'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

ബൈഭവിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം
Updated on
1 min read

മുന്‍ പേഴ്‌സണല്‍‌ സെക്രട്ടറി ബൈഭവ് കുമാറിന്റെ അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഞായറാഴ്ച ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി മാർച്ച് നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് 'ജയില്‍ ഭാരൊ' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. ബൈഭവിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

"സ്വാതി മലിവാള്‍ കേസിലെ അറസ്റ്റ് വ്യക്തമാക്കുന്നത് ബിജെപി എഎപിയെ ലക്ഷ്യമിടുന്നുവെന്നാണ്. അവർ സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് അവർ എന്റെ പിഎയെ അറസ്റ്റ് ചെയ്തു. രാഘവ് ഛദ്ദ ലണ്ടണില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. ചിലർ പറയുന്നു രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന്. ഇനി അതിഷിയും സൗരഭ് ഭരദ്വാജുമാണുള്ളത്," കെജ്‌രിവാള്‍ പറഞ്ഞു.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍
സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

"എന്തിനാണ് അവർ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് ചിന്തിക്കുകയാണ് ഞാന്‍. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. സർക്കാർ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതാക്കിയെന്നതാണ് ഞങ്ങള്‍ ചെയ്ത ക്രൈം. അവർക്ക് ഇതിന് സാധിച്ചില്ല. 24 മണിക്കൂറും ഞങ്ങള്‍ വൈദ്യുതി ലഭ്യമാക്കി. അവർക്ക് ഇതും സാധിച്ചില്ല," കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.

"പ്രധാനമന്ത്രി ജി നിങ്ങള്‍ ഈ ജയില്‍-ജയില്‍ കളി അവസാനിപ്പിക്കു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഞാന്‍ എന്റെ എല്ലാ നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരുന്നു. നിങ്ങള്‍ക്ക് വേണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യു. ഞങ്ങളെ ഒരുമിച്ച് ജയിലിലടയ്ക്കു. ഞങ്ങളെ ജയിലിലടച്ചതുകൊണ്ട് എഎപിയെ തകർക്കാമെന്നാണോ കരുതുന്നത്. എഎപി ഒരു ആശയമാണ്. നിങ്ങള്‍ അറസ്റ്റ് ചെയ്യുമ്പോള്‍ ആശയം കൂടുതല്‍ പ്രചരിക്കും," കെ‍ജ്‌രിവാള്‍ വ്യക്തമാക്കി.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍
'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പേഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിനെ ഡല്‍ഹി പോലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. ബൈഭവിനെ മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കും.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍വെച്ച് മേയ് 13ന് തന്നെ ബൈഭവ് മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് സ്വാതിയുടെ പരാതി. എന്നാൽ കെജ്‌രിവാളിനെ ലക്ഷ്യമിട്ട് സ്വാതി ബിജെപിക്കുവേണ്ടി കളിക്കുയാണെന്നാണ് എഎപിയുടെ ആരോപണം. സ്വാതിയെ 13ന് കെജ്‌രിവാളിന്റെ വസതിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വാതിയെ പുറത്തേക്കു കൊണ്ടുപോകുന്നതും അവർ വസതിക്കു പുറത്തുനില്‍ക്കുന്നതുമായ വീഡിയോ എഎപി പുറത്തുവിട്ടു.

logo
The Fourth
www.thefourthnews.in