തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ അപകടം; രണ്ട് മരണം

തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ അപകടം; രണ്ട് മരണം

പാലമേട്ടിൽ നടന്ന ജല്ലിക്കെട്ടിൽ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാൾ കാളയുടെ കുത്തേറ്റ് മരിച്ചു
Updated on
1 min read

തമിഴ്‌നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളിൽ രണ്ട് പേർ മരിച്ചു. മധുര പാലമേടിലും തിരുച്ചിറപ്പള്ളി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് അപകടം. പാലമേട്ടിൽ നടന്ന ജല്ലിക്കെട്ടിൽ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാൾ കാളയുടെ കുത്തേറ്റ് മരിച്ചു. സൂരിയൂരിൽ ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു.

26 കാരനായ അരവിന്ദ് രാജ് കാളയെ മെരുക്കുന്നതിനിടെ അരവിന്ദ് രാജിനെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു. അടിവയറ്റിൽ പരുക്കേറ്റതിനെ തുടർന്നാണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലമേട്ടിൽ ജല്ലിക്കെട്ടിനിടെ ഇതുവരെ 19 പേർക്ക് പരുക്കേറ്റതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 11 കാളകളെ അടക്കി ഒന്നാം സ്ഥാനത്ത് നിൽക്കുകയായിരുന്ന തമിഴരശന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർ മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴരശൻ ഉൾപ്പടെ 5 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മരിച്ച അരവിന്ദ് രാജ്
മരിച്ച അരവിന്ദ് രാജ്

മധുരയിലെ അവനിയാപുരത്ത് ഇന്നലെ നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ 60 പേർക്ക് പരുക്കേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള 20 പേരെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മധുര ജില്ലാ കളക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു. കാളപ്പോരുകാരും ഉടമകളും കാണികളും പോലീസുകാരും ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്.

പരുക്കുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അഥവാ ഉണ്ടായാൽ തന്നെ മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും ജല്ലിക്കെട്ട് തുടർന്നും നടത്തുമെന്നും മധുര കളക്ടർ വ്യക്തമാക്കി. 'ഏര് തഴുവുതൽ', 'മഞ്ചുവിരട്ട്' എന്നീ പേരുകളിൽ അറിയപ്പെടുന്ന ജല്ലിക്കെട്ട് ഇന്നലെയാണ് മധുരയിലെ മൂന്ന് ഗ്രാമങ്ങളിലായി ആരംഭിച്ചത്. പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ചുള്ള മാട്ടുപൊങ്കൽ ദിനത്തിലാണ് ജല്ലിക്കെട്ട് നടത്തുന്നത്. പ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ട് നാളെ നടക്കാനിരിക്കുകയാണ്.

കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പിൽ പിടിച്ച്‌ മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നതാണ് മത്സരം. മുൻപ് പല വർഷങ്ങളിലും കളിക്കിടെ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം കോടതി ജല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാൽ 2017 ലെ ഓർഡിനൻസ് അനുസരിച്ച് മത്സരം വീണ്ടും നടത്താൻ അനുമതി ലഭിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in