കലാണ് ലക്ഷ്യം. മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്തിന് പുറത്തുള്ള ആളുകളും ഇതിനെ ഭീഷണിയാകുന്നു എന്നും അവർ അവകാശപ്പെടുന്നു.
മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ ആണ് പങ്കെടുത്തത്. മെയ്റ്റി സമുദായത്തിന് എസ്‌ടി പദവി നൽകുന്നതിനെതിരെ ഇവർ പ്ലക്കാഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആദിവാസി ഇതര വിഭാഗങ്ങളും ഗോത്രവർഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായത്. റാലികളിൽ പങ്കെടുക്കാൻ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ആദിവാസി ഗ്രാമീണർ ബസുകളിലും തുറന്ന ട്രക്കുകളിലും അടുത്തുള്ള മലയോര ജില്ലാ ആസ്ഥാനങ്ങളിലെത്തി.
ടോർബംഗ് പ്രദേശത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. തെങ്‌നൗപാൽ, ചന്ദേൽ, കാങ്‌പോക്‌പി, നോനി, ഉഖ്രു എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ നിരോധന ഉത്തരവുകൾ ലംഘിച്ച് റാലികൾ നടത്തി.
കഴിഞ്ഞ ആഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ചുരാചന്ദ്പൂര്‍ ജില്ലയില്‍ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന വേദി ജനക്കൂട്ടം നശിപ്പിക്കുകയും തീയിടുകയും ചെയ്തത് വലിയ സംഘർഷങ്ങൾക്ക് വഴി വച്ചിരുന്നു. സംരക്ഷിത വനമേഖലയില്‍ നിന്ന് കുകി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയാണ് പ്രതിഷേധം നടന്നത്.