വെള്ളം കിട്ടാതെ ജനങ്ങള്‍, തോല്‍വിയില്‍ ആടിയുലഞ്ഞ് പാർട്ടി; കെജ്‌രിവാൾ ഇന്ന് പുറത്തേക്ക്, കാത്തിരിക്കുന്നത് വെല്ലുവിളികൾ

വെള്ളം കിട്ടാതെ ജനങ്ങള്‍, തോല്‍വിയില്‍ ആടിയുലഞ്ഞ് പാർട്ടി; കെജ്‌രിവാൾ ഇന്ന് പുറത്തേക്ക്, കാത്തിരിക്കുന്നത് വെല്ലുവിളികൾ

ജാമ്യം നല്‍കരുതെന്ന ഇ ഡിയുടെ ആവശ്യം തള്ളിയാണ് ഡല്‍ഹി റോസ് അവന്യു കോടതി വ്യാഴാഴ്ച കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്
Updated on
2 min read

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജാമ്യം ലഭിച്ച് വീണ്ടും പുറത്തിറങ്ങുമ്പോള്‍, കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികള്‍. ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമം മുതല്‍, തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ആടിയുലഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതടക്കം വലിയ പ്രശ്‌നങ്ങളിലേക്കാണ് അറസ്റ്റിലായി മൂന്നുമാസം തികയുന്ന ഇന്ന് അരവിന്ദ് കെജ്‌രിവാള്‍ ഇറങ്ങിച്ചെല്ലുന്നത്.

ജാമ്യം നല്‍കരുതെന്ന ഇ ഡിയുടെ ആവശ്യം തള്ളിയാണ് ഡല്‍ഹി റോസ് അവന്യു കോടതി വ്യാഴാഴ്ച കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കിയതിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിനാണ് കെജ്‌രിവാള്‍ വീണ്ടും ജയിലിലേക്ക് പോയത്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനായി നേരത്തെ അദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ ജയില്‍ മോചനം പാര്‍ട്ടിക്ക് ഉന്‍മേഷം നല്‍കുമെന്നായിരുന്നു എഎപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പാര്‍ട്ടി വിലയിരുത്തലുകള്‍ അപ്പാടെ തെറ്റിച്ച് ജനങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ എഎപിയെ വീണ്ടും സംപൂജ്യരാക്കി. പഞ്ചാബില്‍ മൂന്നു സീറ്റ് ലഭിച്ചത് മാത്രമാണ് പാര്‍ട്ടിക്ക് ആശ്വസിക്കാന്‍ വകയുണ്ടാക്കിയത്.

ഡല്‍ഹിയിലെ ഏഴില്‍ ഏഴ് സീറ്റും നേടിയത് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെ ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണ് എന്നാണ് ബിജെപി പ്രചാരണം. കെജ്‌രിവാളിന്റെ അറസ്റ്റ് ആയുധമാക്കി ഇന്ത്യ മുന്നണി നടത്തിയ പ്രചാരണം ഫലിച്ചില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടില്ലെന്നും ബിജെപി അവകാശപ്പെടുന്നു. കെജ്‌രിവാള്‍ വിഷയത്തില്‍ മാത്രം ഊന്നി പ്രചാരണം നടത്തിയത് തിരിച്ചടിയായെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേൃത്വവും കരുതുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിലാണ് എഎപി നേതൃത്വം.

വെള്ളം കിട്ടാതെ ജനങ്ങള്‍, തോല്‍വിയില്‍ ആടിയുലഞ്ഞ് പാർട്ടി; കെജ്‌രിവാൾ ഇന്ന് പുറത്തേക്ക്, കാത്തിരിക്കുന്നത് വെല്ലുവിളികൾ
പ്രതിപക്ഷ നേതാവ് കസേരയില്‍ ആദ്യമായി; നവീന്‍ പട്‌നായിക്കിന്റെ പുതിയ റോള്‍, ബിജെഡി അതിജീവിക്കുമോ?

എന്നല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയുടെ ട്രെന്റ് വേറേയാണെന്നും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എഎപി വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതിന് ശേഷം 2014-ലും 2019-ലും നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പികളിലും സമാനമായ സാഹചര്യമായിരുന്നു എന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിസന്ധികള്‍ പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതാകും അരവിനദ് കെജ്‌രിവാളിന്റെ പ്രാഥമിക അജണ്ട. തിനെല്ലാം അപ്പുറത്ത് എഎപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമാണ്.

കുടിവെള്ളം മുട്ടി ജനങ്ങള്‍; തിരിച്ചടി ഭയന്ന് എഎപി

മൂന്നാഴ്ചയോളമായി ഡല്‍ഹിയില്‍ കനത്ത കുടിവെള്ള ക്ഷാമമാണ്. വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുമായി എഎപി സര്‍ക്കാര്‍ ഏറ്റുമുട്ടലിലാണ്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനേയും എഎപി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് മന്ത്രി അതിഷി ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്.

വെള്ളം കിട്ടാതെ ജനങ്ങള്‍, തോല്‍വിയില്‍ ആടിയുലഞ്ഞ് പാർട്ടി; കെജ്‌രിവാൾ ഇന്ന് പുറത്തേക്ക്, കാത്തിരിക്കുന്നത് വെല്ലുവിളികൾ
ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി

ദാഹജലം കിട്ടാതെ, ജനങ്ങള്‍ ടാങ്കര്‍ ലോറികള്‍ അക്രമിക്കുന്ന സ്ഥിതിയുണ്ടായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. മാത്രവുമല്ല സഹായിക്കുന്നതിന് പകരം, വിഷയം ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ പ്രതീഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും ജല ബോര്‍ഡ് ഓഫീസ് അടിച്ചു തകര്‍ക്കുന്നതിലേക്കും കാര്യങ്ങള്‍ നീണ്ടു.

വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലുണ്ടായതോടെയാണ് എഎപിക്ക് കുറച്ചെങ്കിലും സമാധാനിക്കാനുള്ള അവസരമൊരുങ്ങിയത്. കൂടുതല്‍ വെള്ളം നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിനോടും വെള്ളം നല്‍കുന്നത് തടയരുതെന്ന് ഹരിയാനയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. വെള്ളത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും കോടതി വ്യക്തമാക്കി. ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗവുമാണ് ഡല്‍ഹിയില്‍ അസാധാരണ കുടിവെള്ള ക്ഷാമമുണ്ടായത്. ഹരിയാനയില്‍ നിന്ന് വെള്ളം എത്തിയില്ലെങ്കില്‍ ഡല്‍ഹിയിലെ ജലസംഭരണികള്‍ വറ്റുമെന്ന് മന്ത്രി അതിഷി സിങ് നേരത്തെ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. അഴിമതി ആരോപണവും ജയില്‍ വാസവും പ്രതിച്ഛായ നഷ്ടപ്പെടുത്തിയതിന് പിന്നാലെ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കുടിവെള്ള ക്ഷാമം പോലെ രൂക്ഷമായ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എഎപി കണക്കുകൂട്ടുന്നു. ഈ രണ്ടു വിഷയങ്ങളിലും പരിഹാരമുണ്ടാക്കുക എന്നതാണ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രാഥമിക അജണ്ട.

logo
The Fourth
www.thefourthnews.in