അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകര്‍ന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകര്‍ന്ന് അപകടം. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം തകര്‍ന്ന് വീണത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
രാവിലെ 9.15 മുതല്‍ ഹെലികോപ്റ്ററില്‍ നിന്ന് എടിസിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്. ബോംഡിലയുടെ പടിഞ്ഞാറ് മാണ്ടല ഹില്‍സിന് സമീപമാണ് ഹെലികോപ്റ്റർ തകര്‍ന്നത്. പൈലറ്റുമാരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായും സൈന്യം അറിയിച്ചു.
ചീറ്റ ഹെലികോപ്റ്റര്‍ അപകടം തുടര്‍ക്കഥയാകുന്നത് സൈന്യത്തിന് തലവേദനയാവുകയാണ്. കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇരുന്നൂറോളം ചീറ്റ, ചേതക് ഹെലികോപ്റ്ററുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ അഞ്ചെണ്ണം 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഭൂരിഭാഗവും 30 വര്‍ഷത്തിലേറെ പഴക്കം ചെന്നതും. സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്.