രാജ്യത്തിനായി ഭീകരരുടെ വെടിയുണ്ട ശരീരത്തിലേറ്റു വാങ്ങി; സൈനികന്റെ ജീവന്‍ കാത്ത കെന്റിന് വീരമൃത്യു
ഇന്ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ മുന്‍ നിരയിലുണ്ടായിരുന്നു കെന്റ്. സൈനികരെ ഭീകരരുടെ ഒളിത്താവളത്തിലേക്ക് നയിച്ചത് കെന്റ് ആണെന്ന് തന്നെ പറയാം. ഏതൊരു സൈനികനും സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്.
ഇന്ന് രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്തത് ആര്‍മി ഡോഗായ കെന്റാണ്. തനിക്കൊപ്പമുണ്ടായിരുന്ന സൈനികരിലൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഭീകരര്‍ സൈനികര്‍ക്കു നേരേ വെടിയുതിര്‍ക്കുന്നതിനിടെ കെന്റ് കൂടെയുണ്ടായിരുന്ന ജവാന്റെ ജീവന്‍ രക്ഷിക്കാനായി ഇടയിലേക്ക് കുതിച്ചു ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികളായ സൈനികര്‍ പറഞ്ഞു. 21-ാമത്തെ ആര്‍മി ഡോഗ് യൂണിറ്റിലെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട അറ് വയസുകാരി പെണ്‍ നായയായ കെന്റിന് വെടിയേല്‍ക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ കഥ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമാകും സ്വജീവന്‍ വെടിഞ്ഞ് രാജ്യം സംരക്ഷിക്കുന്ന സൈനികന്റെ ജീവന്‍ രക്ഷിച്ച നായയുടെ കഥ ലോകമറിയുന്നത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നാര്‍ല ഗ്രാമത്തിലുണ്ടായ വെടിവയ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം വനമേഖലയായ പത്രാഡ പ്രദേശത്താണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ആളുകളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പരിസരത്ത് ഇവര്‍ ഉപേക്ഷിച്ച പോയ ചില വസ്ത്രങ്ങളും സാധനങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി ബാംബെല്‍, നര്‍ല എന്നിവയുള്‍പ്പെടെ സമീപ പ്രദേശങ്ങളിലേക്കും തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.