കോടതികളില്‍ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയോളം കേസുകള്‍; സുപ്രീംകോടതിയില്‍ മാത്രം 69,000ലധികം
രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടിയോടടുക്കുന്നു. രാജ്യസഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 2022 ഡിസംബര്‍ 31 വരെ, ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി കെട്ടിക്കിടക്കുന്ന കേസുകള്‍ 4.32 കോടിയിലധികം വരും. ശരിയായ കണക്ക് പ്രകാരം 4,92,67,373 കേസുകളില്‍ ഇനിയും വാദം പൂര്‍ത്തിയായിട്ടില്ല.
സുപ്രീംകോടതിയില്‍ 69,000 കേസുകളും രാജ്യത്തെ 25 ഹൈക്കോടതികളിലായി 59 ലക്ഷത്തിലധികം കേസുകളും വാദം പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുകയാണ്. ഫെബ്രുവരി ഒന്ന് വരെ 65,511 കേസുകളാണ് തീര്‍പ്പാക്കാതെയുള്ളതെന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമായ വിശദാംശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ദേശീയ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികളില്‍ 59,87,477 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 10.30 ലക്ഷം കേസുകളും രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലാണ്. സിക്കിം ഹൈക്കോടതിയിലാണ് ഏറ്റവും കുറവ്. ഇവിടെ 171 കേസുകളാണ് തീര്‍പ്പാക്കാതെയുള്ളത്.
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്നും നിയമമന്ത്രി വ്യക്തമാക്കി.