'വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് ആപത്ത്'; വീണ്ടും മോദിയുടെ ബിരുദം ചോദിച്ച് കെജ്‍രിവാൾ

'വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് ആപത്ത്'; വീണ്ടും മോദിയുടെ ബിരുദം ചോദിച്ച് കെജ്‍രിവാൾ

നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട ആളായതിനാൽ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും കെജ്‌രിവാൾ പറഞ്ഞു
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ ചോദിച്ചതിന് ഗുജറാത്ത് ഹെക്കോടതി പിഴ ചുമത്തിയതിന് പിന്നാലെ വീണ്ടും മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു. നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട ആളായതിനാൽ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും കെജ്‌രിവാൾ പറഞ്ഞു.

''പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യത സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഗുജറാത്ത് സർവകലാശാല തയ്യാറാകാത്തതിന് രണ്ട് കാരണങ്ങളേ ഉണ്ടാകൂ. ഒന്ന് ആരെയും കാണിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ ഈഗോ ആകാം. അത് ജനാധിപത്യത്തിന് ചേർന്നതല്ല. മറ്റൊന്ന് ബിരുദം വ്യാജമാകാം''- കെജ്‌രിവാള്‍ ആരോപിച്ചു. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്നും പ്രധാനമന്ത്രിയുടെ ശാസ്ത്ര പിന്തുണയില്ലാത്ത പ്രസ്താവനകള്‍ അതിന് ഉദാഹരണമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെജ്‌രിവാളിന് കൈമാറേണ്ടതില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. വിവരങ്ങള്‍ കൈമാറണമെന്ന് ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് കോടതി റദ്ദാക്കി. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതിന് കെജ്‌രിവാളിന് കോടതി 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2016 ജൂലൈയിലാണ് മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. എന്നാൽ സർവകലാശാലയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്ന് കാട്ടി ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീലിലാണ് ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളാണെന്നായിരുന്നു സര്‍വകലാശാല സ്വീകരിച്ച നിലപാട്. സ്വകാര്യ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറാനാകില്ലെന്നും വ്യക്തമാക്കി. 1978ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1983-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മോദിയുടെ അവകാശവാദം.

logo
The Fourth
www.thefourthnews.in